വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് 6 വിക്കറ്റ് വിജയം. 177 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 28 ഓവറില്‍ മറികടന്നു. ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയില്‍ ഇന്ത്യ 1-0 ത്തിനു മുന്നില്‍ എത്തി. അടുത്ത മത്സരം ഫെബ്രുവരി 9 നാണ്. സ്കോര്‍ വെസ്റ്റ് ഇന്‍ഡീസ് ; 176/10 ഇന്ത്യ 178/4. ഇന്ത്യയുടെ 1000 മത്തെ ഏകദിന മത്സരവും ഫുള്‍ ടൈം ക്യാപ്റ്റനായുള്ള രോഹിത് ശര്‍മ്മയുടെ ആദ്യ ഏകദിന മത്സരം കൂടിയായിരുന്നു ഇത്.
വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് മികച്ച തുടക്കമാണ് ലഭിച്ചത് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും ഇഷാന്‍ കിഷാനും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 84 റണ്‍സാണ് കൂട്ടിചേര്‍ത്തത്. 51 പന്തില്‍ 10 ഫോറും ഒരു സിക്സുമായി 60 റണ്‍സ് നേടിയ രോഹിത് ശര്‍മ്മയാണ് ആദ്യം പുറത്തായത്. തൊട്ടു പിന്നാലെ 4 പന്തില്‍ 8 റണ്‍സ് നേടിയ വീരാട് കോഹ്ലി പുറത്തായി.
അധികം വൈകാതെ ഇഷാന്‍ കിഷനും (36 പന്തില്‍ 28) റിഷഭ് പന്തും (9 പന്തില്‍ 11) പുറത്തായതോടെ ഇന്ത്യ 116 റണ്‍സിനു 4 എന്ന നിലയില്‍ എത്തി. എന്നാല്‍ അരങ്ങേറ്റ മത്സരം കളിക്കുന്ന ദീപക്ക് ഹൂഡയും (32 പന്തില്‍ 26) സൂര്യകുമാര്‍ യാദവും (31 പന്തില്‍ 33) ചേര്‍ന്ന് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. ഇരുവരും ചേര്‍ന്ന് അപരാജിത 62 റണ്‍സ് കൂട്ടിചേര്‍ത്താണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ വെസ്റ്റ് ഇന്‍ഡീസിനു മോശം തുടക്കമാണ് ലഭിച്ചത്. ഒരു ഘട്ടത്തിൽ 22.5 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 79 റൺസെന്ന നിലയിലായിരുന്നു വെസ്റ്റിൻഡീസിനെ, എട്ടാം വിക്കറ്റിൽ ഒത്തു ചേര്‍ന്ന ജെയ്സൻ ഹോൾഡർ – ഫാബിയൻ അലൻ സഖ്യമാണ് ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്. 71 പന്തില്‍ 4 സിക്സ് സഹിതം 57 റണ്‍സാണ് നേടിയത്. ഫാബിയൻ അലൻ 43 പന്തില്‍ 29 റൺസെടുത്തു.
ഷായ് ഹോപ്പ് (10 പന്തിൽ എട്ട്), ബ്രണ്ടൻ കിങ് (26 പന്തിൽ 13), ഡാരൻ ബ്രാവോ (34 പന്തിൽ 18), ഷമർ ബ്രൂക്സ് (26 പന്തിൽ 12), നിക്കോളാസ് പുരാൻ (25 പന്തിൽ 18), അകീൽ ഹുസൈൻ (0), അൽസാരി ജോസഫ് (16 പന്തിൽ 13) എന്നിങ്ങനെയാണ് മറ്റ് വിൻഡീസ് താരങ്ങളുടെ പ്രകടനം. ക്യാപ്റ്റന്‍ പൊള്ളാര്‍ഡ് നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായി.
മുഹമ്മദ് സിറാജായിരുന്നു വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടത്. യുസ്‌വേന്ദ്ര ചെഹൽ 9.5 ഓവറിൽ 49 റൺസ് വഴങ്ങിയാണ് നാലു വിക്കറ്റ് വീഴ്ത്തിയത്. വാഷിങ്ടൻ സുന്ദർ 9 ഓവറിൽ 30 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. പ്രസിദ്ധ് കൃഷ്ണ 10 ഓവറിൽ 29 റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റെടുത്തു