വീണ്ടും കുൽദീപിന് അവഗണന. പ്ലയെർ ഓഫ് ദ് മാച്ച് പുരസ്‌കാരം മറ്റൊരു താരത്തിന്.

F517ynAbQAAaWMy

ശ്രീലങ്കക്കെതിരായ ഏഷ്യകപ്പ് സൂപ്പർ നാല് മത്സരത്തിൽ ഒരു കിടിലൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ആദ്യ ഇന്നിങ്സിൽ ചെറിയ സ്കോറിൽ ഒതുങ്ങേണ്ടി വന്നിട്ടും കുൽദീപ് യാദവിന്റെ തകർപ്പൻ ബോളിംഗ് മികവിൽ ഇന്ത്യ മത്സരം കൈപ്പിടിയിൽ ഒതുക്കുകയായിരുന്നു. ഇതോടുകൂടി ഇന്ത്യ ഏഷ്യാകപ്പ് ഫൈനലിൽ പ്രവേശിച്ചിട്ടുണ്ട്. പാക്കിസ്ഥാനെതിരായ മത്സരത്തിൽ 5 വിക്കറ്റ് നേട്ടമാണ് കുൽദീപ് നേടിയിരുന്നത്.

ഇതിന് തൊട്ടുപിന്നാലെ ശ്രീലങ്കയ്ക്കെതിരെ നാലു വിക്കറ്റുകൾ സ്വന്തമാക്കാനും കുൽദീപിന് സാധിച്ചു. എന്നിരുന്നാലും പാക്കിസ്ഥാനെതിരായ മത്സരത്തിന് സമ്മാനമായ രീതിയിൽ ഇത്തവണയും പ്ലയർ ഓഫ് ദി മാച്ച് പുരസ്കാരം കുൽദീപിന് ലഭിച്ചില്ല. ശ്രീലങ്കയുടെ യുവതാരം വെല്ലലാഗെയ്ക്കാണ് മത്സരത്തിൽ പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരം ലഭിച്ചത്.

മത്സരത്തിൽ ശ്രീലങ്കയെ വിജയിപ്പിക്കാൻ സാധിച്ചില്ലെങ്കിലും ഉഗ്രൻ പ്രകടനം തന്നെയായിരുന്നു വെല്ലലാഗെ കാഴ്ചവച്ചത്. ബോളിങ്ങിലും ബാറ്റിങ്ങിലും തന്റെ പോരാട്ടവീര്യം വെല്ലലാഗെ പുറത്തുകാട്ടി. ബോളിങ്ങിൽ ഇന്ത്യയുടെ മുൻനിരയെ തകർത്തെറിയുന്നതിൽ വെല്ലലാഗെ മികവ് പുലർത്തിയിരുന്നു. ശേഷം ബാറ്റിംഗിൽ ശ്രീലങ്കയുടെ വാലറ്റത്ത് വലിയ പ്രതീക്ഷയായി തുടർന്നത് ഈ താരമാണ്. ഈ ഓൾറൗണ്ട് പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് വെല്ലലാഗെയ്ക്ക് പ്ലെയർ ഓഫ് മാച്ച് പുരസ്കാരം നൽകാൻ തീരുമാനിച്ചത്. എന്നിരുന്നാലും മത്സരത്തിൽ കുൽദീപ് യാദവ് നടത്തിയ ഉഗ്രൻ ബോളിംഗ് പ്രകടനം മറക്കാനും സാധിക്കില്ല.

Read Also -  "അഫ്രീദിയോ ബുമ്രയോ അല്ല!! ഞാൻ നേരിട്ട ഏറ്റവും വേഗമേറിയ ബോളർ അവനാണ്"- ഫിൽ സോൾട്ട് പറയുന്നു.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കെതിരെ 10 ഓവറുകളിൽ 40 റൺസ് മാത്രം വിട്ട് നൽകി 5 വിക്കറ്റുകളാണ് യുവതാരം വെല്ലലാഗെ നേടിയത്. പിന്നാലെ ബാറ്റിംഗിൽ ശ്രീലങ്കയ്ക്കായി ഏഴാമനായി വെല്ലലാഗെ എത്തി. അവസാന നിമിഷം വരെ ശ്രീലങ്കൻ പ്രതീക്ഷകൾ കാത്ത വെല്ലലാഗെ 46 റൺസാണ് മത്സരത്തിൽ നേടിയത്. ഒരുപക്ഷേ മറുവശത്ത് ശ്രീലങ്കയുടെ വിക്കറ്റുകൾ ചീട്ടുകൊട്ടാരം പോലെ നഷ്ടമായില്ലായിരുന്നുവെങ്കിൽ വെല്ലലാഗെ അവരെ വിജയത്തിലും എത്തിച്ചേനെ.

മത്സരത്തിൽ ഏഴാം വിക്കറ്റിൽ ധനഞ്ജയ ഡി സിൽവയ്ക്കൊപ്പം ഒരു തകർപ്പൻ കൂട്ടുകെട്ട് വെല്ലലാഗെ കെട്ടിപ്പടുക്കുകയുണ്ടായി. 63 റൺസാണ് ഇരുവരും ചേർന്ന് കെട്ടിപ്പടുത്തത്. ഈ സമയത്ത് ഇന്ത്യയ്ക്ക് മേൽ തന്നെയായിരുന്നു മത്സരത്തിൽ സമ്മർദ്ദം. എന്നാൽ ഡീ സിൽവ പുറത്തായതോടെയാണ് ശ്രീലങ്കയ്ക്ക് ഒരു വശത്തുനിന്ന് വിക്കറ്റുകൾ നഷ്ടമാകാൻ തുടങ്ങിയത്.

എന്നിരുന്നാലും വളരെ അർഹതപ്പെട്ട അംഗീകാരം തന്നെയാണ് ഈ യുവതാരത്തിന് ലഭിച്ചിരിക്കുന്നത്. യാതൊരു പേരുമില്ലാതെ മത്സരത്തിലേക്ക് വന്ന വെല്ലലാഗെ ഇന്ത്യയുടെ സൂപ്പർ താരങ്ങളെയാടക്കം നന്നായി കറക്കി. വിരാട് കോഹ്ലി, രോഹിത് ശർമ, ശുഭമാൻ ഗിൽ, കെഎൽ രാഹുൽ തുടങ്ങിയ ലോകോത്തര നിലവാരമുള്ള ബാറ്റർമാരെയാണ് വെല്ലലാഗെ വീഴ്ത്തിയത്. എന്തായാലും ശ്രീലങ്കയ്ക്ക് ഭാവിയിൽ അഭിമാനിക്കാവുന്ന താരമായി വെല്ലലാഗെ മാറും എന്ന കാര്യത്തിൽ സംശയമില്ല.

Scroll to Top