മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ അപ്രതീക്ഷിതമായ ഒരു പരാജയമായിരുന്നു രാജസ്ഥാനെ തേടിയെത്തിയത്. മത്സരത്തിൽ 212 എന്ന കൂറ്റൻ സ്കോർ നേടിയിട്ടും മുംബൈ ഇന്ത്യൻസ് ബാറ്റർമാരെ പിടിച്ചു കെട്ടാൻ രാജസ്ഥാന് സാധിച്ചില്ല. മത്സരത്തിൽ 6 വിക്കറ്റുകളുടെ വിജയമായിരുന്നു മുംബൈ നേടിയത്. സൂര്യകുമാർ യാദവിന്റെയും ടിം ഡേവിഡിന്റെയും വെടിക്കെട്ട് ബാറ്റിംഗിന്റെ ബലത്തിലായിരുന്നു മുംബൈ ഇത്രയും വലിയ സ്കോർ ചെയ്സ് ചെയ്തത്. മത്സരത്തിലെ രാജസ്ഥാന്റെ പരാജയ കാരണം വിശദീകരിച്ചുകൊണ്ട് സഞ്ജു സാംസൺ മത്സരശേഷം സംസാരിക്കുകയുണ്ടായി.
പ്രധാനമായും രാജസ്ഥാന്റെ പരാജയത്തിന് കാരണമായത് രണ്ടു കാര്യങ്ങളാണ് എന്നാണ് സഞ്ജു പറയുന്നത്. “സൂര്യകുമാർ യാദവിന്റെ വിക്കറ്റ് വീണതോടെ കളി ഞങ്ങളുടെ കൈ പിടിയിലായി എന്നാണ് കരുതിയത്. എന്നാൽ ടിം ഡേവിഡ് ഒരുഗ്രൻ ബാറ്റിംഗ് പ്രകടനം തന്നെ മത്സരത്തിൽ കാഴ്ചവച്ചു. അയാളുടെ ഇന്നിംഗ്സ് ഒരു സ്പെഷ്യൽ തന്നെയായിരുന്നു. മാത്രമല്ല ഞങ്ങളുടെ തോൽവിക്ക് കാരണമായ മറ്റൊരു കാര്യം കൂടിയുണ്ട്. രാജസ്ഥാന്റെ ബോളിംഗ് സമയത്ത് പിച്ചിൽ ഒരുപാട് ഈർപ്പം ഉണ്ടായിരുന്നു.”- സഞ്ജു സാംസൺ പറഞ്ഞു.
“പിച്ചിൽ ഈർപ്പം അനുഭവപ്പെട്ടതോടെ ഞങ്ങളുടെ ബോളർമാർ കൃത്യതയോടെ പന്തറിയാൻ ബുദ്ധിമുട്ടി. എന്നിരുന്നാലും എല്ലാ സാഹചര്യങ്ങളിലും പന്തെറിഞ്ഞും ബാറ്റ് ചെയ്തും നമ്മൾ വിജയങ്ങൾ കയ്യടക്കേണ്ടതുണ്ട്. അത്തരത്തിൽ ചിന്തിക്കാൻ ഈ മത്സരം സഹായകരമായി മാറും എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. പല സമയത്തും വിജയത്തിനടുത്ത് എത്തിയിട്ടാണ് മത്സരങ്ങൾ ഞങ്ങളുടെ കൈവിട്ടു പോകുന്നത്. ജെയിസ്വാൾ മത്സരത്തിൽ ഒരു തകർപ്പൻ സെഞ്ചുറി നേടിയിരുന്നു. അവനിൽ നിന്ന് ആ സെഞ്ചുറി ഞാൻ പ്രതീക്ഷിച്ചിരുന്നു.”- സഞ്ജു സാംസൺ കൂട്ടിച്ചേർത്തു.
മത്സരത്തിന്റെ അവസാന ഓവറിൽ 17 റൺസായിരുന്നു മുംബൈ ഇന്ത്യൻസിന് ആവശ്യമായുള്ളത്. എന്നാൽ ജയ്സൺ ഹോൾഡറെ ആദ്യ മൂന്ന് പന്തിൽ സിക്സറിന് തൂക്കി മുംബൈ ഇന്ത്യൻസ് വിജയത്തിലെത്തിക്കുകയാണ് ഉണ്ടായത്. എന്നിരുന്നാലും പോയിന്റ്സ് ടേബിളിൽ മൂന്നാം സ്ഥാനത്ത് തന്നെ രാജസ്ഥാൻ റോയൽസ് നിലനിൽക്കുകയാണ്. വരുന്ന മത്സരങ്ങളിൽ വലിയ വിജയങ്ങൾ നേടി എത്രയും പെട്ടെന്ന് പ്ലേയൊഫ് ഉറപ്പിക്കാനാവും രാജസ്ഥാൻ ഇനി ശ്രമിക്കുക.