ഒക്ടോബർ 24 നു പാക്കിസ്ഥാനെതിരെയാണ് ടി20 ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം. ശക്തമായ സ്ക്വാഡിനെ അണിനിരത്തിയാണ് ഇന്ത്യന്‍ സംഘം ലോകകപ്പിനെത്തുന്നത്. ഇത്തവണ ഇതിഹാസ താരം മഹേന്ദ്ര സിങ്ങ് ധോണിയെ മെന്‍ററാക്കിയാണ് ഇന്ത്യന്‍ ടീമിന്‍റെ വരവ്. മഹേന്ദ്ര സിങ്ങ് ധോണി ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തുന്നത് ഒട്ടേറെ ഗുണം ചെയ്യുമെന്നാണ് കരുതപ്പെടുന്നത്. ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീം കടുത്ത സമ്മര്‍ദ്ദത്തിലാണ് ഇറങ്ങുന്നതെന്നും അതുകൊണ്ടാണ് ടീമിന്‍റെ മെന്‍ററായി മുന്‍ നായകന്‍ ധോണിയെ നിയമിച്ചതെന്നും മുന്‍ പാക് താരം തന്‍വീര്‍ അഹമ്മദ് പറയുന്നത്.
കടലാസില്‍ ഇന്ത്യന്‍ ടീം കരുത്തരാണെന്നും, എന്നാല്‍ ലോകകപ്പ് ടീമിലുള്ളവരൊന്നും ഫോമിലല്ലാ എന്നാണ് മുന്‍ താരത്തിന്‍റെ അഭിപ്രായം. ” മികച്ച പ്രകടനം പുറത്തെടുക്കാനാവാത്ത സാഹചര്യത്തില്‍ വിരാട് കോലി ടി20 നായകസ്ഥാനത്തു നിന്ന് മാറി നില്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നു. മികച്ച പ്രകടനം നടത്താനുള്ള കനത്ത സമ്മര്‍ദ്ദം അദ്ദേഹത്തിലുണ്ട്. അതുമാത്രമല്ല, ഇന്ത്യയുടെ ലോകകപ്പ് ടീമിലുള്ള കളിക്കാരൊന്നും ഐപിഎല്ലില്‍ മികവ് കാട്ടിയിട്ടില്ല. ഐപിഎല്ലിലെ ഏറ്റവും മികച്ച 10 പ്രകടനങ്ങളെടുത്താല്‍ അതില്‍ ഇന്ത്യയുടെ ലോകകപ്പ് ടീമിലെ കളിക്കാരൊന്നുമില്ല. സ്പിന്നര്‍മാരായ രവിചന്ദ്ര അശ്വിനും രവീന്ദ്ര ജഡേജയും മികവിലേക്ക് ഉയര്‍ന്നിട്ടില്ല. ”
ഈ കാരണങ്ങള്‍കൊണ്ട് ഇന്ത്യ കടുത്ത സമര്‍ദ്ദത്തിലായിരിക്കുമെന്നും അതുകൊണ്ടാണ് ധോണിയെ മെന്‍ററായി എത്തിച്ചതും എന്നാണ് മുന്‍ പാക്ക് താരം കരുതുന്നത്. ” ദുബായിലെ സാഹചര്യങ്ങളെക്കുറിച്ച് പാക്കിസ്ഥാന് നല്ലപോലെ അറിയാം. കടലാസില്‍ ഇന്ത്യ കരുത്തരാണെന്ന് സമ്മതിക്കുന്നു. പക്ഷെ ടി20 ക്രിക്കറ്റില്‍ ഒന്നും പ്രവചിക്കാനാവില്ല. ഒരു കളിക്കാരനുവേണമെങ്കിലും ക്രീസിലിറങ്ങി കളി ജയിപ്പിക്കാനാകും ” തന്‍വീര്‍ അഹമ്മദ് കൂട്ടിചേര്‍ത്തു. പാക്കിസ്ഥാനു വേണ്ടി 8 മത്സരങ്ങള്‍ കളിച്ച താരമാണ് തന്‍വിര്‍ അഹമ്മദ്ദ്.