കേരളത്തെ അവഗണിച്ച് അഹമ്മദാബാദിനെ പുതിയ ക്രിക്കറ്റ്‌ തലസ്ഥാനമാക്കുന്നോ? ബിസിസിഐയെ ചോദ്യം ചെയ്ത് ശശി തരൂർ.

കേരളത്തിൽ ലോകകപ്പ് നടത്താൻ തയ്യാറാവാത്ത സാഹചര്യത്തിൽ ബിസിസിഐക്കെതിരെ വലിയ വിമർശനവുമായി ശശി തരൂർ എംപി. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സ്റ്റേഡിയങ്ങളിൽ ഒന്നായ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തെ ലോകകപ്പ് വേദികളിൽ നിന്ന് ഒഴിവാക്കിയതാണ് ശശി തരൂരിനെ നിരാശപ്പെടുത്തിയിരിക്കുന്നത്. ഇതിനെതിരെ ആഞ്ഞടിച്ചുകൊണ്ടാണ് തരൂർ രംഗത്ത് എത്തിയിരിക്കുന്നത്. “അഹമ്മദാബാദിനെ ഇന്ത്യൻ ക്രിക്കറ്റിന്റെ പുതിയ തലസ്ഥാനമായി നിശ്ചയിച്ചിട്ടുണ്ടോ? എന്തായാലും ഒന്നോ രണ്ടോ ലോകകപ്പ് മത്സരങ്ങൾ കേരളത്തിന് അനുവദിക്കേണ്ടിയിരുന്നു.”- ശശി തരൂർ ട്വിറ്ററിൽ കുറിച്ചു.

മുൻപ് തിരുവനന്തപുരത്ത് ഏതാനും ലോകകപ്പ് മത്സരങ്ങൾ നടത്തുമെന്ന രീതിയിൽ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അതിനാൽ തന്നെ വലിയ പ്രതീക്ഷയിൽ തന്നെയായിരുന്നു കേരളത്തിലെ ആരാധകർ. എന്നാൽ ലോകകപ്പിന്റെ മത്സരക്രമം പുറത്തുവന്നതോടെ മുൻവിധികളൊക്കെയും തെറ്റുകയായിരുന്നു. ലോകകപ്പിലെ ഒരു മത്സരം പോലും കാര്യവട്ടത്ത് നടക്കുന്നില്ല. ആകെ കാര്യവട്ടത്ത് നടക്കുന്നത് ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരങ്ങൾ മാത്രമാണ്. തിരുവനന്തപുരവും ഗുവാഹത്തിയുമാണ് സന്നഹമത്സരങ്ങൾക്ക് വേദിയാകുന്നത്.

2023 ഒക്ടോബർ അഞ്ചിനാണ് ഏകദിന ലോകകപ്പ് ആരംഭിക്കുന്നത്. ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടും ന്യൂസിലാന്റും തമ്മിലാണ് ഏറ്റുമുട്ടുന്നത്. ശേഷം ഇന്ത്യ- പാകിസ്ഥാൻ പോരാട്ടം, ലോകകപ്പിന്റെ ഫൈനൽ മത്സരം എന്നിവ അഹമ്മദാബാദിലെ നരേന്ദ്രമോഡി സ്റ്റേഡിയത്തിലാണ് നിശ്ചയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ശശി തരൂർ അഹമ്മദാബാദിനെ വിമർശിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുന്നത്. ഇന്ത്യയിൽ 10 വേദികളിലായി 48 മത്സരങ്ങളാണ് ലോകകപ്പിൽ ക്രമീകരിച്ചിരിക്കുന്നത്. ഡൽഹി, ദരംശാല, ലക്നൗ, കൊൽക്കത്ത, മുംബൈ, പൂനെ, ഹൈദരാബാദ്, ചെന്നൈ, ബാംഗ്ലൂർ എന്നിവിടങ്ങളാണ് ലോകകപ്പിന്റെ മറ്റു വേദികൾ.

2011ന് ശേഷം ആദ്യമായിയാണ് ഇന്ത്യയിൽ 50 ഓവർ ലോകകപ്പ് നടക്കുന്നത്. 2011 ലോകകപ്പ് ഇന്ത്യയിൽ നടന്നപ്പോൾ ഇന്ത്യ തന്നെയായിരുന്നു ജേതാക്കളായത്. അതിനാൽ തന്നെ ഇത്തവണത്തെ ലോകകപ്പിനും വലിയ പ്രതീക്ഷയാണ് ഇന്ത്യൻ ടീം വച്ചിരിക്കുന്നത്. ലോകകപ്പിനു മുൻപായി ഏഷ്യകപ്പും മറ്റു പരമ്പരകളും ഇന്ത്യൻ ടീം കളിക്കും. എന്തായാലും ലോകകപ്പ് ഇന്ത്യൻ മണ്ണിലേക്ക് തിരിച്ചെത്തുമ്പോൾ വളരെ ആവേശത്തിൽ തന്നെയാണ് ക്രിക്കറ്റ് ആരാധകർ.