രണ്ടാം മത്സരത്തിലും വിജയം. പരമ്പര സ്വന്തമാക്കി ഇന്ത്യ

വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള രണ്ടാം ഏകദിനത്തില്‍ വിജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കി. 44 റണ്‍സിനായിരുന്നു ഇന്ത്യന്‍ വിജയം. ഇന്ത്യ ഉയര്‍ത്തിയ 238 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വെസ്റ്റ് ഇന്‍ഡീസ് 46 ഓവറില്‍ 193 റണ്‍സിനു എല്ലാവരും പുറത്തായി. ഫുള്‍ ടൈം ക്യാപ്റ്റനായതിനു ശേഷം ആദ്യ ഏകദിന പരമ്പര സ്വന്തമാക്കാന്‍ രോഹിത് ശര്‍മ്മക്ക് കഴിഞ്ഞു

വിജയലക്ഷ്യം പിന്തുടര്‍ന്ന വെസ്റ്റ് ഇന്‍ഡീസിനു വേണ്ടി കരുതലോടെയാണ് ഓപ്പണര്‍മാര്‍ തുടങ്ങിയത്. എന്നാല്‍ എട്ടാം ഓവറില്‍ വിക്കറ്റ് വീണതോടെ വിന്‍ഡീസ് പതനം ആരംഭിച്ചു. പന്തിൽ നിന്ന് 18 റൺസെടുത്ത ഓപ്പണർ ബ്രണ്ടൻ കിങ്ങിനെ പ്രസിദ്ധ്, ഋഷഭ് പന്തിന്റെ കൈയിലെത്തിക്കുകയായിരുന്നു. 31 ന് 1 എന്ന നിലയില്‍ നിന്നും 76 ന് 5 എന്ന നിലയിലേക്ക് വിന്‍ഡീസ് വീണു. ഷായ് ഹോപ്പ് (27) ബ്രാവോ (1) നിക്കോളസ് പൂരന്‍ (9) ജേസണ്‍ ഹോള്‍ഡര്‍ (2) എന്നിവര്‍ 14 ഓവറുകളുടെ ഇടയില്‍ നഷ്ടമായി.

334185

ബ്രൂക്ക്സിനൊപ്പം അകീല്‍ ഹുസൈന്‍ എത്തിയതോടെയാണ് തകര്‍ച്ചയില്‍ നിന്നും വെസ്റ്റ് ഇന്‍ഡീസ് കര കയറിയത്. ഇരുവരും ചേര്‍ന്ന് 54 പന്തില്‍ 41 റണ്‍സ് കൂട്ടിചേര്‍ത്തു. ബ്രൂക്ക്സിനെ പുറത്താക്കി (64 പന്തില്‍ 44) ദീപക്ക് ഹൂഡ നിര്‍ണായകവും കരിയറിലെ ആദ്യ വിക്കറ്റും നേടി. ഫാബിയന്‍ അലനെ കൂട്ടു പിടിച്ചു അകീല്‍ ഹുസൈന്‍ ലക്ഷ്യത്തിലേക്ക് ബാറ്റ് ചെയ്തു.

52 പന്തില്‍ 34 റണ്‍സ് നേടിയ അകീല്‍ ഹുസൈനെയും 22 പന്തില്‍ 13 റണ്‍സ് നേടിയ ഫാബിയന്‍ അലനെയും 1 ഓവറിന്‍റെ വിത്യാസത്തില്‍ പുറത്താക്കി ഇന്ത്യന്‍ ബോളര്‍മാര്‍ മത്സരത്തിലേക്ക് തിരിച്ചെത്തി. എന്നാല്‍ ഒഡിയന്‍ സ്മിത്ത് ബൗണ്ടറികള്‍ നേടി ഇന്ത്യയെ വിറപ്പിച്ചു. താക്കൂറിനെ രണ്ട് സിക്സിനു പറത്തി വരവറിയിച്ച ഓഡിയന്‍ സ്മിത്ത് സിറാജിനെതിരെ ഒരു ബൗണ്ടറിയും നേടി. 19 പന്തില്‍ 24 റണ്‍സ് നേടിയ സ്മിത്തിനെ വാഷിങ്ങ്ടണിന്‍റെ പന്തില്‍ ബൗണ്ടറികരികില്‍ മനോഹരമായ ക്യാച്ചിലൂടെ വീരാട് കോഹ്ലി പുറത്താക്കി.

