ഇന്ത്യ – ഇംഗ്ലണ്ട് ടി20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ജോസ് ബട്ട്ലറുടെ ബാറ്റിംഗ് മികവില്‍ ഇംഗ്ലണ്ടിനു വിജയം. ഇന്ത്യ ഉയര്‍ത്തിയ 157 റണ്‍സ് വിജയലക്ഷ്യം 2 വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. വിജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങുന്ന പരമ്പരയില്‍ ഇംഗ്ലണ്ട് (2-1) നു മുന്നിലെത്തി.
അര്‍ദ്ധസെഞ്ചുറി പ്രകടനമായി ജോസ് ബട്ട്ലറാണ് ഇംഗ്ലണ്ടിന്‍റെ വിജയശില്പിയായത്. തുടക്കത്തിലേ ജേസണ്‍ റോയിയെ നഷ്ടമായെങ്കിലും ആക്രമിച്ചു കളിച്ച ബട്ട്ലര്‍, ഇന്ത്യന്‍ ബോളര്‍മാര്‍ക്ക് ഒരവസരവും നല്‍കിയില്ല. ചഹലിനെയായിരുന്നു ബട്ട്ലര്‍ തിരഞ്ഞുപിടിച്ച് ആക്രമിച്ചത്. ഇന്ത്യന്‍ സ്പിന്നര്‍ക്കെതിരെ 2 സിക്സും 3 ഫോറും നേടി. 52 പന്തില്‍ 5 ഫോറും 4 സിക്സും സഹിതം 83 റണ്ണാണ് നേടിയത്. മലാന്‍(18), ജോണി ബെയര്‍സ്റ്റോ (40) എന്നിവര്‍ പിന്തുണ നല്‍കിയതോടെ അനായാസം ഇംഗ്ലണ്ട് ലക്ഷ്യം മറികടന്നു.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സ് നേടാനേ സാധിച്ചുള്ളു. ഒരറ്റത്ത് വിക്കറ്റ് വീഴ്ച്ച തുടര്‍ന്നപ്പോഴും വീരാട് കോഹ്ലിയുടെ അര്‍ദ്ധസെഞ്ചുറി പ്രകടനമാണ് ഇന്ത്യയെ പൊരുതാവുന്ന സ്കോറിലെത്തിച്ചത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് മോശം തുടക്കമാണ് ലഭിച്ചത്. മാര്‍ക്ക് വുഡിന്‍റെ പേസ് ബോളിംഗിനു മുന്നില്‍ നില്‍ക്കാനാവതെ കെല്‍ രാഹുല്‍ പൂജ്യത്തില്‍ പുറത്തായപ്പോള്‍, ടീമിലേക്ക് തിരിച്ചെത്തിയ രോഹിത് ശര്‍മ്മ 15 റണ്‍സ് നേടി പുറത്തായപ്പോള്‍. കഴിഞ്ഞ മത്സരത്തിലെ ഹീറോ ഇഷാന്‍ കിഷാനെ ക്രിസ് ജോര്‍ദ്ദാന്‍ മടക്കിയപ്പോള്‍ ഇന്ത്യയുടെ നില 24 ന് 3 എന്ന നിലയിലായി.
റിഷഭ് പന്ത് (25) ഇന്ത്യന്‍ ഇന്നിംഗ്സ് കരകയറ്റിയെങ്കിലും ഇല്ലാത്ത റണ്ണിനോടി വിക്കറ്റ് നഷ്ടമാക്കി. ശ്രേയസ് അയ്യര്‍(9) പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും റണ്‍നിരക്ക് ഉയര്‍ത്താനുള്ള ശ്രമത്തില്‍ മാര്‍ക്ക് വുഡിന്‍റെ പന്തില്‍ പുറത്തായി.
അര്‍ദ്ധസെഞ്ചുറി തികച്ച വീരാട് കോഹ്ലി കൂറ്റന്‍ ഷോട്ട് കളിക്കാന്‍ ശ്രമിച്ചതോടെ ഇന്ത്യന്‍ സ്കോര്‍ബോര്‍ഡ് ചലിച്ചു. 37 പന്തില്‍ തുടര്‍ച്ചയായ രണ്ടാം അര്‍ധസെഞ്ചുറിയിലെത്തിയ കോലി അവസാന അഞ്ചോവറില്‍ ഹര്‍ദ്ദിക് പാണ്ഡ്യക്കൊപ്പം 69 റണ്‍സടിച്ചു കൂട്ടി. 46 പന്തില്‍ എട്ടു ഫോറും 4 സിക്സും സഹിതം 77 റണ്‍സാണ് കോഹ്ലി നേടിയത്. പാണ്ട്യ 17 റണ്‍സ് നേടി അവസാന പന്തില്‍ പുറത്തായി.
ഇംഗ്ലണ്ടിനു വേണ്ടി മാര്‍ക്ക് വുഡ് 3 വിക്കറ്റ് നേടിയപ്പോള്‍, ക്രിസ് ജോര്‍ദ്ദാന്‍ 2 വിക്കറ്റ് നേടി. പരമ്പരയിലെ നാലാം മത്സരം വ്യാഴായ്ച്ച നടക്കും.