മുംബൈ ഇന്ത്യൻസിനെ മലർത്തിയടിച്ച് ലക്നൗ സൂപ്പർ ജയന്റ്സിന്റെ തേരോട്ടം. അത്യന്തം ആവേശകരമായ മത്സരത്തിൽ 5 റൺസിന്റെ വിജയമാണ് ലക്നൗ മുംബൈയിൽ നിന്ന് പിടിച്ചെടുത്തത്. മത്സരത്തിന്റെ ഭൂരിഭാഗം സമയത്തും മുംബൈ തന്നെയായിരുന്നു വിജയത്തിനടുത്ത് എത്തിയത്. എന്നാൽ അവസാന ഓവറുകളിലെ തകർപ്പൻ പ്രകടനമാണ് ലക്നൗവിന് രക്ഷയായത്. ലക്നൗവിനായി മർക്കസ് സ്റ്റോയിനിസ് ബാറ്റിംഗിൽ തിളങ്ങിയപ്പോൾ, അവസാന ഓവറിൽ മുഹ്സിൻ ഖാന്റെ ഒരു തകർപ്പൻ ബോളിംഗ് തന്നെയായിരുന്നു കാണാൻ സാധിച്ചത്. ഈ വിജയത്തോടെ ലക്നൗ പ്ലേയോഫിലേക്ക് അടുത്തിട്ടുണ്ട്.
മത്സരത്തിൽ ടോസ് നേടിയ മുംബൈ ഇന്ത്യൻസ് ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. പിച്ച് ആദ്യ ഓവറുകളിൽ ബോളിങ്ങിനെ അനുകൂലിച്ചതിനാൽ തന്നെ അത്ര മികച്ച തുടക്കമായിരുന്നില്ല ലക്നൗവിന് ലഭിച്ചത് ദീപക് ഹൂഡയുടേയും(5) മൻകാതിന്റെയും(0) വിക്കറ്റുകൾ ലക്നൗവിന് തുടക്കത്തിൽ തന്നെ നഷ്ടമായി. ശേഷം നാലാം വിക്കറ്റിൽ കൃനാൽ പാണ്ട്യയും സ്റ്റോയിനിസും ചേർന്ന് ഒരു തകർപ്പൻ കൂട്ടുകെട്ട് ലക്നൗവിന് സമ്മാനിക്കുകയായിരുന്നു. പാണ്ഡ്യ 42 പന്തുകളിൽ 49 റൺസ് ആണ് നേടിയത്. പാണ്ഡ്യ പുറത്തായ ശേഷവും സ്റ്റോയിനിസ് മത്സരത്തിൽ അടിച്ചു തൂക്കുകയുണ്ടായി. അവസാന ഓവറുകളിൽ മുംബൈ ഇന്ത്യൻസ് ബൗളർമാരെ പഞ്ഞിക്കിടാൻ സ്റ്റോയിനിസിന് സാധിച്ചു. മത്സരത്തിൽ സ്റ്റോയിനിസ് 47 പന്തുകളിൽ 89 റൺസാണ് നേടിയത്. നാലു ബൗണ്ടറുകളും എട്ട് സിക്സറുകളും സ്റ്റോയിനിസിന്റെ ഇന്നിംഗ്സിൽ ഉൾപ്പെട്ടു. മത്സരത്തിൽ നിശ്ചിത 20 ഓവറുകളിൽ 177 റൺസ് ആണ് ലക്നൗ നേടിയത്.
മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈയ്ക്ക് തകർപ്പൻ തുടക്കം തന്നെയാണ് ഇഷാനും രോഹിത് ശർമയും നൽകിയത്. ഇരുവരും ആദ്യ വിക്കറ്റിൽ തന്നെ 90 റൺസിന്റെ കൂട്ടുകെട്ട് കെട്ടിപ്പടുക്കുകയുണ്ടായി. പവർപ്ലേ ഓവറുകളിൽ മുംബൈക്കായി ഇരുവരും അടിച്ചു തകർത്തു. ഇഷാൻ കിഷൻ മത്സരത്തിൽ 39 പന്തുകളിൽ 8 ബൗണ്ടറികളും ഒരു സിക്സറുമടക്കം 59 റൺസാണ് നേടിയത്. 25 പന്തുകളിൽ ഒരു ബൗണ്ടറിയും 3 സിക്സറുമടക്കം 37 റൺസ് നേടിയ രോഹിത് ശർമ കിഷന് മികച്ച പിന്തുണ നൽകി. എന്നാൽ ഇരുവരെയും ചെറിയ ഇടവേളയിൽ നഷ്ടമായത് മുംബൈ ഇന്ത്യൻസിന്റെ സ്കോറിങ് പതിയെയാക്കി.
ശേഷമെത്തിയ സൂര്യകുമാർ യാദവും(7) വധീരയും(16) പെട്ടെന്നു മടങ്ങിയതോടെ മുംബൈ സമ്മർദ്ദത്തിലായി. ഇമ്പാക്ട് പ്ലെയറായി എത്തിയ വിഷ്ണു വിനോദും(2) ബാറ്റിംഗിൽ പരാജയപ്പെട്ടപ്പോൾ മുംബൈക്ക് അവസാന ഓവറുകളിൽ ഒരു വെടിക്കെട്ട് തന്നെ ആവശ്യമായി വന്നു. 19-ാം ഓവറില്‍ നവീന്‍ ഉള്‍ ഹഖിനെതിരെ 19 റണ്‍സ് നേടിയതോടെ അവസാന ആറ് പന്തില്‍ മുംബൈക്ക് ജയിക്കാന്‍ 11 റണ്‍സ്. എന്നാല്‍ മൊഹ്സീന്‍ ഖാന്‍റെ പേസിന് മുന്നില്‍ കാമറൂണ്‍ ഗ്രീനിനും (4) ടിം ഡേവിഡിനും (32) മത്സരം ജയിപ്പിക്കാനായില്ല. മത്സരത്തിൽ അഞ്ചു റൺസിന്റെ വിജയമാണ് ലക്നൗ സ്വന്തമാക്കിയത്.