“ഇന്ത്യൻ താരങ്ങൾ പേപ്പറിലെ പുലികൾ, സ്കൂൾ കുട്ടികളുടെ നിലവാരം”, പരിഹാസവുമായി പാക് താരം.

ന്യൂസിലാൻഡിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ 113 റൺസിന്റെ പരാജയം നേരിട്ടതിന് പിന്നാലെ ഇന്ത്യൻ ടീമിനെ പരിഹസിച്ച് മുൻ പാക്കിസ്ഥാൻ താരം അഹമ്മദ് ഷഹസാദ്. തങ്ങളുടെ മണ്ണിൽ 18 ഹോം പരമ്പരകൾ വിജയിച്ച ശേഷമാണ് ഇന്ത്യ കിവികൾക്കെതിരെ പരാജയം നേരിട്ടത്.

മാത്രമല്ല കിവികൾക്ക് പരമ്പര തൂത്തുവാരാനുള്ള വലിയ അവസരവും മുൻപിലുണ്ട്. ഈ സാഹചര്യത്തിലാണ് ഇന്ത്യൻ ടീമിന് പരിഹാസവുമായി പാക്കിസ്ഥാൻ താരത്തിന്റെ കടന്നുവരുന്നത്. ഇന്ത്യൻ ടീം പേപ്പറിലെ പുലികളാണെന്നും, സ്കൂൾ ബോയ്സിന്റെ നിലവാരത്തിൽ കളിക്കുന്നവരാണെന്നും അഹമ്മദ് ഷഹസാദ് പറയുകയുണ്ടായി.

ഇന്ത്യൻ ടെസ്റ്റ് ടീമിനെ പൂർണമായും ഇല്ലാതാക്കാൻ ന്യൂസിലാൻഡിന് സാധിച്ചു എന്നാണ് ഷഹസാദ് പറയുന്നത്. “ന്യൂസിലാൻഡ് ഇന്ത്യൻ താരങ്ങളെ ഒരു കുട്ടികളെപ്പോലെ ഇല്ലാതാക്കുകയാണ് ചെയ്തത്. അവർ ഇന്ത്യയിലേക്ക് നെഞ്ചുവിരിച്ച് വരികയും, പരമ്പര വിജയം സ്വന്തമാക്കുകയും ചെയ്തു. തങ്ങളുടെ ശത്രുക്കൾക്കെതിരെ പൂർണ്ണമായ ആധിപത്യമാണ് ന്യൂസിലാൻഡ് സ്ഥാപിച്ചത്. ഇന്ത്യൻ ടീം പേപ്പറിൽ വലിയ പുലികളായിരുന്നു. എന്നാൽ തങ്ങളുടെ മൈതാനത്ത് പോലും വിജയം സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചില്ല.”- അഹമ്മദ് ഷഹസാദ് പരിഹസിക്കുകയുണ്ടായി.

മാത്രമല്ല ഇന്ത്യൻ താരങ്ങളെ സ്കൂൾ ബോയ്സുമായി താരതമ്യം ചെയ്താണ് ഷഹസാദ് സംസാരിച്ചത്. “ആദ്യ മത്സരത്തിൽ ഇന്ത്യ കേവലം 46 റൺസിന് ഓൾഔട്ട് ആവുകയുണ്ടായി. ശേഷം രോഹിത് ശർമ പറഞ്ഞത് ഇത് തങ്ങളുടെ താരങ്ങൾക്ക് ഒരു മോശം ദിവസമായിരുന്നു എന്നാണ്. ആ വാക്കുകൾ നമ്മൾ അംഗീകരിച്ചു. പക്ഷേ രണ്ടാം മത്സരത്തിലും അവർക്ക് യാതൊരു പുരോഗതിയും ഉണ്ടായില്ല. മാത്രമല്ല രണ്ടാം മത്സരത്തിൽ വളരെ മോശം പ്രകടനമാണ് എല്ലാവരും കാഴ്ചവച്ചത്. ന്യൂസിലാൻഡിനെതിരായ ആദ്യ, 2 മത്സരങ്ങളിലും കേവലം സ്കൂൾ ബോയ്സിനെ പോലെയാണ് ഇന്ത്യൻ താരങ്ങൾ കളിച്ചത്.”- ഷഹസാദ് കൂട്ടിച്ചേർക്കുന്നു.

ന്യൂസിലാൻഡിനെതിരായ പരമ്പര പരാജയം ഇന്ത്യയെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ ഉണ്ടാക്കിയിട്ടുള്ളത്. ഇനി ഇന്ത്യക്ക് ഈ സൈക്കിളിൽ അവശേഷിക്കുന്നത് 6 ടെസ്റ്റ് മത്സരങ്ങളാണ്.

ഇതിൽ നാലെണ്ണത്തിൽ വിജയം നേടിയാൽ മാത്രമേ ഇന്ത്യയ്ക്ക് ഫൈനലിൽ എത്താൻ സാധിക്കൂ. ന്യൂസിലാൻഡിനെതിരായ അവസാന മത്സരത്തിൽ ഇന്ത്യയ്ക്ക് വിജയത്തിൽ കുറഞ്ഞതൊന്നും തന്നെ സ്വന്തമാക്കാൻ സാധിക്കില്ല. ശേഷം ഓസ്ട്രേലിയക്കെതിരെ നടക്കുന്ന പരമ്പരയിലും 3 വിജയങ്ങൾ ഇന്ത്യയ്ക്ക് അനിവാര്യമാണ്.

Previous articleകോഹ്ലി ഇക്കാര്യം ചെയ്യണം. നിര്‍ദ്ദേശവുമായി ദിനേശ് കാർത്തിക്ക്.
Next articleഹെലികോപ്റ്ററും റോക്കറ്റും വാളും. നിലനിർത്തുന്ന 5 താരങ്ങളെ പ്രഖ്യാപിച്ച് ചെന്നൈ.