ഇന്ത്യ :ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റ് മത്സരം ഉപേക്ഷിച്ചത് ക്രിക്കറ്റ് പ്രേമികളിൽ സമ്മാനിച്ചത് വമ്പൻ നിരാശ. വളരെ ഏറെ ആവേശത്തോടെ പുരോഗമിച്ച ടെസ്റ്റ് പരമ്പര ആരാകും കരസ്ഥമാക്കുക എന്ന ചോദ്യങ്ങൾക്ക് മുൻപിലാണ് കോവിഡ് വ്യാപനം വെല്ലുവിളിയായി എത്തിയത്. ഇന്ത്യൻ ക്യാമ്പിൽ ടീം ഫിസിയോക്കും കൂടി കോവിഡ് പോസിറ്റീവായി മാറിയത് നായകൻ വിരാട് കോഹ്ലിയടക്കമുള്ള താരങ്ങൾക്ക് നൽകിയത് ആശങ്കകൾ മാത്രം. ഇത്തരം മോശം സാഹചര്യത്തിൽ ടെസ്റ്റ് പരമ്പര തുടരുന്നത് ഒരിക്കലും അത്ര നല്ലതല്ല എന്നുള്ള തീരുമാനത്തിൽ ഇന്ത്യൻ ടീം എത്തിയത്തോടെയാണ് ടെസ്റ്റ് മത്സരം ഉപേക്ഷിക്കാൻ 2 ബോർഡുകളും തീരുമാനം കൈകൊണ്ടത്. ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഭാഗമായ ഈ പരമ്പര ആരാണ് ജയിച്ചതെന്നുള്ള ചർച്ചകൾക്ക് കൂടി അവസാനം കുറിക്കാനും അഞ്ചാം ടെസ്റ്റ് അടുത്ത വർഷം നടത്തുന്നത് കൂടി സംബന്ധിച്ചുള്ള ചർച്ചകൾക്കായി ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് പ്രസിഡന്റ് സൗരവ് ഗാംഗുലി ഇംഗ്ലണ്ടിൽ എത്തുന്നുണ്ട്.
എന്നാൽ മത്സരം മാറ്റിവെച്ചത് ഇന്ത്യൻ ടീമിന്റെ വാശി കാരണമാണ് എന്നുള്ള കടുത്ത വിമർശനവും ഇതിനകം തന്നെ ഉയർന്ന് കഴിഞ്ഞു. മത്സരത്തിനായി ഇംഗ്ലണ്ട് ടീം തയ്യാറായിരുന്നെങ്കിലും ഇന്ത്യൻ താരങ്ങളുടെ എതിർപ്പാണ് ഏക തിരിച്ചടിയായത് എന്നും മുൻ താരങ്ങൾ അടക്കം അഭിപ്രായപെടുമ്പോൾ ടീം ഇന്ത്യക്ക് പിന്തുണ നൽകുകയാണ് മുൻ പാകിസ്ഥാൻ താരം ഇൻസമാം. മത്സരം ഉപേക്ഷിച്ചത് നിർഭാഗ്യകരമെന്നും പറഞ്ഞ അദ്ദേഹം ഒരു ടീമുകളെയും നമുക്ക് ഈ വിഷയത്തിൽ കുറ്റം പറയുവാനായി സാധിക്കില്ല എന്നും വിശദമാക്കി.
“ആവേശം നിറഞ്ഞ ഒരു ടെസ്റ്റ് പരമ്പര തന്നെയാണ് നമ്മൾ കണ്ടത്.ഇന്ത്യൻ ടീം താരങ്ങൾ കൈകൊണ്ട തീരുമാനത്തെ ഞാൻ കുറ്റം പറയില്ല. അവരുടെ ടീമിന്റെ ഫിസിയോക്കാണ് അഞ്ചാം ടെസ്റ്റിന് തൊട്ട് മുൻപ് കോവിഡ് സ്ഥിതീകരിച്ചത്. ടീം ഫിസിയോയുമായി താരങ്ങൾ എല്ലാം സമ്പർക്കത്തിൽ വന്നിരുന്നു അതിനാൽ തന്നെ അവരുടെ ആശങ്കക്കും പിന്നിൽ കാരണമുണ്ട്. ഇന്ത്യൻ ടീമാണ് ഈ ടെസ്റ്റ് പരമ്പര ജയിക്കാനായി ഏറ്റവും അധികം ആഗ്രഹം കാണിച്ചത് “ഇൻസമാം തന്റെ അഭിപ്രായം വ്യക്തമാക്കി.
അതേസമയം നാലാം ടെസ്റ്റിനിടയിൽ ഹെഡ് കോച്ച് രവി ശാസ്ത്രിക്കും മറ്റുള്ള കോച്ചിനും കോവിഡ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തെ കുറിച്ചും പാകിസ്ഥാൻ മുൻ നായകൻ വാചാലനായി. “നാലാം ടെസ്റ്റിനിടയിൽ അവർക്ക് കോച്ചിനെയും നഷ്ടമായിരുന്നു. പക്ഷേ ഓവൽ ടെസ്റ്റ് മത്സരത്തിൽ വിരാട് കോഹ്ലിയും ടീമും പുറത്തെടുത്ത പോരാട്ടവീര്യം വാനോളം പ്രശംസകൾ അർഹിക്കുന്നുണ്ട്. അവർ ഓവൽ ടെസ്റ്റിൽ ജയിച്ച രീതിയും ഏറെ ശ്രദ്ധേയമാണ് “ഇൻസമാം തുറന്ന് പറഞ്ഞു.