നാളെ ആരംഭിക്കുന്ന ഇന്ത്യ : ഇംഗ്ലണ്ട് നാലാം ക്രിക്കറ്റ് ടെസ്റ്റിനായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് പ്രേമികൾ .പരമ്പരയിൽ 2-1ന് വിരാട് കോഹ്ലി നയിക്കുന്ന ടീം ഇന്ത്യയാണ് മുൻപിൽ .നാളെ മൊട്ടേറയിൽ ആരംഭിക്കുന്ന നാലാം ടെസ്റ്റിൽ സമനില നേടിയാലും ഇന്ത്യക്ക് ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ സ്ഥാനം ഉറപ്പാക്കാം. ഇംഗ്ലണ്ടിന്‍റെ പ്രതീക്ഷകള്‍ കഴിഞ്ഞ മത്സരത്തിലെ തോല്‍വിയോടെ അവസാനിച്ചിരുന്നു.
എന്നാൽ നാലാം ടെസ്റ്റിനായി തയ്യാറാകുന്ന പിച്ചിനെ കുറിച്ചാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്ത് സജീവ ചർച്ചകൾ . മൊട്ടേറയിൽ വീണ്ടും ഒരു സ്പിൻ കുഴി ഒരുക്കി ഇംഗ്ലണ്ടിനെ വീഴ്ത്തുവാൻ ടീം ഇന്ത്യ തയ്യാറാകുമോ എന്നതാണ് ഏവരുടെയും ആകാംഷ .
ചെപ്പോക്കിലെ രണ്ടാം ടെസ്റ്റിലും മൊട്ടേറയിലെ മൂന്നാം ടെസ്റ്റിലും സ്‌പിൻ കരുത്തിലായിരുന്നു ഇന്ത്യയുടെ ജയം. മൊട്ടേറയിൽ നാല് ഇന്നിംഗ്സിലായി ആകെ എറിഞ്ഞത് 842 പന്തുകൾ മാത്രം. 1934ന് ശേഷം ക്രിക്കറ്റ് ചരിത്രത്തിൽ പൂർത്തിയാക്കിയ ഒരു ടെസ്റ്റിൽ ഏറ്റവും കുറച്ച് പന്തുകളെറിഞ്ഞ മത്സരം കൂടിയായിരുന്നു ഇത്. നാലാം ടെസ്റ്റിനും സമാന പിച്ചാണ് ഇന്ത്യൻ ടീം മാനേജ്‌മന്റ് പ്രതീക്ഷിക്കുന്നത് എന്ന സൂചനകളാണ് പുറത്തുവരുന്നത് .
ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിലും പിച്ച് സ്‌പിന്നർമാരെ അതിരറ്റ് തുണക്കുന്നതായിരിക്കുമെന്ന് ഇന്ത്യൻ വൈസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെ തന്റെ വാർത്താസമ്മേളനത്തിൽ ഒരു ചോദ്യത്തിന് ഉത്തരമായി പറഞ്ഞു .വിക്കറ്റിന് അനുസരിച്ച് എപ്പോഴും ബാറ്റിങ്ങിൽ മാറ്റങ്ങൾ വരുത്തുന്നതാണ് നല്ലത് എന്ന് പറഞ്ഞ രഹാനെ ടീം ഇന്ത്യ ജയം മാത്രം മുന്നിൽ കണ്ടാണ് മൊട്ടേറയിൽ കളിക്കുവാൻ ഇറങ്ങുന്നത് എന്നും വ്യക്തമാക്കി .
അതേസമയം നാലാം ടെസ്റ്റിന് മുൻപേ വ്യക്തിപരമായ കാരണങ്ങളാൽ ടീം വിട്ട ജസ്പ്രീത് ബുമ്രക്ക് പകരം ഉമേഷ് യാദവോ മുഹമ്മദ് സിറാജോ ഇന്ത്യൻ പ്ലെയിങ് ഇലവനിൽ ഇടം കണ്ടെത്തും . ഇന്ത്യൻ ടീമിൽ മറ്റ് മാറ്റങ്ങൾക്ക് സാധ്യതയില്ല. റൊട്ടേഷൻ പോളിസി തുടരുന്ന ഇംഗ്ലണ്ട് ടീമിൽ മാറ്റം ഉറപ്പാണ്. ജാക് ലീച്ചിനൊപ്പം സ്‌പിന്നർ ഡോം ബെസ്സ് ടീമിലെത്തിയേക്കും.