വീണ്ടും ഒരു അവസാന ഓവര്‍ പോരാട്ടം. കൈവിട്ട കളി തിരിച്ചുപിടിച്ച് കൊല്‍ക്കത്ത

ഹൈദരാബാദിനെതിരായ മത്സരത്തിൽ അത്യുഗ്രൻ വിജയം സ്വന്തമാക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. അവസാന ബോൾ വരെ ആവേശം നിലനിന്ന മത്സരത്തിൽ അഞ്ചു റൺസിന്റെ വിജയമാണ് കൊൽക്കത്ത സ്വന്തമാക്കിയത്. അവസാന ഓവറുകളിലെ ബോളർമാരുടെ മികച്ച പ്രകടനമാണ് കൊൽക്കത്തയെ വിജയത്തിലെത്തിച്ചത്. 9 റൺസായിരുന്നു ഹൈദരാബാദിന് ഇരുപതാം ഓവറിൽ വിജയിക്കാൻ വേണ്ടിയിരുന്നത്.എന്നാൽ ചക്രവർത്തിയുടെ സ്പിന്നിനു മുൻപിൽ ഹൈദരാബാദ് കീഴടങ്ങുകയായിരുന്നു. ഇതോടെ ഹൈദരാബാദിന്റെ പ്ലേ ഓഫ് സാധ്യതകൾക്ക് മങ്ങലേറ്റിട്ടുണ്ട്.

നിർണായകമായ മത്സരത്തിൽ ടോസ് നേടിയ കൊൽക്കത്ത ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച ഗുർബാസിനെ(0) കൊൽക്കത്തക്ക് തുടക്കത്തിൽ തന്നെ നഷ്ടമായി. പിന്നീട് മൂന്നാമനായിറങ്ങിയ വെങ്കിടേഷ് അയ്യരും പെട്ടെന്ന് കൂടാരം കയറിയതോടെ കൊൽക്കത്ത തകർന്നു വീഴുകയായിരുന്നു. പക്ഷേ നായകൻ നിതീഷ് റാണയും റിങ്കൂ സിങ്ങും ചേർന്ന് കൊൽക്കത്തയെ കൈപിടിച്ചു കയറ്റി. മത്സരത്തിൽ നിതീഷ് റാണ 31 പന്തുകളിൽ 42 റൺസാണ് നേടിയത്. റിങ്കു സിംഗ് 35 പന്തുകളിൽ 46 റൺസ് നേടി. ശേഷമെത്തിയ റസ്സലും മധ്യ ഓവറുകളിൽ അടിച്ചുതകർത്തു. മത്സരത്തിൽ 15 പന്തുകളിൽ 24 റൺസായിരുന്നു റസൽ നേടിയത്. എന്നാൽ ഇവർക്ക് ശേഷമെത്തിയ ബാറ്റർമാർ ക്രീസിൽ പരാജയപ്പെട്ടതോടെ കൊൽക്കത്ത പതറി. അവസാന ഓവറുകളിൽ മികച്ച ഒരു ഫിനിഷിംഗ് നടത്താൻ കൊൽക്കത്തയ്ക്ക് സാധിച്ചില്ല. അങ്ങനെ കൊൽക്കത്തയുടെ സ്കോർ 171 റൺസിൽ ഒതുങ്ങുകയായിരുന്നു.

IPL 2023 KKR VS SRH

മറുപടി ബാറ്റിങ്ങിൽ വളരെ മോശം തുടക്കം തന്നെയാണ് ഹൈദരാബാദിന് ലഭിച്ചത്. ആദ്യ ഓവറുകളിൽ ഹൈദരാബാദിന്റെ ബാറ്റർമാർ അടിച്ചു തകർക്കാൻ ശ്രമിച്ചെങ്കിലും തുടർച്ചയായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടമായിക്കൊണ്ടിരുന്നു. മത്സരത്തിൽ മായങ്ക് അഗർവാൾ 11 പന്തുകളിൽ 18 റൺസും, ത്രിപാതി 9 പന്തുകളിൽ 20 റൺസ് നേടി. എന്നാൽ പിന്നീടെത്തിയ ഹാരി ബ്രുക്ക് വീണ്ടും പൂജ്യനായി മടങ്ങിയപ്പോൾ ഹൈദരാബാദ് തകർന്നു വീഴുകുകയായിരുന്നു. കൊൽക്കത്ത അനായാസം വിജയത്തിലെത്തിയേക്കും എന്നുപോലും ഈ സമയത്ത് തോന്നുകയുണ്ടായി. പക്ഷേ ശേഷം ക്ലാസനും നായകൻ മാക്രവും ചേർന്ന് സൺറൈസേർസിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. ക്ലാസൺ മത്സരത്തിൽ 20 പന്തുകളിൽ 36 റൺസ് ആണ് നേടിയത്.

FvTLJ3paMAAEw6i

ക്ലാസൻ കൂടാരം കയറിയതിനു ശേഷം അബ്ദുൽ സമദിനെ കൂട്ടുപിടിച്ച് മാക്രം സൺറൈസേഴ്സ് വിജയത്തിലേക്ക് അടുപ്പിക്കുകയായിരുന്നു. മാക്രം മത്സരത്തിൽ 40 പന്തുകളിൽ 41 റൺസാണ് നേടിയത്. എന്നാൽ കൃത്യമായ സമയത്ത് മാക്രത്തെ കൂടാരം കയറ്റി കൊൽക്കത്ത മത്സരത്തിലേക്ക് തിരികെ വന്നു. അവസാന 2 ഓവറുകളിൽ 21 റൺസായിരുന്നു ഹൈദരാബാദിന് വിജയിക്കാൻ വേണ്ടിയിരുന്നത്. ശേഷം ഒരു തകർപ്പൻ ബോളിംഗ് പ്രകടനമാണ് കൊൽക്കത്ത കാഴ്ചവച്ചത്. അവസാന ഓവറിൽ ഹൈദരാബാദിന് വിജയിക്കാൻ വേണ്ടിയിരുന്നത് 9 റൺസ് ആയിരുന്നു. എന്നാൽ ഓവറിലെ മൂന്നാം പന്തിൽ അപകടകാരിയായ സമദിനെ ചക്രവർത്തി കൂടാരം കയറ്റി. ഇതോടെ മത്സരം കൊൽക്കത്തയുടെ ഭാഗത്തേക്ക് പൂർണമായും തിരിയുകയായിരുന്നു. അവസാന പന്തില്‍ സിക്സ് വേണമെന്ന നിലയില്‍ ഭുവനേശ്വര്‍ കുമാറിനു വരുണ്‍ ചക്രവര്‍ത്തിയുടെ പന്ത് ഗ്യാലറിയില്‍ എത്തിക്കാന്‍ കഴിഞ്ഞില്ലാ.