അറ്റ്ലാന്‍റയെ കീഴക്കി റയല്‍ മാഡ്രിഡ് ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍.

ചാംപ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ അറ്റ്ലാന്‍റയെ പരാജയപ്പെടുത്തി റയല്‍ മാഡ്രിഡ് അടുത്ത റൗണ്ടിലേക്ക് കടന്നു. ഒന്നിനെതിരെ മൂന്നു ഗോളിനാണ് രണ്ടാം പാദ മത്സരം വിജയിച്ചത്. ആദ്യ പാദ മത്സരത്തില്‍ ഒരു ഗോളിനു റയല്‍ മാഡ്രിഡ് വിജയിച്ചിരുന്നു.

കരീം ബെന്‍സേമയുടെ ഗോളില്‍ മുന്നിലെത്തിയ റയല്‍ മാഡ്രിഡ്, സെര്‍ജിയോ റാമോസിന്‍റെ പെനാല്‍റ്റിയിലൂടെ ലീഡ് ഇരട്ടിയാക്കി. ഫ്രീകിക്കിലൂടെ അറ്റ്ലാന്‍റ ഒരു ഗോള്‍ മടക്കിയെങ്കിലും അസെന്‍സിയോ ലീഡ് അതേ നിലയിലാക്കി.

2018 നു ശേഷം ഇതാദ്യമായാണ് റയല്‍ മാഡ്രിഡ് ക്വാര്‍ട്ടര്‍ ഫൈനലിലെത്തുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ അയാക്സ്, മാഞ്ചസ്റ്റര്‍ സിറ്റി എന്നിവരോട് പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ പരാജയപ്പെട്ടിരുന്നു.

മത്സരത്തിന്‍റെ തുടക്കത്തില്‍ അറ്റ്ലാന്‍റ ആക്രമണം ശക്തമാക്കുകയും, ഹൈ പ്രസിങ്ങ് നടത്തുകയും ചെയ്തു റയലിനെ വിഷമത്തിലാക്കി. എന്നാല്‍ പതിയെ റയല്‍ മാഡ്രിഡ് മിഡ്ഫീല്‍ഡ് മേധാവിത്വം നേടിയതോടെ കളി സ്പാനീഷ് ടീമിന്‍റെ വരുതിയിലാക്കി. അറ്റ്ലാന്‍റ കീപ്പര്‍ വരുത്തിയ പിഴവില്‍ പന്ത് പിടിച്ച മോഡ്രിച്ച് കരീം ബെന്‍സേമക്ക് മറിച്ച് നല്‍കി റയല്‍ മാഡ്രിഡ് ലീഡ് കണ്ടെത്തുകയായിരുന്നു.

ബോക്സില്‍ നിരന്തരം ഭീക്ഷണി ഉയര്‍ത്തിയ വിനീഷ്യസ് ഒരു പെനാല്‍റ്റി നേടിയെടുത്തു. ക്ലബിനു വേണ്ടി 101ാം ഗോള്‍ നേടി റാമോസ് ലീഡ് ഇരട്ടിയാക്കുകയായിരുന്നു.