ഇന്ത്യൻ ആരാധകർ ഇപ്പോൾ അനുഭവിക്കുന്ന നിർവൃതി എത്രത്തോളമാണെന്ന് പറഞ്ഞറിയിക്കാനാവില്ല. എതിർടീമുകളുടെ വാലറ്റം ഇന്ത്യയ്ക്കെതിരെ റൺസ് വാരിക്കൂട്ടുന്നത് കണ്ട് മടുത്തിട്ടുണ്ട്. ഇപ്പോൾ ഇന്ത്യ മധുരമായി പക വീട്ടുകയാണ്.
ഋഷഭ് പന്ത് എട്ടാമനായി പുറത്താവുമ്പോൾ ഇന്ത്യയുടെ സ്കോർ 414 ആയിരുന്നു. അവിടെനിന്ന് ബുംറയും ഉമേഷും സിറാജും കൂട്ടിച്ചേർത്തത് വിലപ്പെട്ട 52 റണ്ണുകളാണ്!
ഓസ്ട്രേലിയയിലെ സീരീസ് നേട്ടത്തിലും ഈ പരമ്പരയിലെ ലോർഡ്സ് വിജയത്തിലും വാലറ്റത്തിൻ്റെ സംഭാവനകൾ നിർണ്ണായകമായിരുന്നു. ഇന്ത്യയ്ക്കെതിരെ എതിർടീമിൻ്റെ വാലറ്റം ചെറുത്തുനിൽക്കുന്നതും അപൂർവ്വ കാഴ്ച്ച ആയിരിക്കുന്നു.
ഇന്ത്യ ആദ്യ ടെസ്റ്റ് കളിച്ചത് 1932ലാണ്. അന്ന് ലോർഡ്സിൽ ഇംഗ്ലണ്ട് 166/6 എന്ന നിലയിലായതാണ്. പക്ഷേ അവസാന നാലുവിക്കറ്റുകൾ വീഴ്ത്താൻ ഇന്ത്യ 93 റൺസ് വഴങ്ങി. സ്വാതന്ത്ര്യം കിട്ടുന്നതിനുമുമ്പ് പിടികൂടിയ ഭൂതത്തെയാണ് ഇന്ത്യ ഇപ്പോൾ ഒഴിപ്പിച്ചിരിക്കുന്നത് എന്ന് സാരം!
ആ ലോർഡ്സ് ടെസ്റ്റ് കളിച്ച ഇന്ത്യൻ ടീമിലെ ആരുംതന്നെ ഇപ്പോൾ ജീവിച്ചിരിപ്പില്ല. ഇന്ത്യയുടെ ആദ്യ മാച്ച് ഫോളോ ചെയ്ത കോടിക്കണക്കിന് മനുഷ്യർ മൺമറഞ്ഞുകഴിഞ്ഞു. എത്ര തലമുറകളുടെ കാത്തിരിപ്പാണ്സാ ക്ഷാത്കരിക്കപ്പെട്ടിരിക്കുന്നത്!
അത് നുകരാനുള്ള നിയോഗം നമുക്കാണ്! എത്ര ഭാഗ്യമുള്ളവരാണ് നാം! ഇത് ആവോളം ആസ്വദിക്കുക!
എഴുതിയത് -Sandeep Das