ശ്രീലങ്കയ്ക്കെതിരായ ഏഷ്യാകപ്പ് മത്സരത്തിൽ ത്രസിപ്പിക്കുന്ന വിജയം നേടി ഇന്ത്യൻ നിര. മത്സരത്തിൽ 213 എന്ന കുറഞ്ഞ സ്കോറിൽ ഓൾ ഔട്ട് ആയ ഇന്ത്യ ശക്തമായ ബോളിംഗ് പ്രകടനത്തോടെ വിജയം നേടുകയായിരുന്നു. മത്സരത്തിൽ 41 റൺസിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ബാറ്റിംഗിൽ ഇന്ത്യക്കായി രോഹിത് ശർമ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചപ്പോൾ, ബോളിങ്ങിൽ കുൽദീപ് യാദവ്, ബുമ്ര, രവീന്ദ്ര ജഡേജ എന്നിവർ തീയായി മാറുകയായിരുന്നു. ഈ വിജയത്തോടെ ഇന്ത്യ ഏഷ്യാകപ്പിന്റെ ഫൈനലിൽ സ്ഥാനം പിടിച്ചിട്ടുണ്ട്.
മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മികച്ച തുടക്കം തന്നെയാണ് ഇന്ത്യയ്ക്ക് രോഹിത് ശർമ നൽകിയത്. ആദ്യ വിക്കറ്റിൽ ശുഭ്മാൻ ഗില്ലിനൊപ്പം ചേർന്ന് 80 റൺസിന്റെ കൂട്ടുകെട്ട് കെട്ടിപ്പടുക്കാൻ രോഹിത് ശർമയ്ക്ക് സാധിച്ചു. എന്നാൽ പിന്നീട് ശ്രീലങ്കയുടെ യുവ സ്പിന്നർ വെല്ലലാഗെ കളത്തിൽ എത്തിയതോടെ ഇന്ത്യൻ ബാറ്റിംഗ് നിര തകർന്നുവീഴാൻ തുടങ്ങി. മത്സരത്തിൽ 48 പന്തുകളിൽ 7 ബൗണ്ടറികളും രണ്ട് സിക്സറുമടക്കം 53 റൺസാണ് രോഹിത് ശർമ നേടിയത്. രോഹിത് ശർമ്മയ്ക്ക് പിന്നാലെ ഇന്ത്യയുടെ ബാറ്റിങ് നിര തകർന്നു വീഴുകുകയായിരുന്നു. ഇഷാൻ കിഷാൻ(33) കെഎൽ രാഹുൽ(39) അക്ഷർ പട്ടെൽ(26) എന്നിവർ മാത്രമാണ് ഇന്ത്യൻ നിരയിൽ അല്പമെങ്കിലും പിടിച്ചു നിന്നത്. മത്സരത്തിൽ 213 റൺസിനാണ് ഇന്ത്യ ഓൾ ഔട്ട് ആയത്.
ശ്രീലങ്കയ്ക്കായി വെല്ലലാഗെ അഞ്ചു വിക്കറ്റുകളും അസലങ്ക നാലു വിക്കറ്റുകളിൽ നേടി വീര്യം കാട്ടുകയുണ്ടായി. മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കക്കെതിരെ തകർപ്പൻ ബോളിംഗ് പ്രകടനമാണ് ഇന്ത്യയുടെ പേസർമാർ കാഴ്ചവച്ചത്. ബൂമ്രയും സിറാജും കൃത്യമായ ഇടവേളകളിൽ ശ്രീലങ്കയുടെ വിക്കറ്റുകൾ പിഴുതെറിഞ്ഞത് ഇന്ത്യക്ക് സഹായകരമായി. പിന്നീട് കുൽദീപ് യാദവ് കൂടി ബോൾ ടേൺ ചെയ്യിക്കാൻ തുടങ്ങിയതോടെ ഇന്ത്യ മത്സരത്തിൽ പ്രതീക്ഷ വയ്ക്കാൻ തുടങ്ങി.
എന്നാൽ ഇതിനുശേഷം ഏഴാം വിക്കറ്റിൽ ധനഞ്ജയ ഡി സിൽവയും വെല്ലാലാഗെയും(42*) ചേർന്ന് ഒരു കിടിലൻ കൂട്ടുകെട്ട് ശ്രീലങ്കയ്ക്കായി കെട്ടിപ്പടുത്തു. 63 റൺസിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് മത്സരത്തിൽ നേടിയത്. ഇതോടെ വിജയം ശ്രീലങ്കയുടെ പാതയിലേക്ക് ചലിച്ചു. പക്ഷേ ആ സമയത്തായിരുന്നു ഇന്ത്യയുടെ രക്ഷകനായി ജഡേജ എത്തിയത്. ഡീ സിൽവയെ 41 റൺസിന് പുറത്താക്കി ജഡേജ ഇന്ത്യൻ ക്യാമ്പിൽ പ്രതീക്ഷകൾ നൽകി. പിന്നാലെ ഹർദിക്കും കുൽദീപ് യാദവും വിക്കറ്റുകൾ സ്വന്തമാക്കിയതോടെ ഇന്ത്യ മത്സരത്തിൽ വിജയം കാണുകയായിരുന്നു.