കോഹ്ലി ബാംഗ്ലൂർ ടീമിൽ നിന്ന് മാറണം. ശക്തമായ ആവശ്യവുമായി മുൻ ഇംഗ്ലണ്ട് താരം.

virat kohli sad

ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും നിർഭാഗ്യവാനായ ക്രിക്കറ്ററാര് എന്ന ചോദ്യത്തിന് ഉത്തരം വിരാട് കോഹ്ലി എന്നുതന്നെയാണ്. എല്ലാ സീസണുകളിലും മികച്ച ബാറ്റിംഗ് പ്രകടനങ്ങൾ പുറത്തെടുത്തിട്ടും വിരാട് കോഹ്ലിക്ക് ഇതുവരെ ഒരു തവണ പോലും ഐപിഎൽ കിരീടത്തിൽ മുത്തമിടാൻ സാധിച്ചിട്ടില്ല. തന്റെ ആദ്യ സീസൺ മുതൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനായി മികച്ച പ്രകടനങ്ങൾ തന്നെയാണ് വിരാട് കാഴ്ചവെച്ചിട്ടുള്ളത്. 2023ലെ ഐപിഎല്ലിലും വിരാട് ഇത് ആവർത്തിക്കുകയുണ്ടായി. എന്നാൽ കോഹ്ലിയുടെ പ്രകടനത്തോട് യാതൊരു തരത്തിലും നീതിപുലർത്താൻ ബാംഗ്ലൂരിന് സാധിച്ചിട്ടില്ല. ഇത്തവണത്തെ ഐപിഎല്ലിലും പ്ലേയോഫ് കാണാതെ ബാംഗ്ലൂർ പുറത്തായിരിക്കുകയാണ്. ഈ സാഹചര്യത്തിൽ വിരാട് കോഹ്ലി ബാംഗ്ലൂർ ടീമിൽ നിന്നും മാറേണ്ടതുണ്ട് എന്നാണ് ഇംഗ്ലണ്ട് താരം കെവിൻ പീറ്റേഴ്സൺ പറയുന്നത്.

വിരാട് കോഹ്ലി ബാംഗ്ലൂർ ടീമിൽനിന്ന് മാറുകയും ഡൽഹി ക്യാപിറ്റൽസ് ടീമിൽ ചേക്കേറുകയും ചെയ്യണം എന്നാണ് തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ കെവിൻ പീറ്റേഴ്സൺ പറഞ്ഞിരിക്കുന്നത്. “വിരാട് കോഹ്ലി ക്യാപിറ്റൽ സിറ്റിയിലേക്ക് മാറേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു”- ഇതായിരുന്നു കെവിൻ പീറ്റേഴ്സന്റെ ട്വീറ്റ്. കോഹ്ലിയുടെ ഈ സീസണിലെ മികച്ച പ്രകടനം തന്നെയാണ് പീറ്റേഴ്സണിന്റെ പ്രസ്താവനയ്ക്കുള്ള കാരണം. ആദ്യ റൗണ്ടിലെ അവസാന മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ വിജയം നേടിയിരുന്നെങ്കിൽ ബാംഗ്ലൂരിന് പ്ലേയോഫിലെത്താൻ സാധിക്കുമായിരുന്നു. അവസാന മത്സരത്തിൽ ബാംഗ്ലൂരിനായി സെഞ്ച്വറി നേടാനും വിരാട് കോഹ്ലിക്ക് സാധിച്ചു. എന്നാൽ ഇതുകൊണ്ടും ബാംഗ്ലൂർ പ്ലേയോഫിൽ എത്തിയില്ല.

See also  ഫിനിഷിങ്ങുമായി റാഷിദ് ഖാന്റെ ഹീറോയിസം. സഞ്ജുപ്പടയെ തകർത്ത് ഗില്ലിന്റെ ഗുജറാത്ത്.
c1d63fd9 d029 43e8 8ad2 ba7085f8afec

സീസണിൽ 14 മത്സരങ്ങൾ കളിച്ച ബാംഗ്ലൂർ 7 വിജയങ്ങളും ഏഴ് പരാജയങ്ങളുമായി 14 പോയിന്റുകൾ ആയിരുന്നു നേടിയിരുന്നത്. അതിനാൽ തന്നെ പോയിന്റ്സ് ടേബിളിൽ ആറാം സ്ഥാനത്ത് ബാംഗ്ലൂരിന് ഫിനിഷ് ചെയ്യേണ്ടിവന്നു. മുൻനിരയിലെ രണ്ടു പ്രധാന ബാറ്റർമാരും നിറഞ്ഞാടിയ സീസണായിരുന്നു ബാംഗ്ലൂരിനെ സംബന്ധിച്ച് 2023. ഡുപ്ലസിസും കോഹ്ലിയും മികവാർന്ന പ്രകടനങ്ങൾ പുറത്തെടുത്തിട്ടും ബാംഗ്ലൂരിന് മെച്ചം ഉണ്ടാക്കാൻ സാധിച്ചില്ല.

നിലവിൽ ബാംഗ്ലൂർ ക്യാപ്റ്റൻ ഡൂപ്ലെസിസ് 14 മത്സരങ്ങളിൽ നിന്ന് 730 റൺസുമായി ഓറഞ്ച് ക്യാപ്പ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. വിരാട് കോഹ്ലി 14 മത്സരങ്ങളിൽ നിന്ന് 639 റൺസ് നേടി ടേബിളിൽ മൂന്നാം സ്ഥാനത്തും നിൽക്കുന്നു. മുൻനിര ബാറ്റർമാർ ഇത്ര മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടും ബാംഗ്ലൂരിന് പ്ലേയോഫിലെത്താൻ സാധിക്കാതെ വന്നത് നിരാശാജനകം തന്നെയാണ്. എന്നിരുന്നാലും അടുത്ത സീസണിൽ ശക്തമായി തന്നെ ബാംഗ്ലൂർ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

Scroll to Top