2023 ഇന്ത്യൻ പ്രീമിയർ ലീഗിൽ തങ്ങളുടെ മൂന്നാം വിജയം സ്വന്തമാക്കി ഗുജറാത്ത് ടൈറ്റൻസ്. പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിൽ 5 വിക്കറ്റുകളുടെ വിജയമാണ് ഗുജറാത്ത് നേടിയത്. ടീമിലേക്ക് തിരികെയെത്തിയ മോഹിത് ശർമയുടെ മികച്ച ബോളിംഗ് പ്രകടനവും, ശുഭമാൻ ഗില്ലിന്റെ ബാറ്റിംഗ് പ്രകടനവുമാണ് മത്സരത്തിൽ ഗുജറാത്തിനെ വിജയവഴിയിൽ എത്തിച്ചത്. കഴിഞ്ഞ മത്സരത്തിൽ കൊൽക്കത്തയോട് അപ്രതീക്ഷിതമായ പരാജയം ഏറ്റുവാങ്ങിയ ഗുജറാത്തിനെ സംബന്ധിച്ച് ഒരുപാട് ആത്മവിശ്വാസം ഈ വിജയം നൽകുന്നുണ്ട്.
മത്സരത്തിൽ ടോസ് നേടിയ ഗുജറാത്ത് ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മികച്ച തുടക്കം തന്നെ ഗുജറാത്തിന് മത്സരത്തിൽ ലഭിച്ചു. അപകടകാരിയായ പഞ്ചാബ് ഓപ്പണർ പ്രഭസിമ്രാനെ(0) ഇന്നിങ്സിലെ രണ്ടാം പന്തിൽ തന്നെ പുറത്താക്കാൻ മുഹമ്മദ് ഷാമിക്ക് സാധിച്ചു. ഒപ്പം നായകൻ ശിഖർ ധവാനും(8) ചെറിയ സമയത്തിനുള്ളിൽ തന്നെ കൂടാരം കയറി. എന്നാൽ മൂന്നാമനായിറങ്ങിയ മാത്യു ഷോർട്ട് 24 പന്തുകളിൽ 36 റൺസ് നേടി കാവലായി. ഒപ്പം രജപക്ഷ(20) ജിതേഷ് ശർമ(25) സാം കരൻ(22) ഷാരൂഖാൻ(22) എന്നിവർ തങ്ങളുടെതായ സംഭാവനകൾ കൂടി നൽകിയതോടെ പഞ്ചാബ് കിംഗ്സ് 153 എന്ന സ്കോറിൽ എത്തുകയായിരുന്നു. ഗുജറാത്തിനായി മോഹിത് ശർമ മത്സരത്തിൽ രണ്ട് വിക്കറ്റുകൾ വീട്ടുകയുണ്ടായി.
മറുപടി ബാറ്റിങ്ങിൽ പതിവുപോലെ മികച്ച തുടക്കമാണ് ഓപ്പണർമാർ ഗുജറാത്തിന് നൽകിയത്. ഓപ്പണർ വൃദ്ധിമാൻ സാഹയുടെ വെടിക്കെട്ടായിരുന്നു ആദ്യ സമയങ്ങളിൽ ഗുജറാത്തിന് രക്ഷയായത്. സാഹ 19 പന്തുകളിൽ അഞ്ചു ബൗണ്ടറികളടക്കം 32 റൺസ് നേടി. ശേഷം ഒരുവശത്ത് ശുഭ്മാൻ ഗിൽ ക്രീസിൽ ഉറയ്ക്കുകയായിരുന്നു. മത്സരത്തിൽ 49 പന്തുകൾ നേരിട്ട് 67 റൺസാണ് ഗിൽ നേടിയത്. ഇന്നിംഗ്സിൽ 7 ബൗണ്ടറികളും 1 സിക്സറും ഉൾപ്പെട്ടു. ശേഷം ഐസ്മാൻ തീവാട്ടിയ മത്സരം ഒരു ബൗണ്ടറിയോടെ ഫിനിഷ് ചെയ്യുകയായിരുന്നു. മത്സരത്തിൽ ഗുജറാത്ത് 6 വിക്കറ്റുകൾക്ക് വിജയം കാണുകയായിരുന്നു.
കൊൽക്കത്തയ്ക്കെതിരായ മത്സരത്തിൽ അവിശ്വസനീയമായ ഒരു പരാജയമാണ് ഗുജറാത്തിന് നേരിടേണ്ടിവന്നത്. അവസാന ഓവറിൽ റിങ്കൂ സിംഗ് അത്ഭുതം കാട്ടിയപ്പോൾ ഗുജറാത്ത് പതറുകയായിരുന്നു. എന്നാൽ ആ ക്ഷീണം തീർക്കാൻ ഗുജറാത്തിന് ഈ മത്സരത്തിലൂടെ സാധിച്ചിട്ടുണ്ട്. 2022 ഐപിഎല്ലിലെ ചാമ്പ്യന്മാരായ ഗുജറാത്തിന് ഇത്തവണയും മികച്ച തുടക്കമാണ് ലഭിച്ചിരിക്കുന്നത്.