2023 ഏകദിന ലോകകപ്പിനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചിരിക്കുകയാണ്. ഇന്ത്യൻ ടീമടക്കം ലോകകപ്പിനുള്ള മുന്നൊരുക്കങ്ങൾ നടത്തിത്തുടങ്ങി. ഇത്തവണ ഇന്ത്യയിൽ ലോകകപ്പ് നടക്കുന്നതിനാൽ തന്നെ വലിയ പ്രതീക്ഷകളാണ് ഇന്ത്യൻ ടീം വെച്ചുപുലർത്തുന്നത്. എന്നിരുന്നാലും ഇംഗ്ലണ്ട്, പാക്കിസ്ഥാൻ, ഓസ്ട്രേലിയ, ന്യൂസിലാൻഡ് എന്നീ ടീമുകളൊക്കെയും ഇന്ത്യൻ മണ്ണിൽ തലവേദനയുണ്ടാക്കും എന്ന കാര്യത്തിൽ സംശയമില്ല. ലോകകപ്പിന്റെ വേദികൾ പ്രഖ്യാപിച്ചതിന് പിന്നാലെയായി ഇത്തവണത്തെ ലോകകപ്പ് ഫൈനലിസ്റ്റുകളെ പ്രവചിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ താരങ്ങൾ. സുനിൽ ഗവാസ്ക്കർ, സൗരവ് ഗാംഗുലി, ഹർഭജൻ സിംഗ്, മാത്യു ഹെയ്ഡൻ എന്നിവരൊക്കെയുമാണ് ലോകകപ്പ് ഫൈനലിസ്റ്റുകളെ പ്രവചിച്ചിരിക്കുന്നത്. എന്നാൽ ഇന്ത്യ ലോകകപ്പിന്റെ ഫൈനലിൽ എത്തില്ല എന്ന അഭിപ്രായമാണ് സുനിൽ ഗവാസ്ക്കർ പങ്കുവെച്ചിരിക്കുന്നത്.
ലോകകപ്പ് ഷെഡ്യൂൾഡ് പ്രഖ്യാപനത്തിന് പിന്നാലെ സ്റ്റാർ സ്പോർട്സിൽ നടന്ന പരിപാടിയിലാണ് ഗവാസ്കർ അഭിപ്രായം രേഖപ്പെടുത്തിയത്. ഇന്ത്യൻ ടീം ലോകകപ്പിലെ ഫേവറേറ്റുകളാവില്ല എന്നാണ് സുനിൽ ഗവാസ്കർ പറയുന്നത്. “ഞാൻ തിരഞ്ഞെടുക്കേണ്ടത് എത്ര ടീമുകളെയാണ്? രണ്ടോ മൂന്നോ? മൂന്ന് ടീമുകളാണെങ്കിൽ ഞാൻ തിരഞ്ഞെടുക്കുക ഇംഗ്ലണ്ട്, ഓസ്ട്രേലിയ, പാക്കിസ്ഥാൻ എന്നീ ടീമുകളെയാവും.”- സുനിൽ ഗവാസ്കർ പറഞ്ഞു. എന്നാൽ ഇന്ത്യയെ സുനിൽ ഗവാസ്കർ ഇത്തരത്തിൽ അവഗണിച്ചതിനെതിരെ രൂക്ഷമായ വിമർശനമാണ് ഉയർന്നിരിക്കുന്നത്. ലോകകപ്പിൽ ഇന്ത്യ ജേതാക്കളാവരുത് എന്ന് വിചാരിക്കുന്ന ഒരു ഇന്ത്യക്കാരൻ ഗവാസ്കർ മാത്രമാവും എന്നാണ് ട്വീറ്റുകളിൽ ആരാധകർ രേഖപ്പെടുത്തിയിരിക്കുന്നത്.
ഇതേസമയം ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിംഗ് തന്റെ പ്രിയപ്പെട്ട നാല് ടീമുകളെ പ്രവചിച്ചു. “വളരെ സമ്മർദ്ദമേറിയ ടൂർണമെന്റാണ് ഇന്ത്യയിൽ നടക്കാൻ പോകുന്നത്. മൂന്ന് ടീമുകളെ തിരഞ്ഞെടുക്കാൻ പറഞ്ഞാൽ ഞാൻ തിരഞ്ഞെടുക്കുന്നത് ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ഇന്ത്യ എന്നീ ടീമുകളെയാകും. ഈ ടീമുകൾ തന്നെയാണ് ഈ ടൂർണമെന്റിലെ കരുത്തന്മാർ. ഇന്ത്യയിൽ ഇത്തവണ ലോകകപ്പ് നടക്കുന്നതുകൊണ്ടുതന്നെ ഇന്ത്യൻ ടീമിനെ ഒരുതരത്തിലും വിലകുറച്ചു കാണാൻ സാധിക്കില്ല.”- ഹർഭജൻ സിംഗ് കൂട്ടിച്ചേർക്കുകയുണ്ടായി.
ഇതേസമയം ഇംഗ്ലണ്ട്, ഇന്ത്യ, ഓസ്ട്രേലിയ എന്നീ ടീമുകളാവും ആദ്യ മൂന്നിലെത്തുക എന്നാണ് മുൻ ഇന്ത്യൻ നായകൻ ഗാംഗുലി പറഞ്ഞത്. നാലാമത്തെ ടീമായി പാക്കിസ്ഥാനെയാണ് ഗാംഗുലി പ്രതീക്ഷിക്കുന്നത്. ഓസ്ട്രേലിയൻ മുൻ താരം ഹെയ്ഡന്റെ അഭിപ്രായത്തിൽ പാക്കിസ്ഥാൻ, ഇന്ത്യ, ഓസ്ട്രേലിയ എന്ന ടീമുകൾ ഫൈനലിലെത്തും. എന്തായാലും സുനിൽ ഗവാസ്കറുടെ പ്രവചനം സാമൂഹ്യ മാധ്യമങ്ങളടക്കം വലിയ ചർച്ചയ്ക്ക് വിധേയമായിട്ടുണ്ട്.