ചെന്നൈയെ വട്ടംകറക്കിയത് സഞ്ജുവിന്റെ 2 മാസ്റ്റർപ്ലാനുകൾ. ധോണി സ്വപ്നത്തിൽ പോലും കരുതിയില്ല.

ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ രണ്ടാം മത്സരത്തിൽ വിജയം നേടിയതോടെ രാജസ്ഥാൻ റോയൽസിന്റെ ശക്തി വീണ്ടും തെളിഞ്ഞിരിക്കുകയാണ്. മൈതാനത്തെ ബുദ്ധി രാക്ഷസനായ മഹേന്ദ്ര സിംഗ് ധോണിയുടെ ടീമിനെ തുടർച്ചയായി രണ്ടാം തവണ തോൽപ്പിച്ച് സഞ്ജു തന്റെ വരവ് അറിയിച്ചിരിക്കുന്നു. മത്സരത്തിൽ 32 റൺസിന്റെ വിജയമാണ് രാജസ്ഥാൻ സ്വന്തമാക്കിയത്. മത്സരത്തിൽ നിർണായകമായ ബോളിംഗ് ചെയ്ഞ്ചുകൾ തന്നെയായിരുന്നു സഞ്ജു സാംസൺ നടത്തിയത്. അതിനാൽതന്നെ എന്തുകൊണ്ടും സഞ്ജുവിന്റെ മാസ്റ്റർ പ്ലാനാണ് മത്സരത്തിൽ ഫലപ്രദമായത് എന്ന് പറയാൻ സാധിക്കും. ഇതിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു പതിനഞ്ചാം ഓവറിൽ ആദം സാമ്പയെ ബോൾ ഏൽപ്പിക്കാനുള്ള സഞ്ജുവിന്റെ തീരുമാനം.

മത്സരത്തിൽ വമ്പൻ സ്കോർ ചെയ്സ് ചെയ്തിറങ്ങിയ ചെന്നൈ സൂപ്പർ കിംഗ്സിന് അത്ര മികച്ച തുടക്കമായിരുന്നില്ല ലഭിച്ചത്. പവർപ്ലെയിൽ കേവലം 42 റൺസ് മാത്രം നേടാനെ ചെന്നൈയ്ക്ക് സാധിച്ചുള്ളൂ. എന്നാൽ പിന്നീട് പന്ത്രണ്ടാം ഓവറിനു ശേഷം ചെന്നൈ ബാറ്റർമാർ ആക്രമണം അഴിച്ചുവിടുകയായിരുന്നു. മോയിൻ അലിയും ശിവം ദുബയും രാജസ്ഥാൻ ബോളന്മാരെ തലങ്ങും വിലങ്ങും പ്രഹരിച്ചു. അതിനുശേഷമായിരുന്നു പതിനഞ്ചാം ഓവർ ആദം സാമ്പയെ ഏൽപ്പിക്കാൻ സഞ്ജു തീരുമാനിച്ചത്. തന്റെ അൾട്ടിമേറ്റ് സ്പിന്നറായ രവിചന്ദ്രൻ അശ്വിന്റെ ഓവറുകൾ സഞ്ജു അതിനുമുമ്പ് തന്നെ പൂർത്തിയാക്കിയിരുന്നു. പൂർണ്ണമായും ആദം സാമ്പയെ വിശ്വസിക്കുക എന്നത് മാത്രമാണ് സഞ്ജു അവിടെ ചെയ്തത്. സാമ്പ ആ വിശ്വാസം കാത്തു. പതിനഞ്ചാം ഓവറിൽ അപകടകാരിയായ മോയിൻ അലിയെ പുറത്താക്കാൻ സാമ്പയ്ക്ക് സാധിച്ചു.

ezgif 2 a923cff7fa

ശേഷം പതിനാറാം ഓവറിൽ ജയ്സൺ ഹോൾഡറെ സഞ്ജു പന്തേൽപ്പിക്കും എന്നാണ് എല്ലാവരും കരുതിയത്. എന്നാൽ അവിടെയും സഞ്ജു ഒരു മാസ്റ്റർ പ്ലാൻ നടത്തി. പതിനാറാം ഓവറിൽ സഞ്ജു സന്ദീപ് ശർമ്മയ്ക്ക് ബോൾ നൽകി. സന്ദീപ് ശർമ്മ ഓവറിൽ കൃത്യമായ യോർക്കറുകൾ തന്നെ എറിയുകയുണ്ടായി. ഒരു വമ്പൻ റൺ റേറ്റ് തന്നെ ചെന്നൈയ്ക്ക് ആ സമയത്ത് ആവശ്യമായിരുന്നു. പക്ഷേ പതിനാറാം ഓവറിൽ കേവലം 4 റൺസ് മാത്രമാണ് സന്ദീപ് ശർമ വിട്ടു നൽകിയത്. ഇതോടെ ചെന്നൈയുടെ സമ്മർദ്ദം വർധിക്കാൻ കാരണമായി.

പിന്നീട് അടുത്ത ഓവർ ജയ്സൺ ഹോൾഡർക്ക് നൽകി. എന്നാൽ മത്സരം അവസാന ഓവറിലേക്ക് എത്തരുത് എന്ന് സഞ്ജുവിന് നിർബന്ധമുണ്ടായിരുന്നു. അതിനാൽ തന്നെ പതിനെട്ടാം ഓവർ സന്ദീപ് ശർമ്മയ്ക്ക് വീണ്ടും സഞ്ജു നൽകുകയുണ്ടായി. ഇതോടെ മത്സരം ഏകദേശം രാജസ്ഥാന്റെ കൈ പിടിയിൽ ഒതുങ്ങുകയായിരുന്നു. സഞ്ജുവിന്റെ ഈ തന്ത്രങ്ങളാണ് മത്സരത്തിൽ രാജസ്ഥാന് വിജയം നൽകിയത്. ഇത്തരത്തിൽ വരും മത്സരങ്ങളിലും തന്ത്രങ്ങൾ മെനഞ്ഞാല്‍ മാത്രമേ രാജസ്ഥാന് സുഗമമായി പ്ലേയോഫിലെത്താൻ സാധിക്കുകയുള്ളൂ.

Previous articleപ്രതിരോധം നിർത്തി , ഇനി ഞങ്ങൾ ആക്രമിച്ചു തന്നെ കളിക്കും. പ്ലാൻ വ്യക്തമാക്കി സഞ്ജു!!
Next articleസഞ്ജുവിന് ടീമാണ് വലുത്, തെല്ലും സ്വാർത്ഥതയില്ല. പ്രശംസയുമായി കുമാർ സംഗക്കാര.