ശ്രീലങ്കക്കെതിരെയുള്ള ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യക്ക് 4 വിക്കറ്റിന്‍റെ വിജയം. ശ്രീലങ്ക ഉയര്‍ത്തിയ 216 റണ്‍സ് വിജയലക്ഷ്യം 43.2 ഓവറില്‍ മറികടന്നു. അര്‍ധസെഞ്ചുറിയുമായി കെല്‍ രാഹുലാണ് ടീം ഇന്ത്യയയുടെ ടോപ്പ് സ്കോററായത്. വിജയത്തോടെ ഇന്ത്യ പരമ്പര സ്വന്തമാക്കി
വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ ബാറ്റിംഗ് തകര്‍ച്ച നേരിട്ടു. രോഹിത് ശര്‍മ്മ (17) ശുഭ്മാന്‍ ഗില്‍ (21) വിരാട് കോഹ്ലി (4) എന്നിവര്‍ പുറത്തായതോടെ ഇന്ത്യ 62 ന് 3 എന്ന നിലയിലായി. 33 പന്തുകള്‍ നേരിട്ട ശ്രേയസ്സ് അയ്യരും മടങ്ങി. 5 ഫോര്‍ സഹിതം 28 റണ്‍സാണ് അയ്യര്‍ നേടിയത്.
പിന്നാലെ ഹര്‍ദ്ദിക്ക് പാണ്ട്യയും കെല്‍ രാഹുലും ചേര്‍ന്ന് ചെറുത്ത് നില്‍പ്പ് നടത്തി. നല്ല ബോളുകള്‍ ബഹുമാനിച്ചും മോശം ബോളുകള്‍ ശിക്ഷിച്ചും കൂട്ടുകെട്ട് മുന്നോട്ട് നീങ്ങി. ഹര്‍ദ്ദിക്ക് പാണ്ട്യയെ (36) കുശാല്‍ മെന്‍ഡിസിന്‍റെ കൈകളില്‍ എത്തിച്ച് കരുണരത്ന ശ്രീലങ്കക്കായി ബ്രേക്ക് ത്രൂ നല്‍കി.
ഹര്‍ദ്ദിക്ക് പുറത്താക്കുമ്പോള്‍ ഇന്ത്യക്ക് വേണ്ടിയിരുന്നത് 55 റണ്‍സായിരുന്നു. 21 റണ്‍സുമായി അക്സര്‍ കൂറ്റന്‍ ഷോട്ടടിക്കുന്നതിനിടെ പുറത്തായി. ഒരറ്റത്ത് വിക്കറ്റ് കാത്ത കെല്‍ രാഹുല്‍ 93 പന്തില്‍ തന്‍റെ ഫിഫ്റ്റി കണ്ടെത്തി. 10 റണ്‍സുമായി കുല്‍ദീപ് യാദവ് മികച്ച പിന്തുണ നല്‍കിയപ്പോള്‍ 44ാം ഓവറില്‍ ഇന്ത്യ വിജയം കണ്ടെത്തി. 102 പന്തില്‍ 6 ഫോര്‍ സഹിതം 64 റണ്‍സാണ് നേടിയത്.
നേരത്തെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക 39.4 ഓവറിൽ 215 റണ്‍സില്‍ എല്ലാവരും പുറത്തായി. കുൽദീപ് യാദവും മുഹമ്മദ് സിറാജും ഇന്ത്യയ്ക്കായി മൂന്നു വിക്കറ്റുകൾ വീതം വീഴ്ത്തി. ശ്രീലങ്കയ്ക്കായി അരങ്ങേറ്റ താരം നുവനിന്ദു ഫെർണാണ്ടോ അർധ സെഞ്ചറി നേടി. 63 പന്തുകൾ നേരിട്ട താരം 50 റൺസാണ് നേടിയത്.
കുശാൽ മെൻഡിസ് (34 പന്തിൽ 34), ദുനിത് വെലാലഗ (34 പന്തിൽ 32), വനിന്ദു ഹസരംഗ (17 പന്തിൽ 21) അവിഷ്ക ഫെർണാണ്ടോ (17 പന്തിൽ 20) എന്നിവരാണു ശ്രീലങ്കയുടെ മറ്റു പ്രധാന സ്കോറർമാർ. 102 ന് 1 എന്ന നിലയില്‍ നിന്നുമാണ് ശ്രീലങ്ക തകര്‍ന്നു വീണത്.