രാജസ്ഥാൻ റോയൽസിനെതിരെ ചരിത്ര വിജയം സ്വന്തമാക്കി മുംബൈ ഇന്ത്യൻസ്. രാജസ്ഥാൻ ഉയർത്തിയ 213 എന്ന വിജയലക്ഷ്യം മൂന്നു ബോളുകൾ ശേഷിക്കെ മുംബൈ മറികടക്കുകയായിരുന്നു. അവസാന ഓവറിൽ 17 റൺസ് ആയിരുന്നു മുംബൈയ്ക്ക് വിജയിക്കാൻ വേണ്ടിയിരുന്നത്. ജയ്സൺ ഹോൾഡറിന്റെ ഓവറിലെ ആദ്യ 3 പന്തുകളിലും ടിം ഡേവിഡ് സിക്സർ പറത്തുകയായിരുന്നു. ഇങ്ങനെ ത്രസിപ്പിക്കുന്ന ഒരു വിജയം തന്നെയാണ് മത്സരത്തിൽ മുംബൈ സ്വന്തമാക്കിയത്. ഈ വിജയം മുംബൈയ്ക്ക് ഒരുപാട് ആത്മവിശ്വാസം നൽകുന്നതാണ്.
നിർണായകമായ മത്സരത്തിൽ ടോസ് നേടിയ രാജസ്ഥാൻ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. വാങ്കഡെയിലെ ബാറ്റിംഗിന് അനുകൂലമായ പിച്ചിൽ ഓപ്പൺ ജെയിസ്വാൾ വളരെ മികച്ച രീതിയിൽ തന്നെയാണ് തുടങ്ങിയത്. മറുവശത്ത് വിക്കറ്റുകൾ നഷ്ടമാകുമ്പോഴും ഒരുവശത്ത് ജെയിസ്വാൾ ക്രീസിൽ ഉറച്ചുനിൽക്കുകയായിരുന്നു. ഒപ്പം മുംബൈ ബോളർമാർക്കുമേൽ താണ്ഡവമാടാൻ ജെയിസ്വാളിന് സാധിച്ചു. എന്നിരുന്നാലും മറ്റു ബാറ്റർമാർ 20 റൺസ് പോലും നേടാനാവാതെ കൂടാരം കയറിയത് രാജസ്ഥാനെ ബാധിക്കുകയുണ്ടായി. മത്സരത്തിൽ 62 പന്തുകളില്‍ 124 റൺസ് ആണ് നേടിയത്. ഇന്നിംഗ്സിൽ 16 ബൗണ്ടറികളും എട്ട് സിക്സറുകളും ഉൾപ്പെട്ടു. ജെയിസ്വാളിന്റെ ഒറ്റയാൾ പോരാട്ടത്തിന്റെ ബലത്തിൽ നിശ്ചിത 20 ഓവറുകളിൽ 212 റൺസ് രാജസ്ഥാൻ നേടുകയുണ്ടായി.
മറുപടി ബാറ്റിങ്ങിൽ ഞെട്ടിക്കുന്ന ഒരു തുടക്കം തന്നെയായിരുന്നു മുംബൈയ്ക്ക് ലഭിച്ചത്. അവരുടെ നായകൻ രോഹിത് ശർമയെ(3) തുടക്കത്തിൽ തന്നെ മുംബൈയ്ക്ക് നഷ്ടമായി. എന്നാൽ മൂന്നാമനായിറങ്ങിയ ക്യാമറോൺ ഗ്രീൻ ഇഷാൻ കിഷനെ കൂട്ടുപിടിച്ച് അടിച്ചു തകർക്കുന്നതാണ് കണ്ടത്. ഗ്രീൻ മത്സരത്തിൽ 26 പന്തുകളിൽ 44 റൺസ് നേടുകയുണ്ടായി. ഗ്രീനിന് ശേഷം ക്രീസിലെത്തിയ സൂര്യകുമാർ യാദവ് രാജസ്ഥാൻ ബോളർമാരെ തലങ്ങും വിലങ്ങും പ്രഹരിക്കുകയായിരുന്നു. അങ്ങനെ മത്സരത്തിൽ മുംബൈയ്ക്ക് മേൽക്കോയ്മ ലഭിക്കാൻ തുടങ്ങി.
പതിനാറാം ഓവറിൽ ഒരു തകർപ്പൻ ക്യാച്ചിലൂടെ സന്ദീപ് ശർമ സൂര്യകുമാർ യാദവിനെ മടക്കുകയുണ്ടായി. ഇതോടെ രാജസ്ഥാൻ മത്സരത്തിലേക്ക് തിരികെ എത്തുകയായിരുന്നു. സൂര്യകുമാർ മത്സരത്തിൽ 29 പന്തുകളിൽ 55 റൺസ് ആണ് നേടിയത്. പക്ഷേ അവസാന ഓവറുകളിൽ തിലക് വർമയും ടീം ഡേവിഡും റോയൽസ് ബോളർമാരെ കടന്നാക്രമിച്ചു. അവസാന ഓവറിൽ മുംബൈയ്ക്ക് വിജയിക്കാൻ വേണ്ടിയിരുന്നത് 17 റൺസ് ആയിരുന്നു. ഓവറിലെ ആദ്യ 3 പന്തുകലും ടിം ഡേവിഡ് സിക്സർ പറത്തുകയുണ്ടായി. ഇതോടെ മത്സരത്തിൽ മുംബൈ വിജയത്തിലെത്തുകയായിരുന്നു. ഡേവിഡ് മത്സരത്തിൽ 14 പന്തുകളിൽ 45 റൺസ് നേടി.