2023 ഇന്ത്യൻ പ്രീമിയർ ലീഗിലെ 43 ആം മത്സരത്തിൽ കഴിഞ്ഞ വർഷത്തെ ഫൈനലിസ്റ്റുകളായ ഗുജറാത്ത് ടൈറ്റൻസ് രാജസ്ഥാൻ റോയൽസിനെയാണ് നേരിടുന്നത്. നിലവിൽ പോയിന്റ്സ് ടേബിളിൽ ഒന്നാം സ്ഥാനത്തുള്ള ഗുജറാത്ത് വളരെ സെറ്റിൽഡ് ആയ നിരയാണ്. മറുവശത്ത് രാജസ്ഥാൻ പോയ്ന്റ്സ് ടേബിളിന്റെ നാലാം സ്ഥാനത്ത് നിൽക്കുന്നു. ടീമിൽ ഒരുപാട് പ്രശ്നങ്ങൾ ഇപ്പോഴും രാജസ്ഥാനെ ബാധിക്കുന്നുണ്ട്. കഴിഞ്ഞ മത്സരത്തിലും പല ബാറ്റർമാരും വേണ്ടവിധത്തിൽ ശോഭിക്കാതിരുന്നത് രാജസ്ഥാനെ ബാധിച്ചിരുന്നു. എന്നാൽ ഇതൊക്കെയും മറികടന്ന് മത്സരത്തിൽ ഒരു വലിയ തിരിച്ചുവരവ് നടത്താനുള്ള ശ്രമത്തിലാണ് രാജസ്ഥാൻ.
ഓപ്പണർ ജോസ് ബട്ലറുടെ അസ്ഥിരതയാണ് രാജസ്ഥാൻ റോയൽസിനെ ഇപ്പോൾ ബാധിക്കുന്ന ഏറ്റവും വലിയ പ്രശ്നം. ആദ്യ മത്സരങ്ങളിൽ മികച്ച രീതിയിൽ തുടങ്ങിയെങ്കിലും കഴിഞ്ഞ മത്സരങ്ങളിൽ ജോസ് ബട്ലർ ബാറ്റിംഗിൽ പരാജയപ്പെടുകയായിരുന്നു. ഇതോടൊപ്പം നാലാം നമ്പരും രാജസ്ഥാന് തലവേദനയാകുന്നു. എന്നിരുന്നാലും കുറച്ചു പോസിറ്റീവുകൾ രാജസ്ഥാന് കഴിഞ്ഞ മത്സരങ്ങളിലൂടെ ലഭിച്ചിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ടത് യുവതാരം യെശസ്വി ജെയിസ്വാളിന്റെ ഫോമാണ്. കഴിഞ്ഞ മത്സരത്തിൽ 62 പന്തുകളിൽ 124 റൺസായിരുന്നു ജയിസ്വാൾ നേടിയത്. ഒപ്പം യുവതാരം ധ്രുവ ജൂറലും രാജസ്ഥാനായി മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കുന്നു. ഇത് രാജസ്ഥാന് ആശ്വാസം നൽകുന്നുണ്ട്.
ബോളിങ് നിരയിൽ സന്ദീപ് ശർമ തരക്കേടില്ലാത്ത പ്രകടനം രാജസ്ഥാനായി കാഴ്ചവച്ചിട്ടുണ്ട്. രവിചന്ദ്രൻ അശ്വിനും അധികം റൺസ് വഴങ്ങിക്കൊടുക്കാൻ തയ്യാറാവുന്നില്ല എന്നത് രാജസ്ഥാന് നല്ല സൂചനയാണ്. എന്നിരുന്നാലും ബോളിംഗിൽ ചില പ്രശ്നങ്ങൾ രാജസ്ഥാൻ നേരിടുന്നു. അവരുടെ സ്റ്റാർ സ്പിന്നർ ചഹൽ കഴിഞ്ഞ മത്സരങ്ങളിൽ നനഞ്ഞ പടക്കമായി മാറുകയായിരുന്നു. കഴിഞ്ഞ 5 മത്സരങ്ങളിൽ നിന്ന് കേവലം 2 വിക്കറ്റുകൾ മാത്രമാണ് ചാഹൽ നേടിയത്. മാത്രമല്ല കുറച്ചധികം റൺസും ചഹൽ വിട്ടുകൊടുക്കുകയുണ്ടായി. ഒപ്പം അവസാന മത്സരത്തിൽ ജയ്സൺ ഹോൾഡറെറിഞ്ഞ അവസാന ഓവർ വലിയ വിമർശനങ്ങൾക്ക് വഴി വെച്ചിരുന്നു. അതിനാൽ ജയ്സൺ ഹോൾഡറെ ഇനിയും രാജസ്ഥാൻ പരിഗണിക്കുമോ എന്നത് കണ്ടറിയണം.
മറുവശത്ത് ഗുജറാത്തിനെ സംബന്ധിച്ച് വളരെ ആശ്വാസകരമായ രീതിയിലാണ് സീസൺ മുന്നോട്ടുപോകുന്നത്. ബോളിങ്ങിലും ബാറ്റിങ്ങിനും കൃത്യമായ ആധിപത്യം പുലർത്താൻ ഗുജറാത്തിന് സാധിക്കുന്നുണ്ട്. എന്നാൽ കഴിഞ്ഞ മത്സരത്തിൽ ഡൽഹിയ്ക്കെതിരെ നേരിട്ട അപ്രതീക്ഷിതമായ പരാജയം ഗുജറാത്തിലെ ഒരടി പിന്നിലേക്ക് കൊണ്ടുപോയിട്ടുണ്ട് എന്നത് വ്യക്തമാണ്. മത്സരത്തിലുടനീളം ക്രീസിൽ തുടർന്നെങ്കിലും ഹർദിക്ക് പാണ്ട്യക്ക് ഗുജറാത്തിനെ വിജയത്തിലെത്തിക്കാൻ സാധിച്ചിരുന്നില്ല. മത്സരശേഷം പരാജയത്തിന്റെ പൂർണമായ ഉത്തരവാദിത്വം പാണ്ട്യ ഏറ്റെടുക്കുകയും ചെയ്തിരുന്നു. വൈകിട്ട് 7.30ന് ജയ്പൂരിലെ സവായ് മാൻസിംഗ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.