ഇന്ത്യൻ പ്രീമിയർ ലീഗിൽ തുടർച്ചയായി മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കുന്ന ബോളറാണ് ബാംഗ്ലൂർ താരം മുഹമ്മദ് സിറാജ്. 2022 ഇന്ത്യൻ പ്രീമിയർ ലീഗിന് മുന്നോടിയായുള്ള മെഗാ ലേലത്തിൽ മുഹമ്മദ് സിറാജിനെ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് നിലനിർത്തുകയായിരുന്നു. ശേഷം ബാംഗ്ലൂരിനായി സിറാജ് തീ തുപ്പുന്നതാണ് കണ്ടത്. ഇതുവരെ 2023 ഇന്ത്യൻ പ്രീമിയർ ലീഗിൽ 9 മത്സരങ്ങളിൽ നിന്ന് 15 വിക്കറ്റുകൾ മുഹമ്മദ് സിറാജ് നേടിയിട്ടുണ്ട്. ഇതിൽ 8 വിക്കറ്റുകളും പിറന്നിരിക്കുന്നത് പവർപ്ലേ ഓവറുകളിൽ തന്നെയാണ്. ഈ സാഹചര്യത്തിൽ മുഹമ്മദ് സിറാജിന്റെ പ്രകടനം ഇന്ത്യൻ ടീമിന് എത്രമാത്രം ഗുണകരമായി മാറും എന്ന് സംസാരിക്കുകയാണ് മുൻ ഇന്ത്യൻ പേസർ ആർപി സിംഗ്.
“കുറച്ചധികം കാലമായി ഞാൻ സിറാജിനെ പിന്തുടരുന്നുണ്ട്. അദ്ദേഹം ഇന്ത്യൻ ടീമിൽ ചേർന്ന സമയത്ത് അദ്ദേഹത്തിന്റെ ഗ്രാഫ് വളരെ ഉയർന്ന നിലയിലായിരുന്നു. എന്നാൽ ശേഷം അത് പതിയെ താഴേക്ക് പോകാൻ തുടങ്ങി. പക്ഷേ ഇപ്പോൾ അയാൾ മികച്ച രീതിയിൽ കഠിനപ്രയത്നങ്ങളിൽ ഏർപ്പെടുകയും, തന്റെ ഫിറ്റ്നസ് സംരക്ഷിക്കുകയും ചെയ്യുന്നുണ്ട്. മാത്രമല്ല ബോളിങ്ങിൽ ഒരുപാട് മെച്ചമുണ്ടാക്കാനും സിറാജിന് സാധിച്ചിട്ടുണ്ട്. തന്റെ ബോളിംഗ് ടെക്നിക്കുകളിൽ സിറാജ് ഒരുപാട് ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. കൈക്കുഴയുടെ പൊസിഷനിങ്ങിലും ഫോളോ ത്രൂയിലുമൊക്കെ സിറാജിന് മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. അതുകൊണ്ടു തന്നെയാണ് അയാൾക്ക് 2023 ഇന്ത്യൻ പ്രീമിയർ ലീഗിൽ മികച്ച ബൗൺസ് ലഭിക്കുകയും, സ്റ്റമ്പ് ടു സ്റ്റമ്പ് പന്തറിയാൻ സാധിക്കുകയും ചെയ്യുന്നത്.”- ആർപി സിംഗ് പറഞ്ഞു.
ഇതോടൊപ്പം സിറാജിന്റെ പ്രകടനം രോഹിത് ശർമയ്ക്കും രാഹുൽ ദ്രാവിഡിനും ഒരുപാട് ഗുണങ്ങൾ ഉണ്ടാക്കുന്നുണ്ട് എന്നും ആർ പി സിങ് പറയുകയുണ്ടായി. പരിക്കിൽ അകപ്പെട്ട ബൂമ്രയ്ക്ക് പകരക്കാരനായി സിറാജിനെ പരിഗണിക്കാമെന്നാണ് ആർ പി സിങ്ങ് കരുതുന്നത്. “തീർച്ചയായും ബൂറയ്ക്ക് പകരക്കാരനായി സിറാജിനെ നമുക്ക് കരുതാൻ സാധിക്കും. മാത്രമല്ല അയാളുടെ ഗ്രാഫ് ഇത്തരത്തിൽ ഇനിയും ഉയരുകയാണെങ്കിൽ നമുക്ക് ലഭിക്കുന്നത് മറ്റൊരു മുഹമ്മദ് ഷാമിയെ ആയിരിക്കും.”- ആർ പി സിങ്ങ് കൂട്ടിച്ചേർക്കുന്നു.
ഇന്ത്യൻ പ്രീമിയർ ലീഗിൽ മാത്രമല്ല അന്താരാഷ്ട്ര ക്രിക്കറ്റിലും മികച്ച പ്രകടനങ്ങൾ 2022ൽ സിറാജ് കാഴ്ചവെച്ചിരുന്നു. ഇന്ത്യക്കായി 2022 ജൂലൈയ്ക്ക് ശേഷം 20 ഏകദിന മത്സരങ്ങൾ കളിച്ച സിറാജ് 38 വിക്കറ്റുകളാണ് നേടിയിട്ടുള്ളത്. 19.24 ആണ് സിറാജിന്റെ ശരാശരി. സിറാജ് ഈ ഫോം ഇനിയും തുടരുകയാണെങ്കിൽ 2023ലെ ഏകദിന ലോകകപ്പിൽ ഇന്ത്യയ്ക്ക് ലഭിക്കാൻ പോകുന്ന ഏറ്റവും വലിയ മേൽക്കോയ്മയായി അത് മാറിയേക്കാം. എന്തായാലും സിറാജിന്റെ പ്രകടനം ഇന്ത്യയ്ക്ക് വലിയ ആശ്വാസം നൽകുന്നു.