ശ്രീലങ്കക്കെതിരെയുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് മികച്ച സ്കോര്‍. ടോസ് നഷ്ടമായി ബാറ്റിംഗിനയക്കപ്പെട്ട ഇന്ത്യ നിശ്ചിത 50 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 373 റണ്‍സാണ് നേടിയത്. സെഞ്ചുറിയുമായി വിരാട് കോഹ്ലിയും അര്‍ധസെഞ്ചുറിയുമായി ഗില്ലും രോഹിത് ശര്‍മ്മയുമാണ് ഇന്ത്യയുടെ ടോപ്പ് സ്കോററായത്.
ഓപ്പണിംഗ് വിക്കറ്റിൽ 143 റൺസിന്റെ സെഞ്ചറി കൂട്ടുകെട്ട് തീർത്ത് രോഹിത് ശർമയും ശുഭ്മൻ ഗില്ലും മികച്ച തുടക്കമാണ് നല്‍കിയത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ 41 പന്തുകളിൽനിന്നും അര്‍ധസെഞ്ചുറി കണ്ടെത്തി. ടി20 പരമ്പരയില്‍ മോശം പ്രകടനം കാഴ്ച്ചവച്ച ഗില്ലും 51 പന്തുകളിൽനിന്നും ഫിഫ്റ്റി കണ്ടെത്തി
67 പന്തുകൾ നേരിട്ട രോഹിത് 83 റൺസെടുത്തു. ഒൻപതു ഫോറുകളും മൂന്ന് സിക്സുകളും അടക്കമാണ് രോഹിത് ശര്‍മ്മയുടെ ഈ ഇന്നിംഗ്സ്. 60 പന്തിൽ 70 റൺസെടുത്ത ശുഭ്മൻ ഗിൽ ശ്രീലങ്ക ക്യാപ്റ്റൻ ദസുൻ ഷനാകയുടെ പന്തിൽ എൽബിയിൽ കുടുങ്ങുകയായിരുന്നു.
മറുവശത്ത് ക്രീസില്‍ തുടര്‍ന്ന വിരാട് കോഹ്ലി തന്‍റെ 65ാം ഫിഫ്റ്റി കണ്ടെത്തി. ശ്രേയസ്സ് അയ്യര്‍ (28) കെല്‍ രാഹുല്‍ (39) എന്നിവരും ഇന്ത്യയെ 300 കടത്തുന്നതില്‍ നിര്‍ണായക സംഭാവനകള്‍ നടത്തി. ഹര്‍ദ്ദിക്ക് പാണ്ട്യ 12 ബോളില്‍ 14 റണ്‍സ് നേടി പുറത്തായി.
ബൗണ്ടറികള്‍ കണ്ടെത്തിയും ഭാഗ്യം തുണച്ചും 80 ബോളില്‍ കോഹ്ലി തന്‍റെ 45ാം ഏകദിന സെഞ്ചുറി കണ്ടെത്തി. പിന്നാലെ അക്സറും (9) കോഹ്ലിയും മടങ്ങി. 87 പന്തില്‍ 12 ഫോറും 1 സിക്സും സഹിതമാണ് കോഹ്ലിയുടെ (113) ഇന്നിംഗ്സ്. സിറാജും (7) ഷമിയും (4) പുറത്താകതെ നിന്നു