334182

ഇന്ത്യക്കായി പ്രസീദ് കൃഷ്ണ 4 വിക്കറ്റ് നേടിയപ്പോള്‍ താക്കൂര്‍ 2 വിക്കറ്റ് നേടി. മുഹമ്മദ് സിറാജ്, ചഹല്‍, വാഷിങ്ങ്ടണ്‍ സുന്ദര്‍, ദീപക്ക് ഹൂഡ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ഇന്ത്യ ബാറ്റിംഗിനിറങ്ങുകയായിരുന്നു. രോഹിത് ശര്‍മ്മക്കൊപ്പം വിക്കറ്റ് കീപ്പര്‍ റിഷഭ് പന്താണ് ഓപ്പണിംഗിനിറങ്ങിയത്. മൂന്നാം ഓവറില്‍ തന്നെ ഇന്ത്യയ്ക്ക് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ (5) വിക്കറ്റ് നഷ്ടമായി. 12-ാം ഓവറിന്റെ ആദ്യ പന്തിൽ റിഷഭ് പന്തും (18) വിരാട് കോഹ്ലിയും (18) പുറത്തായെങ്കിലും കെല്‍ രാഹുലും സൂര്യകുമാര്‍ യാദവും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.

334156

എന്നാൽ സ്‌കോര്‍ 134-ല്‍ നില്‍ക്കേ 48 പന്തില്‍ നിന്ന് രണ്ട് സിക്സും നാല് ഫോറുമടക്കം നേടി 49 റണ്‍സ് നേടിയ രാഹുൽ റണ്ണൗട്ടായി.  4–ാം വിക്കറ്റിൽ ഒത്തുചേർന്ന രാഹുൽ– സൂര്യകുമാർ സഖ്യം 91 റൺസ് ചേർത്തു. അധികം വൈകാതെ 39-ാം ഓവറില്‍ സൂര്യകുമാറും പുറത്തായി. 83 പന്തില്‍ നിന്ന് അഞ്ച് ഫോറടക്കം 64 റണ്‍സായിരുന്നു സമ്പാദ്യം.

ഓള്‍റൗണ്ടര്‍മാരായ വാഷിങ്ങ്ടണ്‍ സുന്ദറും (24) ദീപക്ക് ഹൂഡയും (29) ചേര്‍ന്ന് ഇന്ത്യന്‍ ഇന്നിംഗ്സ് 200 കടത്തി. യുസ്‌വേന്ദ്ര ചെഹൽ (10 പന്തിൽ 11), പ്രസിദ്ധ് കൃഷ്ണ (3 പന്തിൽ 0) എന്നിവർ പുറത്താകാതെനിന്നു. വിൻഡീസിനായി ഒഡിയൻ സ്മിത്ത്, അൽസരി ജോസഫ് എന്നിവർ രണ്ടും, കെമാർ റോച്ച്, അക്കീൽ ഹൊസെയ്ൻ, ഫേബിയൻ അലൻ, ജെയ്സൻ ഹോൾഡർ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Previous articleരക്ഷകനായി സൂര്യകുമാർ യാദവ് :അപൂർവ്വ നേട്ടവും സ്വന്തം
Next articleഇത്തവണ വീരാട് കോഹ്ലി മറികടന്നത് ഗാംഗുലിയെ. സച്ചിന്‍ തൊട്ടു പുറകില്‍