ഇന്ത്യൻ പ്രീമിയർ ലീഗിൽ മോശം തുടക്കമാണ് സൺറൈസേഴ്‌സ് ഹൈദരാബാദ് ടീമിന് ലഭിക്കുന്നത് .
സീസണിൽ ഇതുവരെ ഒരു മത്സരവും ജയിച്ചിട്ടില്ലാത്ത ടീം കളിച്ച 3 മത്സരങ്ങളിലും തോൽവി രുചിച്ചു .
സൺറൈസേഴ്‌സ് ഹൈദരാബാദ് ടീം ഐപിൽ ചരിത്രത്തിലാദ്യമായാണ് ഒരു സീസണിലെ ആദ്യ മൂന്ന് മത്സരവും തോല്‍ക്കുന്നത്. ബൗളിംഗ് നിര സാമാന്യം ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കുമ്പോൾ മധ്യനിര ബാറ്റിങ്ങാണ് അവരെ അലട്ടുന്ന പ്രധാന പ്രശ്‌നം .മധ്യനിരയില്‍ ടീമിന് കരുത്തേകാന്‍ സീനിയര്‍ താരം വരണമെന്നാണ് ക്രിക്കറ്റ് ലോകത്തിലെ പ്രധാന ആവശ്യം .എന്നാൽ കെയ്ൻ വില്യംസൺ പൂർണ്ണ ഫിറ്റ്നസ് ഇതുവരെ വീണ്ടെടുത്തിട്ടില്ല എന്നാണ് ലഭിക്കുന്ന സൂചനകൾ .
അതേസമയം മുംബൈക്ക് എതിരായ ഹൈദരാബാദ് ടീമിന്റെ 13 റൺസ് ഞെട്ടിക്കുന്ന തോൽവിക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ വ്യാപകമായി ഉയരുന്ന ഒരാവശ്യമാണ് ഇന്ത്യൻ താരം
കേദാര്‍ ജാദവിനെ കളിപ്പിക്കണമെന്നത് .
മധ്യനിരയിൽ കരുത്തുറ്റ ബാറ്റിങ്ങുമായി കേദാർ ജാദവ് പ്ലെയിങ് ഇലവനിൽ ഇടം കണ്ടെത്തണമെന്ന് ആരാധകരുടെ ആവശ്യം .ഹൈദരാബാദിനെ ഇത്തവണ ഐപിഎല്ലിൽ രക്ഷിക്കാന്‍ കേദാര്‍ ജാദവ് വരണമെന്ന നിലയില്‍ വൻ പ്രചാരണമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ നടക്കുന്നത്. ട്വിറ്ററില്‍ നിരവധി പേരാണ് ഇതേ ആവിശ്യവുമായി ട്വീറ്റുകളുമായി എത്തിയിരിക്കുന്നത്. ഇതിനോടകം വലിയ ട്രന്റായി കേദാര്‍ ജാദവ് മാറിക്കഴിഞ്ഞു.
അതേസമയം കേദാർ ജാദവ് ഇത്തവണ ഐപിഎല്ലിൽ മികച്ച ബാറ്റിംഗ് ഫോം കണ്ടെത്തുമോ എന്ന ആശങ്കയും ചിലർ പങ്കിടുന്നുണ്ട് .കഴിഞ്ഞ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം വളരെ നിരാശപ്പെടുത്തിയ താരമാണ് കേദാര്‍ ജാദവ്. വലിയ വിമര്‍ശനവും താരം നേരിട്ടിരുന്നു. സിഎസ്‌കെ ഒഴിവാക്കിയ കേദാറിനെ അടിസ്ഥാന വിലയായ രണ്ട് കോടി രൂപയ്ക്കാണ് ഹൈദരാബാദ് ടീം സ്വന്തമാക്കിയത് .കേദാർ ജാദവ് ഒപ്പം കെയ്ൻ വില്യംസൺ കൂടി മടങ്ങി വരുന്നതോടെ ടീമിന്റെ മധ്യനിരയിലെ പ്രശ്നങ്ങൾ എല്ലാം പരിഹരിക്കാം എന്നാണ് ആരാധകരുടെയും പ്രധാന ചിന്ത .
ഐപിൽ കരിയറിൽ 87 മത്സരങ്ങൾ കളിച്ച താരം 1141 റൺസ് ഇതുവരെ അടിച്ചെടുത്തിട്ടുണ്ട് .4 അർദ്ധ സെഞ്ച്വറി പ്രകടനകളും താരം പുറത്തെടുത്തിട്ടുണ്ട് .
എന്നാൽ കഴിഞ്ഞ സീസണിൽ അമ്പേ പരാജയമായ താരം 8 മത്സരങ്ങളിൽ നിന്ന് 62 റൺസ് മാത്രമാണ് നേടിയത് .