ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ ഒരു ഉഗ്രൻ വിജയം തന്നെയായിരുന്നു രാജസ്ഥാൻ സ്വന്തമാക്കിയത്. മത്സരത്തിൽ ടോസ് നെടി ബാറ്റിംഗ് ആരംഭിച്ച രാജസ്ഥാൻ സ്കോർബോർഡിൽ ചേർത്തത് 200 റൺസ് ആയിരുന്നു. ആദ്യമായിയാണ് ജയ്പൂരിൽ ഒരു ടീം 200 റൺസ് നേടുന്നത്. ശേഷം ചെന്നൈ സൂപ്പർ കിങ്സിനെ എറിഞ്ഞിടാൻ രാജസ്ഥാന് സാധിച്ചു. മത്സരത്തിൽ 32 റൺസിനായിരുന്നു രാജസ്ഥാൻ വിജയം കണ്ടത്. രാജസ്ഥാനായി ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചത് ഓപ്പണർ ജെയിസ്വാൾ ആയിരുന്നു. ജെയിസ്വാൾ മത്സരത്തിൽ 43 പന്തുകളിൽ 77 റൺസാണ് നേടിയത്. വിജയത്തിൽ പൂർണമായും സഹായകരമായി മാറിയത് രാജസ്ഥാന്റെ ആക്രമണപരമായ മനോഭാവമായിരുന്നു. ഇതിനെപ്പറ്റി മത്സരത്തിനു ശേഷം സഞ്ജു സാംസൺ സംസാരിക്കുകയുണ്ടായി.
എതിർ ടീമിനെ അങ്ങേയറ്റം അറ്റാക്ക് ചെയ്തു കളിക്കുക എന്ന മനോഭാവമാണ് തങ്ങൾ ഡ്രസ്സിങ് റൂമിൽ പോലും ചർച്ചചെയ്യുന്നത് എന്നായിരുന്നു സഞ്ജു സാംസൺ പറഞ്ഞത്. “രാജസ്ഥാൻ ടീമിനും ഡഗ്ഔട്ടിനും ആവശ്യമായിരുന്നത് ഇത്തരം ഒരു വിജയം തന്നെയായിരുന്നു. ജെയ്സ്വാളും ദേവദത്തും ജുറലും മത്സരത്തിൽ ബാറ്റ് ചെയ്ത രീതി അവിസ്മരണീയമായിരുന്നു. ഇത്തരം യുവതാരങ്ങൾ മുൻപിലേക്ക് വരേണ്ടത് ടീമിന് അത്യാവശ്യമാണ്. കൂടുതൽ കൂടുതൽ ആക്രമിക്കാനുള്ള മനോഭാവത്തെയാണ് ഞങ്ങൾ ഡ്രസ്സിങ് റൂമിലും പ്രചോദിപ്പിക്കുന്നത്.”- സഞ്ജു സാംസൺ പറഞ്ഞു.
ഇതോടൊപ്പം മത്സരത്തിൽ ജെയ്സ്വാളിന്റെ ഇന്നിങ്സിനെ പറ്റിയും സഞ്ജു സംസാരിക്കുകയുണ്ടായി. ജെയ്സ്വാളിനായി ടീം മാനേജ്മെന്റ് ഒന്നടങ്കം പ്രവർത്തിച്ചു എന്ന് സഞ്ജു പറയുന്നു. “ജെയിസ്വാളിന്റെ ഇന്നിങ്സിൽ ഏറ്റവുമധികം ക്രെഡിറ്റ് അർഹിക്കുന്നത് ടീം മാനേജ്മെന്റും സപ്പോർട്ടിംഗ് സ്റ്റാഫുമാണ്. ജെയ്സ്വാളിനൊപ്പം അവർ അങ്ങേയറ്റം കഠിനപ്രയത്നത്തിൽ ഏർപ്പെട്ടിരുന്നു. അവന്റെ വിജയത്തിൽ അവർക്ക് വലിയൊരു പങ്കു തന്നെയുണ്ട്. ജെയ്സ്വാൾ കളിച്ച രീതിയിൽ ഞങ്ങൾക്ക് വലിയ അഭിമാനമുണ്ട്.”- സഞ്ജു സാംസൺ കൂട്ടിച്ചേർത്തു.
മത്സരത്തിൽ രാജസ്ഥാൻ റോയൽസിന്റെ ആധിപത്യം തന്നെയായിരുന്നു കാണാൻ സാധിച്ചത്. ആദ്യ ഇന്നിങ്സിൽ 200 റൺസ് നേടിയ രാജസ്ഥാൻ രണ്ടാം ഇന്നിങ്സിൽ മികച്ച ബോളിംഗ് പ്രകടനം തന്നെ കാഴ്ചവച്ചു. ചെന്നൈ ഇന്നിങ്സിന്റെ ആദ്യ ബോൾ മുതൽ വളരെ കൃത്യതയോടെയാണ് ബോളർമാർ പന്തറിഞ്ഞത്. ചെന്നൈയുടെ അപകടകാരികളായ ഓപ്പണർ ബാറ്റർമാർക്കടക്കം രാജസ്ഥാനെ അടിച്ചു തൂക്കുന്നതിൽ വിജയം കാണാൻ സാധിച്ചില്ല. മത്സരത്തിൽ 32 റൺസിന്റെ പരാജയമായിരുന്നു ചെന്നൈ ഏറ്റുവാങ്ങിയത്.