സെഞ്ച്വറിയോടെ രോഹിതും ജഡേജയും. വെടിക്കെട്ട് തീർത്ത് സർഫറാസ്. ആദ്യ ദിനം ഇന്ത്യൻ ആധിപത്യം.

ഇംഗ്ലണ്ടിനെതിരായ മൂന്നാമത്തെ ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ദിവസം ബാറ്റിംഗിൽ തിളങ്ങി ഇന്ത്യ. മത്സരത്തിന്റെ ആദ്യ ദിവസം അവസാനിക്കുമ്പോൾ 5 വിക്കറ്റ് നഷ്ടത്തിനു 326 എന്ന നിലയിലാണ് ഇന്ത്യ. ഇന്ത്യയ്ക്കായി രോഹിത് ശർമയും രവീന്ദ്ര ജഡേജയും വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം കാഴ്ചവയ്ക്കുകയായിരുന്നു.

പ്പം അരങ്ങേറ്റക്കാരനായ സർഫറാസ് ഖാനും അവസരത്തിനൊത്ത് ഉയർന്നതോടെ ഇന്ത്യ ആദ്യ ദിവസം വമ്പൻ സ്കോറിൽ എത്തുകയായിരുന്നു. ഇന്ത്യയ്ക്കായി രോഹിത്തും ജഡേജയും മത്സരത്തിൽ സെഞ്ച്വറി സ്വന്തമാക്കുകയുണ്ടായി. സർഫറാസ് ഒരു വെടിക്കെട്ട് അർത്ഥ സെഞ്ച്വറിയാണ് നേടിയത്. ആദ്യ സമയങ്ങളിൽ തകർന്നടിഞ്ഞ ഇന്ത്യയെ ജഡേജയും രോഹിത്തും കൈ പിടിച്ചു കയറ്റുകയായിരുന്നു.

മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. വളരെ മോശം തുടക്കം തന്നെയാണ് ഇന്ത്യക്ക് ലഭിച്ചത്. ഈ പരമ്പരയിലെ ലീഡിങ് റൺ സ്കോററായ ജയസ്വാളിന്റെ(10) വിക്കറ്റ് തുടക്കത്തിൽ തന്നെ ഇന്ത്യയ്ക്ക് നഷ്ടമായി. പിന്നാലെയെത്തിയ ഗില്‍ പൂജ്യനായി മടങ്ങിയതോടെ ഇന്ത്യ തകരുകയായിരുന്നു. ശേഷം പട്ടിദാരും(5) കൂടാരം കയറിയതോടെ ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തിൽ 33 എന്ന നിലയിലെത്തി.

ഇവിടെ നിന്ന് രോഹിത് ശർമയും ജഡേജയും ചേർന്ന് ഇന്ത്യയെ കൈപിടിച്ചു കയറ്റുകയായിരുന്നു. ഇരുവരും വളരെ പക്വതയോടെയാണ് ബാറ്റു വീശിയത്. രോഹിത് പതിയെ തുടങ്ങി തന്റെ സ്വതസിദ്ധമായ ശൈലിയിലേക്ക് എത്തുകയായിരുന്നു.

മത്സരത്തിൽ ഒരു തകർപ്പൻ സെഞ്ചുറി തന്നെയാണ് രോഹിത് സ്വന്തമാക്കിയത്. സെഞ്ച്വറിക്ക് ശേഷവും രോഹിത് ഇംഗ്ലണ്ട് ബോളർമാർക്കെതിരെ ആക്രമണം അഴിച്ചുവിടുകയുണ്ടായി. ആദ്യ ഇന്നിങ്സിൽ 196 പന്തുകൾ നേരിട്ട രോഹിത് 14 ബൗണ്ടറികളുടെയും 3 സിക്സറുകളുടെയും അകമ്പടിയോടെ 131 റൺസാണ് നേടിയത്. രോഹിത് പുറത്തായശേഷം ഇന്നിംഗ്സിന്റെ ഉത്തരവാദിത്വം പൂർണ്ണമായും ജഡേജ ഏറ്റെടുക്കുകയായിരുന്നു. സർഫറാസിനൊപ്പം ചേർന്ന് ഇന്ത്യയുടെ സ്കോറിങ് ഉയർത്താനാണ് ജഡേജ ശ്രമിച്ചത്. സർഫറാസ് ഒരുവശത്ത് ആക്രമിച്ചു കളിച്ചപ്പോൾ ജഡേജ മറുവശത്ത് ഇന്നിംഗ്സിന്റെ കാവലാളായി.

എന്നാൽ നിർണായ സമയത്ത് സർഫറാസ് ഖാൻ റൺഔട്ട് ആയത് ഇന്ത്യയെ ബാധിച്ചു. ജഡേജയുടെ പിഴവുമൂലം ആയിരുന്നു സർഫറാസ് പുറത്തായത്. മത്സരത്തിൽ 66 പന്തുകൾ നേരിട്ട സർഫറസ് 62 റൺസ് നേടി. തൊട്ടുപിന്നാലെ ജഡേജ തന്റെ ടെസ്റ്റ് കരിയറിലെ നാലാം സെഞ്ചുറിയും സ്വന്തമാക്കുകയുണ്ടായി. ആദ്യ ദിവസത്തെ മത്സരം അവസാനിക്കുമ്പോൾ 212 പന്തുകളിൽ 110 റൺസുമായി ജഡേജ പുറത്താവാതെ ക്രീസിലുണ്ട്.

നൈറ്റ് വാച്ച്മാനായി എത്തിയ കുൽദീപ് യാദവാണ് ഒപ്പം ക്രീസിലുള്ള താരം. ആദ്യ ദിവസത്തെ മത്സരം അവസാനിക്കുമ്പോൾ 5 വിക്കറ്റ് നഷ്ടത്തിൽ 326 റൺസാണ് ഇന്ത്യ നേടിയിട്ടുള്ളത്. രണ്ടാം ദിവസവും മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുത്താൽ 500 റൺസിന് മുകളിൽ സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിക്കും.

Previous articleഇംഗ്ലണ്ടിനെതിരെ ക്ലാസ്സ് സെഞ്ച്വറി നേടി ജഡേജ.. വേദനയായി സർഫറാസ് ഖാന്റെ വിക്കറ്റ്..
Next articleതീപ്പൊരി വിതറി സർഫറാസ്. അരങ്ങേറ്റ മത്സരത്തിൽ നേടിയത് 62 റൺസ്. നിർഭാഗ്യവശാൽ വിക്കറ്റ് നഷ്ടം.