2023 ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ആദ്യ ക്വാളിഫയറിൽ ചെന്നൈ സൂപ്പർ കിംഗ്സ് ഇന്ന് ഗുജറാത്ത് ടൈറ്റൻസിനെ നേരിടും. ടൂർണമെന്റിലെ തന്നെ ഏറ്റവും ശക്തരായ രണ്ട് ടീമുകൾ തമ്മിലാണ് ആദ്യ ക്വാളിഫയർ നടക്കുന്നത്. മത്സരത്തിൽ വിജയിക്കുന്ന ടീം നേരിട്ട് ഫൈനലിലേക്ക് യോഗ്യത നേടും. അതിനാൽ തന്നെ ഇരു ടീമുകളെ സംബന്ധിച്ചും വളരെ നിർണായകമായ മത്സരം തന്നെയാണ് ഇത്. സീസണിൽ കളിച്ച 14 മത്സരങ്ങളിൽ 10ലും വിജയം കണ്ടായിരുന്നു ഗുജറാത്ത് ക്വാളിഫയർ ഒന്നിലേക്ക് യോഗ്യത നേടിയത്. ചെന്നൈ സൂപ്പർ കിങ്സ് കളിച്ച 14 മത്സരങ്ങളിൽ 8ലും വിജയം കാണുകയുണ്ടായി.
എന്നിരുന്നാലും മറ്റു കണക്കുകൾ നോക്കുമ്പോൾ ചെന്നൈയുടെ മേൽ കൃത്യമായ ആധിപത്യം സ്ഥാപിക്കാൻ ഗുജറാത്തിന് സാധിച്ചിട്ടുണ്ട്. ഇതുവരെ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ മൂന്നു മത്സരങ്ങൾ കളിച്ച ഗുജറാത്ത് ടൈറ്റൻസ് മൂന്നെണ്ണത്തിനും വിജയം കാണുകയും ചെയ്തിട്ടുണ്ട്. നിലവിൽ ശക്തമായ ഇന്ത്യൻ നിരയാണ് ഗുജറാത്തിന്റെ ബലം. മറുവശത്ത് ചെന്നൈ സൂപ്പർ കിങ്സിനെ സംബന്ധിച്ച് ധോണി എന്ന നായകന്റെ തന്ത്രങ്ങളിലാണ് കൂടുതൽ വിശ്വാസം അർപ്പിക്കുന്നത്. എന്നിരുന്നാലും ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ മൈതാനത്തിന്റെ ആധിപത്യം ചെന്നൈ സൂപ്പർ കിങ്സിനൊപ്പമുണ്ട്.
ഈ സീസണിലെ ആദ്യ മത്സരത്തിൽ ചെന്നൈയ്ക്കെതിരെ ആയിരുന്നു ഗുജറാത്ത് കളിച്ചത്. മത്സരത്തിൽ ചെന്നൈ ഉയർത്തിയ 179 എന്ന വിജയലക്ഷം 19.2 ഓവറുകളിൽ 5 വിക്കറ്റ് നഷ്ടത്തിൽ ഗുജറാത്ത് പിന്തുടർന്ന് വിജയം കണ്ടിരുന്നു. അതിന്റെ ആത്മവിശ്വാസം എന്തായാലും ഗുജറാത്തിനൊപ്പം ഉണ്ടാവുമെന്ന് ഉറപ്പാണ്. മാത്രമല്ല ശുഭ്മാൻ ഗില്ലിന്റെ തകർപ്പൻ ഫോമും ഗുജറാത്തിന് പ്രതീക്ഷകൾ നൽകുന്നു. കഴിഞ്ഞ മത്സരത്തിൽ ബാംഗ്ലൂരിനെതിരെ ഒരു തകർപ്പൻ സെഞ്ചറി നേടാൻ ഗില്ലിന് സാധിച്ചിരുന്നു. ഒപ്പം മികച്ച സ്പിൻ വിഭാഗവും പേസ് ബോളിഗും ഗുജറാത്തിന്റെ ശക്തികളാണ്.
മറുവശത്ത് ചെന്നൈയെ സംബന്ധിച്ച് തങ്ങൾക്ക് ലഭ്യമായ സോഴ്സുകൾ കൃത്യമായി ഉപയോഗിക്കുന്നതിലാണ് കൂടുതൽ ശ്രദ്ധ ചെലുത്താറുള്ളത്. ബോളിഗ് നിരയിൽ അനുഭവസമ്പത്ത് കുറവുണ്ടെങ്കിലും അത് നല്ല രീതിയിൽ ക്രോഡീകരിക്കാൻ ചെന്നൈയ്ക്ക് സാധിച്ചിട്ടുണ്ട്. ബാറ്റിംഗിൽ എല്ലായിപ്പോഴും ചെന്നൈ മുൻപന്തിയിൽ തന്നെ നിൽക്കുന്നുണ്ട്. ഓപ്പണറായ കോൺവെ, ഋതുരാജ്, മധ്യനിരയിൽ ശിവം ദുബൈ, ധോണി തുടങ്ങിയവരെല്ലാവരും അവസരത്തിനൊത്ത് ഉയർന്നിട്ടുണ്ട്. ഈ പ്രകടനങ്ങൾ ആദ്യ ക്വാളിഫയറിലും ആവർത്തിക്കാനാണ് ചെന്നൈ ശ്രമിക്കുന്നത്. വൈകിട്ട് 7 30 മുതലാണ് മത്സരം ആരംഭിക്കുന്നത്.