പരിക്ക് മാറാതെ ഇന്ത്യക്ക് എതിരായ അവസാന 2 ടെസ്റ്റുകൾ കളിച്ചത് തെറ്റായിപ്പോയി : വിരമിക്കലിനെ കുറിച്ചും തുറന്നുപറഞ്ഞ് ഡേവിഡ് വാർണർ

കഴിഞ്ഞ മാസം അവസാനിച്ച ഇന്ത്യക്ക് എതിരായ ടെസ്റ്റ് പരമ്പര ഓസീസ് ടീം മറക്കുവാൻ ആഗ്രഹിക്കുന്ന ഒന്നാണ് .
നാല് മത്സര ടെസ്റ്റ് പരമ്പരയിൽ  അഡ്‌ലൈഡിൽ നടന്ന ആദ്യ ടെസ്റ്റ് അനായാസം ജയിച്ച ടിം  പെയിനും സംഘത്തിനും ശേഷിച്ച മത്സരങ്ങളിൽ ടീം ഇന്ത്യയുടെ പോരാട്ട വീര്യത്തിന് മുൻപിൽ അടിയറവ് പറയേണ്ടി വന്ന് പരമ്പരയിൽ 2-1 തോൽവി സമ്മതിക്കേണ്ടി വന്നു .

അതേസമയം  ഇന്ത്യക്ക് എതിരായ ഏകദിന പരമ്പരയില്‍ പരിക്കേറ്റ ഡേവിഡ്  വാര്‍ണര്‍ അവസാന രണ്ട് ടെസ്റ്റ് മത്സരത്തിലാണ് പിന്നീട് ഓസീസ് സ്‌ക്വാഡിൽ  തിരിച്ചെത്തിയത്.എന്നാൽ  ഇപ്പോഴിതാ അവസാന രണ്ട് ടെസ്റ്റിലും കളിക്കാനുള്ള തന്റെ തീരുമാനം തെറ്റായിപ്പോയെന്ന്  യാതൊരു മടിയും കൂടാതെ വെളിപ്പെടുത്തുകയാണ്  ഡേവിഡ്  വാര്‍ണര്‍. പരിക്ക് പൂര്‍ണ്ണമായും മാറാതെ ടെസ്റ്റ് കളിച്ച വാര്‍ണര്‍ക്ക് തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല.

അവസാന ടെസ്റ്റ് മത്സരങ്ങളിലേക്ക് പ്ലെയിങ് ഇലവനിൽ ഇടം നേടുവാൻ  വിളിയെത്തിയപ്പോള്‍ ടീമിനെ എങ്ങനെ എങ്കിലും സഹായിക്കണമെന്നാണ് ഞാൻ ആദ്യം  ചിന്തിച്ചത്.എന്നാല്‍ എനിക്കതിന് സാധിച്ചില്ല. പരിക്ക് എന്നെ ബാധിച്ചു. ഇപ്പോള്‍ അതിനെക്കുറിച്ച് എന്നോട് തന്നെ ചോദിച്ചാല്‍ ചിലപ്പോള്‍ നോ എന്നാവും ഉത്തരം. എന്നാല്‍ ടീമിന് ഏറ്റവും മികച്ചത് നല്‍കണമെന്നാണ് ആഗ്രഹിച്ചത്’-വാര്‍ണര്‍ പറഞ്ഞു.5 ,13,1,48 എന്നിങ്ങനെ ആയിരുന്നു അവസാന 2 ടെസ്റ്റിൽ ഡേവിഡ് വാർണറുടെ സ്‌കോറുകൾ

വിരമിക്കലിനെക്കുറിച്ചും വാര്‍ണര്‍  തന്റെ നയം വ്യക്തമാക്കി.   2023ലെ ഏകദിന ലോകകപ്പില്‍ ഉറപ്പായും  കളിക്കണമെന്നാണ് ആഗ്രഹമെന്നും വിരമിക്കലിനെക്കുറിച്ച് ഇപ്പോള്‍ മനസ്സിൽ ഒരു പ്ലാനും  ഇല്ലെന്നും  വാര്‍ണര്‍ തുറന്നു  പറഞ്ഞു . ” എപ്പോഴാണ് കരിയറിൽ  വിരമിക്കുക  എന്നതിനെക്കുറിച്ച് ഞാന്‍ ചിന്തിച്ചിട്ടില്ല. 2023ലെ ഏകദിന ലോകകപ്പ് കളിക്കണമെന്നാണ് ആഗ്രഹിക്കുന്നത് ” വാർണർ നയം വിശദമാക്കി .