ലോകറെക്കോർഡ് സ്വന്തമാക്കി കോഹ്ലി- രോഹിത് സഖ്യം. നമ്പർ 1 ജോഡി.

virat and rohit in match

ഏഷ്യാകപ്പിലെ ഇന്ത്യ- ശ്രീലങ്ക മത്സരത്തിനിടെ ഒരു തകർപ്പൻ ലോക റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യൻ നായകൻ രോഹിത് ശർമയും വിരാട് കോഹ്ലിയും. ഇരുവരും ചേർന്ന സൂപ്പർ ജോഡിയാണ് ബാറ്റിംഗ് മൈതാനത്ത് ലോക റെക്കോർഡ് സൃഷ്ടിച്ചത്. ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗതയിൽ 5000 റൺസ് നേടുന്ന സഖ്യമായി കോഹ്ലിയും രോഹിത് ശർമയും മാറിയിരിക്കുന്നു. മുൻപ് വെസ്റ്റിൻഡീസിന്റെ മുൻ ഇതിഹാസ ബാറ്റിംഗ് ജോഡികളായ ഗ്രീനിഡ്ജിന്റെയും ഡസ്മണ്ട് ഹെയ്ൻസിന്‍റെയും പേരിലായിരുന്നു ഈ ലോക റെക്കോർഡ്. ഇതാണ് ഇപ്പോൾ കോഹ്ലി- രോഹിത് സഖ്യം മറികടന്നിരിക്കുന്നത്.

ഗ്രീനിഡ്ജും ഹെയ്ൻസും ചേർന്ന് 97 ഇന്നിംഗ്സുകളിൽ നിന്നായിരുന്നു 5000 ഏകദിന റൺസ് കണ്ടെത്തിയത്. ഇപ്പോൾ ഈ റെക്കോർഡ് തകർത്തിരിക്കുകയാണ് ഇന്ത്യയുടെ സൂപ്പർ ജോഡികൾ. രോഹിത്തും കോഹ്ലിയും ചേർന്ന് കേവലം 86 ഇന്നിങ്സുകളിൽ നിന്ന് മാത്രമാണ് 5000 റൺസ് പൂർത്തിയാക്കിയിരിക്കുന്നത്. ഈ ലിസ്റ്റിൽ മൂന്നാം സ്ഥാനത്തുള്ളത് ഓസ്ട്രേലിയയുടെ ആദം ഗിൽക്രിസ്റ്റും മാത്യു ഹെയ്ഡനുമാണ്.

ഇരുവരും 104 ഇന്നിങ്സുകളിൽ നിന്നാണ് 5000 റൺസിന്റെ കൂട്ടുകെട്ട് കെട്ടിപ്പടുത്തത്. നാലാം സ്ഥാനത്ത് ശ്രീലങ്കയുടെ തിലകരത്നെ ദിൽഷനും കുമാർ സംഗക്കാരെയും ലിസ്റ്റിൽ നിൽക്കുന്നു. ഇരുവരും 104 ഇന്നിംഗ്സുകളിൽ നിന്നാണ് 5000 റൺസ് നേട്ടം കൈവരിച്ചത്. ഇന്ത്യയുടെ തന്നെ മറ്റൊരു ജോഡിയായ രോഹിത്- ശിഖർ ധവാൻ സഖ്യമാണ് ലിസ്റ്റിൽ ഇവർക്ക് പിന്നിലുള്ളത്. 112 ഇന്നിംഗ്സുകളിൽ നിന്നാണ് രോഹിത് ശർമയും ശിഖർ ധവാനും 5000 റൺസ് പൂർത്തീകരിച്ചത്.

Read Also -  ത്രില്ലർ മത്സരത്തിൽ ആഫ്രിക്കയെ തകർത്ത് ഇന്ത്യൻ പെൺപുലികൾ.  മന്ദാനയ്ക്കും ഹർമൻപ്രീതിനും സെഞ്ചുറി.

ഏകദിന ക്രിക്കറ്റിൽ ഏറ്റവും കുറഞ്ഞത് 4000 റൺസെങ്കിലും സ്വന്തമാക്കിയിട്ടുള്ള 13 ജോഡികളെ കണക്കിലെടുക്കുകയാണെങ്കിൽ, കൂട്ടത്തിൽ ഏറ്റവും ശരാശരിയുള്ളത് രോഹിത്- കോഹ്ലി സഖ്യത്തിനാണ്. 62.57 എന്ന തകർപ്പൻ ശരാശരിയിലാണ് കോഹ്ലി- രോഹിത് സഖ്യം 5000 റൺസ് പൂർത്തീകരിച്ചിട്ടുള്ളത്. ഇരുവരും ചേർന്ന് 18 തവണ സെഞ്ചുറി കൂട്ടുകെട്ടുകൾ കെട്ടിപ്പടുത്തിട്ടുണ്ട്. 15 അർത്ഥസെഞ്ച്വറി കൂട്ടുകെട്ടുകളും ഇരുവരുടെയും സമ്പാദ്യമാണ്. ശ്രീലങ്കയ്ക്കെതിരായ മത്സരത്തിനിറങ്ങുമ്പോൾ ഈ റെക്കോർഡ് മറികടക്കാൻ ഇരുവർക്കും വേണ്ടിയിരുന്നത് രണ്ട് റൺസ് മാത്രമായിരുന്നു.

ഇന്ത്യൻ ഇന്നിങ്സിലെ പന്ത്രണ്ടാം ഓവറിൽ ഗില്‍ പുറത്തായ ശേഷമാണ് മൂന്നാമനായി വിരാട് കോഹ്ലി ക്രീസിലെത്തിയത്. നേരിട്ട മൂന്നാം പന്തിൽ കോഹ്ലി ഒരു ഡബിൾ നേടിയതോടെയാണ് സഖ്യം റെക്കോർഡ് കുറിച്ചത്. മത്സരത്തിൽ രോഹിത് ശർമ 48 പന്തുകളിൽ 53 റൺസുമായി തകർപ്പൻ പ്രകടനം കാഴ്ചവച്ചു. എന്നാൽ വിരാട് കോഹ്ലിക്ക് പാക്കിസ്ഥാനെതിരായ മത്സരത്തിലെ ഫോം ആവർത്തിക്കാൻ സാധിച്ചില്ല. എന്നിരുന്നാലും വരാനിരിക്കുന്ന മത്സരങ്ങളിൽ കോഹ്ലി അതിശക്തമായി തന്നെ തിരികെയെത്തുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ആരാധകർ.

Scroll to Top