ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തിൽ വമ്പൻ ബോളിംഗ് പ്രകടനം പുറത്തെടുത്ത് ഇന്ത്യൻ നിര. രണ്ടാം ദിവസം വളരെയേറെ സമ്മർദ്ദത്തിലായ ഇന്ത്യൻ നിര മൂന്നാം ദിവസം ഒരു ഉഗ്രൻ തിരിച്ചുവരമാണ് നടത്തിയത്. മുഹമ്മദ് സിറാജ്, കുൽദീപ്, രവീന്ദ്ര ജഡേജ എന്നിവർ മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്തപ്പോൾ ഇംഗ്ലണ്ട് 319 റൺസിന് ആദ്യ ഇന്നിങ്സ് അവസാനിപ്പിക്കുകയുണ്ടായി.
126 റൺസിന്റെ ആദ്യ ഇന്നിങ്സ് ലീഡാണ് ഇതോടുകൂടി ഇന്ത്യയ്ക്ക് ലഭിച്ചിരിക്കുന്നത്. ഒരു സമയത്ത് 2 വിക്കറ്റ് നഷ്ടത്തിൽ 224 റൺസ് എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. ഇവിടെ നിന്നാണ് ഇന്ത്യൻ ബോളന്മാർ ശക്തമായ തിരിച്ചുവരവ് നടത്തിയത്. ഇംഗ്ലണ്ടിന്റെ ബാസ്ബോൾ തന്ത്രത്തിനെ പൂർണമായും ഇല്ലായ്മ ചെയ്യുന്ന ബോളിംഗ് പ്രകടനമാണ് ഇന്ത്യ കാഴ്ചവച്ചത്.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 445 എന്ന ശക്തമായ സ്കോർ സ്വന്തമാക്കിയിരുന്നു. ജഡേജയുടെയും രോഹിത് ശർമയുടെയും സെഞ്ചുറിയുടെ ബലത്തിലാണ് ഇന്ത്യ ഇത്ര മികച്ച പ്രകടനം പുറത്തെടുത്തത്. മറുപടി ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ടിന് വളരെ മികവാർന്ന തുടക്കം തന്നെയാണ് ലഭിച്ചത്.
ഓപ്പണർ ഡക്കറ്റ് ഇംഗ്ലണ്ടിന്റെ ഇന്നിംഗ്സിൽ കാവലാളായി. ആദ്യ സമയങ്ങളിൽ തന്നെ ഇന്ത്യയെ സമർദത്തിലാക്കാൻ ഡക്കറ്റിന് സാധിച്ചിരുന്നു. ശേഷം മറ്റു ബാറ്റർമാരും മികച്ച പ്രകടനം നടത്തിയതോടെ രണ്ടാം ദിവസം ശക്തമായ നിലയിൽ മത്സരം അവസാനിപ്പിക്കാൻ ഇംഗ്ലണ്ടിന് സാധിച്ചു.
മൂന്നാം ദിവസത്തിന്റെ തുടക്കത്തിൽ തന്നെ ഇംഗ്ലണ്ട് നിരയിലെ പ്രധാന ബാറ്റർമാരെ വീഴ്ത്തിയാണ് ഇന്ത്യ ആരംഭിച്ചത്. ബുമ്രയും കുൽദീപ് യാദവും രവീന്ദ്ര ജഡേജയും കൃത്യമായി ലെങ്ത് പാലിച്ചതോടെ ഇംഗ്ലണ്ടിന്റെ ബാറ്റർമാർ വിഷമിച്ചു. 153 റൺസാണ് ഡക്കറ്റ് മത്സരത്തിൽ നേടിയത്. നായകൻ സ്റ്റോക്സ് 41 റൺസും മൂന്നാം ദിവസം സ്വന്തമാക്കി. എന്നാൽ മറ്റു ബാറ്റർമാരെ പൂർണമായും എറിഞ്ഞിടാൻ ഇന്ത്യൻ ബോളിംഗ് നിരയ്ക്ക് സാധിച്ചു.
ഇതിൽ പ്രധാന പങ്കുവഹിച്ചത് മുഹമ്മദ് സിറാജ് ആണ്. ഇംഗ്ലണ്ടിന്റെ വാലെറ്റത്തെ തകർത്തു തരിപ്പണമാക്കി സിറാജ് മുൻപിലേക്ക് വരികയായിരുന്നു. ഇതോടെ ഇംഗ്ലണ്ട് ആദ്യ ഇന്നിങ്സിൽ കേവലം 319 റൺസിന് ഓൾ ഔട്ടായി.
മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ 84 റൺസ് മാത്രം വിട്ടുനൽകി 4 വിക്കറ്റുകളാണ് മുഹമ്മദ് സിറാജ് സ്വന്തമാക്കിയത്. കുൽദീപ് 77 റൺസ് വിട്ടു നൽകി 2 വിക്കറ്റ് സ്വന്തമാക്കിയപ്പോൾ, ജഡേജ 51 റൺസ് വിട്ടു നൽകി 2 വിക്കറ്റുകൾ നേടി. ഇതോടെ ഇന്ത്യക്ക് ഒരു വമ്പൻ ലീഡ് തന്നെ ആദ്യ ഇന്നിങ്സിൽ ലഭിച്ചിട്ടുണ്ട്.
മൂന്നാം ദിവസം എത്രയും വേഗം റൺസ് കണ്ടെത്തി ഇംഗ്ലണ്ടിനെ കൂടുതൽ സമ്മർദ്ദത്തിലാക്കുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം. 400 റൺസിന് മുകളിൽ ഒരു വിജയലക്ഷം സ്ഥാപിച്ചാൽ ഇന്ത്യയ്ക്ക് പൂർണമായും മത്സരം പിടിച്ചെടുക്കാൻ സാധിക്കും എന്നത് ഉറപ്പാണ്.