മുംബൈ ഇന്ത്യൻസിനെ ചെപ്പോക്കിൽ തേച്ചൊട്ടിച്ച് ചെന്നൈ സൂപ്പർ കിംഗ്സ്. അഭിമാന പോരാട്ടത്തിൽ 6 വിക്കറ്റുകളുടെ വിജയമാണ് ചെന്നൈ സൂപ്പർ കിംഗ്സ് നേടിയത്. ഈ സീസണിൽ രണ്ടാം തവണയാണ് ചെന്നൈ മുംബൈ ഇന്ത്യൻസിനെ പരാജയപ്പെടുത്തുന്നത്. വാങ്കഡേ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലും ചെന്നൈ വിജയം നേടുകയുണ്ടായി. ചെന്നൈക്കായി മത്സരത്തിൽ പതിരാന ബോളിങ്ങിൽ തിളങ്ങിയപ്പോൾ, മുൻനിര ബാറ്റർമാർ മികവു കാട്ടുകയായിരുന്നു. ഈ വിജയത്തോടെ ചെന്നൈ പോയിന്റ്സ് ടേബിളിൽ രണ്ടാം സ്ഥാനത്ത് എത്തിയിട്ടുണ്ട്.
മത്സരത്തിൽ ടോസ് നേടിയ ചെന്നൈ നായകൻ മഹേന്ദ്ര സിംഗ് ധോണി ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇത് വളരെ മികച്ച ഒരു തീരുമാനമായിരുന്നു എന്ന് തോന്നിപ്പിക്കുന്ന തുടക്കമാണ് ചെന്നൈക്ക് ലഭിച്ചത്. മുംബൈ ഇന്ത്യൻസ് നിരയിലെ അപകടകാരികളായ ക്യാമറോൺ ഗ്രീൻ(6) ഇഷാൻ കിഷൻ(7) രോഹിത് ശർമ(0) എന്നിവരെ തുടക്കത്തിൽ തന്നെ കൂടാരം കയറ്റാൻ ചെന്നൈ സൂപ്പർ കിങ്സിന് സാധിച്ചു. മുംബൈ പൂർണ്ണമായും ആദ്യ ഓവറുകളിൽ തന്നെ തകരുകയായിരുന്നു. എന്നാൽ പിന്നീട് നാലാം വിക്കറ്റിൽ വധീരയും സൂര്യകുമാറും ചേർന്ന് ഒരു തകർപ്പൻ കൂട്ടുകെട്ട് സൃഷ്ടിച്ച് മുംബൈയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. വധീര മത്സരത്തിൽ 51 പന്തുകളില്‍ 64 റൺസ് ആണ് നേടിയത്. സൂര്യകുമാർ 22 പന്തുകളിൽ 26 റൺസ് നേടി. എന്നാൽ ഇവർ ഒഴികെയുള്ള മറ്റു ബാറ്റർമാർ മികവ് പുലർത്താതെ പോയതോടെ മുംബൈയുടെ സ്കോർ 139 റൺസിൽ അവസാനിക്കുകയായിരുന്നു.
മറുപടി ബാറ്റിംഗിനീറങ്ങിയ ചെന്നൈ വളരെ പോസിറ്റീവായി തന്നെയാണ് ആരംഭിച്ചത്. പതിവുപോലെ ഓപ്പണർമാർ ചെന്നൈക്ക് മികച്ച തുടക്കം തന്നെ നൽകുകയുണ്ടായി. പവർ പ്ലേ ഓവറുകളിൽ ഋതുരാജ് അടിച്ചു തകർത്തപ്പോൾ കോൺവെ ക്രീസിൽ ഉറക്കുകയായിരുന്നു. മത്സരത്തിൽ 16 പന്തുകളിൽ നാലു ബൗണ്ടറികളും രണ്ട് സിക്സറുകളുമടക്കം 30 റൺസാണ് ഋതുരാജ് നേടിയത്. ഋതുരാജ് പുറത്തായ ശേഷമെത്തിയ അജിങ്ക്യ രഹാനെ 17 പന്തുകളിൽ 21 റൺസ് നേടി. അങ്ങനെ ചെന്നൈ, ഇന്നിംഗ്സിന്റെ ആദ്യ പകുതിയിൽ തന്നെ വിജയത്തോട് അടുക്കുകയായിരുന്നു.
മത്സരത്തിലൂടനീളം ക്രീസിലുറച്ച ഡെവൻ കോൺവെ 42 പന്തുകളിൽ 44 റൺസാണ് നേടിയത്. ഇന്നിംഗ്സിൽ 4 ബൗണ്ടറികൾ ഉൾപ്പെട്ടു. കോൺവെക്കൊപ്പം ശിവം ദുബയും(26*) ചേർന്നതോടെ ചെന്നൈ 14 പന്തുകൾ ബാക്കിനിൽക്കെ വിജയം കാണുകയായിരുന്നു. മത്സരത്തിൽ 6 വിക്കറ്റുകളുടെ വിജയമാണ് ചെന്നൈ നേടിയത്. ചെന്നൈയുടെ കഴിഞ്ഞ മത്സരം മഴമൂലം ഉപേക്ഷിക്കപ്പെട്ടതിനാൽ തന്നെ വളരെ നിർണായകമായ പോയിന്റുകളാണ് ഈ മത്സരത്തിലൂടെ നേടിയിരിക്കുന്നത്..