വിരാട് കോഹ്ലിയുടെ അതിജീവനം. ഹര്‍ദ്ദിക്ക് പാണ്ട്യയുടെ ഓള്‍റൗണ്ട് പ്രകടനം. പാക്കിസ്ഥാനെ തോല്‍പ്പിച്ച് ഇന്ത്യ തുടങ്ങി.

ഐസിസി ടി20 ലോകകപ്പിലെ ക്ലാസിക്ക് പോരാട്ടത്തില്‍ പാക്കിസ്ഥാനെ തോല്‍പ്പിച്ച് ഇന്ത്യ തുടങ്ങി. പാക്കിസ്ഥാന്‍ ഉയര്‍ത്തിയ 160 റണ്‍സ് വിജയലക്ഷ്യം അവസാന പന്തില്‍ ഇന്ത്യ മറികടന്നു.

വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് മോശം തുടക്കമാണ് ലഭിച്ചത്. രാഹുല്‍ (4) രോഹിത് (4) സൂര്യകുമാര്‍ യാദവ് (15) എന്നിവര്‍ പേസര്‍മാര്‍ക്ക് മുന്നില്‍ മടങ്ങി. സ്ഥാന കയറ്റം കിട്ടി എത്തിയ അക്സര്‍ പട്ടേല്‍ (2) റണ്ണൗട്ടായി. ഇതോടെ ഇന്ത്യ 31 ന് 4 എന്ന നിലയിലായി.

പിന്നീട് ഒത്തുചേര്‍ന്ന വിരാട് കോഹ്ലി – ഹര്‍ദ്ദിക്ക് പാണ്ട്യ സംഖ്യമാണ് ഇന്ത്യയെ കരകയറ്റിയത്. പതിയെ തുടങ്ങിയ ഇരുവരും പിന്നീട് വലിയ ഷോട്ടുകള്‍ അടിക്കാന്‍ തുടങ്ങി. നവാസിനെ 3 സിക്സ്ടിച്ചാണ് ഇരുവരും തുടങ്ങിയത്‌. അവസാന 5 ഓവറില്‍ 60 റണ്‍സായിരുന്നു ഇന്ത്യക്ക് വേണ്ടിയിരുന്നത്.

ഹാരീസ് റൗഫും നസീം ഷായും മനോഹരമായി പന്തെറിഞ്ഞതോടെ 18 ബോളില്‍ നിന്നും 48 റണ്‍സ് വേണമായിരുന്നു. എന്നാല്‍ ഷഹീന്‍ എറിഞ്ഞ അടുത്ത ഓവറില്‍ 17 റണ്‍സ് പിറന്നു. റൗഫ് എറിഞ്ഞ ഓവറില്‍ തുടര്‍ച്ചയായ രണ്ട് സിക്സ് അടിച്ച് വിജയലക്ഷ്യം അവസാന ഓവറില്‍ 16 റണ്‍സ് ആക്കി.

നവാസ് എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തില്‍ ഹര്‍ദ്ദിക്ക് പുറത്തായി. എന്നാല്‍ നവാസിന്‍റെ നോബോളില്‍ സിക്സടിച്ച് വിരാട് കോഹ്ലി ഇന്ത്യയെ വിജയത്തിനടുത്ത് എത്തിച്ചു. ഫ്രീഹിറ്റ് ബോളില്‍ 3 റണ്‍സ് ഓടിയെടുത്തു. എന്നാല്‍ അടുത്ത പന്തില്‍ ദിനേശ് കാര്‍ത്തികിനെ സ്റ്റംപ് ചെയ്തതോടെ ഒരു ബോളില്‍ 2 റണ്‍ വിജയലക്ഷ്യമാക്കി മാറ്റി. അടുത്ത പന്ത് നവാസ് വൈഡാക്കി. അശ്വിന്‍ നേരിട്ട അവസാന പന്തില്‍ അശ്വിന്‍ വിജയിപ്പിച്ചു.

വിരാട് കോഹ്ലി 53 പന്തില്‍ 6 ഫോറും 4 സിക്സുമായി 80 റണ്‍സ് നേടി. ഹര്‍ദ്ദിക്ക് പാണ്ട്യ 37 പന്തില്‍ 40 റണ്‍സ് നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സാണ് നേടിയത്. തുടക്കത്തിലേ ബാബര്‍ അസമിനേയും (0) മുഹമ്മദ് റിസ്വാനെയും (4) നഷ്ടമായ പാക്കിസ്ഥാനെ ഷാന്‍ മസൂദ് (42 പന്തില്‍ 52) ഇഫ്തികര്‍ അഹമ്മദ് (34 പന്തില്‍ 51) എന്നിവരുടെ പ്രകടനമാണ് ഭേദപ്പെട്ട സ്കോറില്‍ എത്തിച്ചത്.

ഇന്ത്യക്കായി അര്‍ഷദീപ് സിങ്ങും ഹര്‍ദ്ദിക്ക് പാണ്ട്യയും 3 വിക്കറ്റ് വീതം വീഴ്ത്തി. മുഹമ്മദ് ഷമിയും ഭുവനേശ്വര്‍ കുമാറും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Previous articleകിംഗ് ബാബറിനെ ഗോള്‍ഡന്‍ ഡക്കാക്കി അര്‍ഷദീപ് സിങ്ങ്. ഇന്ത്യക്ക് മികച്ച തുടക്കം.
Next article❝നമ്മുക്ക് ഷഹീനെ അടിച്ചു പൊളിക്കണം❞ വിരാട് കോഹ്ലിയുടെ ഏറ്റവും മികച്ച ടി20 ഇന്നിംഗ്സിനിടെ പറഞ്ഞത് ഇങ്ങനെ