സഞ്ജുവിന് പണി കൊടുത്ത് പഞ്ചാബ് താരം. ഇനി ലോകകപ്പ് ടീമിൽ കളിക്കാൻ ബുദ്ധിമുട്ടും.

sanju sad ipl 2023

2023 ഇന്ത്യൻ പ്രീമിയർ ലീഗിൽ നായകൻ എന്ന നിലയിൽ മികച്ച പ്രകടനം തന്നെയാണ് സഞ്ജു സാസൺ കാഴ്ചവയ്ക്കുന്നത്. രാജസ്ഥാൻ റോയൽസിനെ പോയ്ന്റ്സ് ടേബിളിൽ മുകളിലേക്ക് എത്തിക്കാൻ സഞ്ജുവിന് സാധിച്ചിട്ടുണ്ട്. പക്ഷേ ബാറ്റിംഗിൽ സഞ്ജു ഇപ്പോഴും അസ്ഥിരമായ പ്രകടനങ്ങൾ കാഴ്ചവയ്ക്കുകയാണ്. ടൂർണമെന്റിന്റെ ആദ്യഘട്ടത്തിൽ മികച്ച തുടക്കം ലഭിച്ചിട്ടും അത് മുതലെടുക്കാൻ സഞ്ജുവിന് സാധിച്ചിട്ടില്ല. അതിനാൽതന്നെ 2023 ഏകദിന ലോകകപ്പിലേക്കുള്ള ഇന്ത്യൻ സ്ക്വാഡിൽ സഞ്ജുവിന് സ്ഥാനം ലഭിക്കുമൊ എന്ന കാര്യം ഇപ്പോഴും വ്യക്തമല്ല. മാത്രമല്ല ഇപ്പോൾ സഞ്ജുവിന് തലവേദനയായി മറ്റൊരു താരം കൂടി ഉദിച്ചുയരുകയാണ്. പഞ്ചാബ് കിംഗ്സിന്റെ ബാറ്റർ ജിതേഷ് ശർമ.

2023ലെ ഐപിഎല്ലിൽ പഞ്ചാബിനായി ഇതുവരെ തകർപ്പൻ പ്രകടനങ്ങൾ തന്നെയാണ് ജിതേഷ് കാഴ്ച വെച്ചിട്ടുള്ളത്. ശിഖർ ധവാൻ നായകനായുള്ള ടീമിന്റെ മധ്യനിരയിൽ കാവലാളായി ജിതേഷ് തകർത്താടുന്നു. സാധാരണ ബാറ്റർമാരെ പോലെ ക്രീസിൽ ഉറച്ചശേഷം അടിച്ചു തകർക്കുക എന്നതല്ല ജിതേഷിന്റെ ശീലം. നേരിടുന്ന ആദ്യ ബോൾ മുതൽ ബൗണ്ടറി കടത്താൻ കെൽപ്പുള്ള ബാറ്ററാണ് ജിതേഷ് ശർമ. അതിനാൽ തന്നെ ഇന്ത്യയുടെ ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 പരമ്പരയിൽ സഞ്ജു സാംസന് പകരം ജിതേഷ് ശർമയെ സ്ക്വാഡിൽ ഉൾപ്പെടുത്തിയിരുന്നു. നിലവിൽ സഞ്ജു സാംസൺ മോശം ബാറ്റിംഗ് പ്രകടനങ്ങൾ തുടരുകയും ജിതേഷ് ശർമ മികച്ച പ്രകടനങ്ങൾ ആവർത്തിക്കുകയും ചെയ്താൽ 2023ലെ ഏകദിന ലോകകപ്പിനുള്ള ടീമിലേക്ക് ജിതേഷ് എത്തിപ്പെടും എന്ന കാര്യത്തിൽ സംശയമില്ല.

Read Also -  2025 ലേലത്തിൽ ബാംഗ്ലൂർ ലക്ഷ്യം വയ്ക്കുന്ന കീപ്പർമാർ. ജിതേഷ് ശർമ അടക്കം 3 പേർ.

ജിതേഷിന്റെ ഈ മുൻപോട്ട് വരവ് സഞ്ജുവിനെ മാത്രമല്ല ബാധിച്ചിരിക്കുന്നത്. നിലവിലെ ഇന്ത്യയുടെ വിശ്വസ്തനായ വിക്കറ്റ് കീപ്പറായ ഇഷാൻ കിഷനെയും ബാധിച്ചിട്ടുണ്ട്. 2023 ഇന്ത്യൻ പ്രീമിയർ ലീഗിൽ അത്ര മികച്ച പ്രകടനമല്ല ഇഷാൻ കിഷനും കാഴ്ച വെച്ചിട്ടുള്ളത്. ഒന്ന് രണ്ട് ഇന്നിങ്സുകൾ ഒഴിച്ചു നിർത്തിയാൽ ഇഷാൻ കിഷാൻ ബുദ്ധിമുട്ടുന്നത് തന്നെയാണ് സീസണിൽ കാണാൻ സാധിച്ചത്. ഈ സാഹചര്യത്തിൽ ജിതേഷ് ലൈം ലൈറ്റിലേക്ക് വന്നത് ഇഷാനും ഭീഷണിയുണ്ടാക്കുന്നു. നിലവിലെ ഫോം കണക്കിലെടുക്കുമ്പോൾ റിഷഭ് പന്തിന് പകരം ടീമിലെത്താൻ എന്തുകൊണ്ടും യോഗ്യൻ തന്നെയാണ് ജിതേഷ് ശർമ.

ഇന്ത്യയിൽ നടക്കുന്ന ലോകകപ്പിൽ സഞ്ജു സാംസന് വലിയ അവസരങ്ങളായിരുന്നു മുൻപിലുണ്ടായിരുന്നത്. പന്തിന് പരിക്കേറ്റതിനാൽ തന്നെ ഇന്ത്യയുടെ ഒരു സ്ലോട്ട് ഒഴിഞ്ഞു കിടക്കുകയായിരുന്നു. മാത്രമല്ല നിലവിൽ രാഹുലും പരിക്കിന്റെ പിടിയിൽ തന്നെയാണ്. ഒപ്പം മധ്യനിരയിലെ ഇന്ത്യയുടെ വിശ്വസ്തനായ ശ്രേയസ് അയ്യരും പരിക്ക് മൂലം ടീമിൽ നിന്നും മാറി നിൽക്കുന്നു. ഈ അവസരങ്ങളിൽ മികച്ച പ്രകടനത്താൽ സഞ്ജു സാംസന് ലോകകപ്പിനുള്ള ടീമിലെത്താൻ സാധിക്കും എന്നത് വസ്തുതയായിരുന്നു. എന്നാൽ കഴിഞ്ഞ മത്സരങ്ങളിലെ അസ്ഥിരതയോടുള്ള പ്രകടനവും മറ്റു ബാറ്റർമാരുടെ ഇത്തരം കടന്നുവരവും സഞ്ജുവിനെ ബാധിച്ചേക്കാം. എന്തായാലും വരും മത്സരങ്ങളിൽ തകർപ്പൻ പ്രകടനങ്ങൾ കാഴ്ചവെച്ചാൽ മാത്രമേ സഞ്ജുവിനെ ഇന്ത്യൻ ടീമിൽ സ്ഥാനമുറപ്പിക്കാൻ സാധിക്കൂ.

Scroll to Top