ബംഗ്ലാദേശിനെതിരായ രണ്ടാം ട്വന്റി20 മത്സരത്തിൽ തനിക്ക് ലഭിച്ച മികച്ച അവസരം ഉപയോഗപ്പെടുത്താതെ മലയാളി താരം സഞ്ജു സാംസൺ. മത്സരത്തിൽ ഒരു തട്ടുപൊളിപ്പൻ തുടക്കം സഞ്ജുവിന് ലഭിച്ചെങ്കിലും, അത് വേണ്ട രീതിയിൽ ഉപയോഗിക്കുന്നതിൽ സഞ്ജു പരാജയപ്പെടുകയായിരുന്നു. മത്സരത്തിൽ 7 പന്തുകൾ നേരിട്ട സഞ്ജു സാംസൺ 10 റൺസാണ് നേടിയത്. 2 ബൗണ്ടറികൾ സഞ്ജുവിന്റെ ഇന്നിങ്സിൽ ഉൾപ്പെട്ടു. തസ്കിൻ അഹമ്മദിന്റെ പന്തിൽ ബംഗ്ലാദേശ് നായകൻ ഷാന്റോയ്ക്ക് ക്യാച്ച് നൽകിയാണ് സഞ്ജു സാംസൺ മടങ്ങിയത്.
മത്സരത്തിൽ ഓപ്പണറായി ക്രീസിലെത്തിയ സഞ്ജുവിന് രണ്ടാം പന്തിൽ തന്നെ ബൗണ്ടറി നേടാൻ സാധിച്ചിരുന്നു. ഒരു സൂപ്പർ ഡ്രൈവിലൂടെ കൃത്യമായി ഗ്യാപ്പ് കണ്ടെത്തി സഞ്ജു ബൗണ്ടറി സ്വന്തമാക്കുകയായിരുന്നു. തൊട്ടടുത്ത പന്തിൽ സഞ്ജു സാംസൺ മറ്റൊരു ബൗണ്ടറി കൂടി നേടിയതോടെ ഇന്ത്യൻ ആരാധകർ വലിയ ആവേശത്തിലായി.
ഇന്ത്യയെ സംബന്ധിച്ച് മികച്ച തുടക്കമാണ് ആദ്യ ഓവറിൽ ലഭിച്ചത്. 15 റൺസാണ് ആദ്യ ഓവറിൽ ഇന്ത്യ സ്വന്തമാക്കിയത്. ശേഷം രണ്ടാം ഓവറിലെ രണ്ടാം പന്തിൽ ഒരു സിംഗിൾ നേടാനും സഞ്ജുവിന് സാധിച്ചു. പക്ഷേ ഓവറിലെ അവസാന പന്തിൽ സഞ്ജു സാംസൺ പുറത്താവുകയായിരുന്നു
ടസ്കിൻ അഹമ്മദ് എറിഞ്ഞ പന്ത് കൃത്യമായി നിർണയിക്കുന്നതിൽ സഞ്ജു സാംസൺ പരാജയപ്പെട്ടു. പന്ത് എത്തുന്നതിന് മുൻപേ സഞ്ജുവിന് തന്റെ ഷോട്ട് കളിക്കേണ്ടിവന്നു. ഇതോടെ പന്ത് സഞ്ജുവിന്റെ ബാറ്റിന്റെ എഡ്ജിൽ കൊള്ളുകയും ടസ്കിൻ അഹമ്മദിന് ക്യാച്ച് നൽകി സഞ്ജു മടങ്ങുകയും ചെയ്തു. ഇത് ആരാധകരെ വലിയ രീതിയിൽ നിരാശയിൽ ആക്കി.
ആദ്യ മത്സരത്തിലും മികച്ച തുടക്കമായിരുന്നു സഞ്ജുവിന് ലഭിച്ചത്. മത്സരത്തിൽ 19 പന്തുകളിൽ 29 റൺസ് നേടാൻ സഞ്ജുവിന് സാധിച്ചു. പക്ഷേ ഈ അവസരങ്ങൾ വലിയ സ്കോറാക്കി മാറ്റുന്നതിൽ സഞ്ജു പരാജയപ്പെടുന്നതാണ് കാണുന്നത്.
ഇന്ത്യയുടെ ബംഗ്ലാദേശിനെതിറായ രണ്ടാം ട്വന്റി20 മത്സരത്തിലേക്ക് കടന്നുവന്നാൽ, ടോസ് നേടിയ ബംഗ്ലാദേശ് ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. സഞ്ജുവിന് പുറമേ അഭിഷേക് ശർമയും മത്സരത്തിന്റെ പവർപ്ലെയിