ലക്നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസിന്റെ ബാറ്റിംഗ് നിര ചീട്ടുകൊട്ടാരം പോലെ തകർന്നടിയുകയുണ്ടായി. ഇതിനുശേഷം വലിയ വിമർശനങ്ങളാണ് രാജസ്ഥാൻ ബാറ്റിംഗിനെതിരെ ഉയരുന്നത്. മത്സരത്തിൽ ആദ്യം ചെയ്ത ലക്നൗ 154 എന്ന സ്കോറായിരുന്നു നേടിയത്. ഈ ഐപിഎൽ സീസണിലെ ഏറ്റവും കുറഞ്ഞ സ്കോറുകളിൽ ഒന്നായിരുന്നു ഇത്. അതിനാൽതന്നെ രാജസ്ഥാൻ റോയൽസ് അനായാസം ഈ സ്കോർ പിന്തുടർന്ന് വിജയം കാണും എന്ന് എല്ലാവരും പ്രതീക്ഷിച്ചു. പക്ഷേ രാജസ്ഥാന്റെ ബാറ്റിംഗ് നിര അവസാന ഓവറുകളിൽ പരാജയപ്പെടുന്നതാണ് കാണാൻ സാധിച്ചത്. ഈ ബാറ്റിംഗ് പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ സഞ്ജു സാംസനെതിരെയും ടീമിലെ മറ്റു ബാറ്റർമാർക്കെതിരെയും വിമർശനവുമായി രംഗത്തെത്തിരിക്കുകയാണ് മുൻ ഇന്ത്യൻ താരം അമോൾ മുജുംദാർ.
രാജസ്ഥാൻ നിരയിൽ സാഹചര്യമനുസരിച്ച് കളിക്കാൻ സാധിക്കുന്ന ഒരു ബാറ്ററുടെ അഭാവം നിലനിൽക്കുന്നുണ്ട് എന്ന് മുജുംദാർ പറയുന്നു. സഞ്ജു സാംസന്റെയും മറ്റു രാജസ്ഥാൻ ബാറ്റർമാരുടെയും മനോഭാവത്തെപ്പറ്റിയും മുജുംദാർ സംസാരിച്ചു. “ഇതിനെ നമ്മൾ മസിൽ മെമ്മറി എന്നാണ് പറയുന്നത്. സഞ്ജു സാംസനെ പോലെയുള്ള ക്രിക്കറ്റർമാർ ബോൾ കാണുക, അടിച്ചകറ്റുക എന്ന തിയറിയിലാണ് വിശ്വസിക്കുന്നത്. അയാൾ അതിൽ നിന്നുണ്ടാകുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് ചിന്തിക്കാറില്ല. വളരെ ബുദ്ധിപരമായ രീതിയിൽ ബൗണ്ടറികളും സിക്സറുകളും നേടാൻ അയാൾക്ക് സാധിക്കാറുണ്ട്. അത്തരത്തിലാണ് ഈ മോഡേൺ ക്രിക്കറ്റർമാരൊക്കെയും കളിക്കുന്നത്.”- മുജുംദാർ പറഞ്ഞു.
“സഞ്ജു സാംസൺ, ജെയിസ്വാൾ, ദേവദത് പടിക്കൽ എന്നിവരൊക്കെയും ഈ രീതിയിലാണ് കളിക്കുന്നത്. രാജസ്ഥാൻ റോയൽസിന്റെ പ്രശ്നവും അതുതന്നെയാണ്. ഇത്തരത്തിലുള്ള പിച്ചുകളിൽ വ്യത്യസ്തമായ റോളിൽ സാഹചര്യം മനസ്സിലാക്കി കളിക്കാൻ സാധിക്കുന്ന ബാറ്റർമാർ രാജസ്ഥാൻ നിരയിലില്ല. കൃത്യമായ ഗ്യാപ്പുകൾ കണ്ടെത്തി പന്ത് അടിച്ച് റൺസ് ഓടിയേടുക്കാൻ സാധിക്കുന്നവർ ചുരുക്കമാണ്.”- മുജുംദാർ കൂട്ടിച്ചേർക്കുന്നു.
“മത്സരം നടന്ന സവായി മാൻസിംഗ് സ്റ്റേഡിയത്തിൽ സ്ക്വയർ ബൗണ്ടറികൾ വളരെ വലുതാണ്. അതിനാൽ തന്നെ ബാറ്റർമാർ കൃത്യമായ ഗ്യാപ്പ് കണ്ടെത്തി റൺസ് നേടാനാണ് ശ്രമിക്കേണ്ടത്. ആ രീതിയിൽ രാജസ്ഥാന് റൺസ് കണ്ടെത്താൻ സാധിച്ചില്ല. ഇത്തരം സ്റ്റേഡിയങ്ങളിൽ വമ്പനടികൾക്ക് മുതിരുമ്പോഴാണ് വിക്കറ്റുകൾ നഷ്ടമാകുന്നത്.”- മുജുംദാർ പറഞ്ഞുവയ്ക്കുന്നു. മത്സരത്തിൽ 10 റൺസിന്റെ വിജയമായിരുന്നു ലക്നൗ സൂപ്പർ ജെയന്റ്സ് നേടിയത്. എന്നിരുന്നാലും പോയിന്റ്സ് ടേബിളിൽ ഒന്നാം സ്ഥാനത്തു തന്നെയാണ് രാജസ്ഥാൻ.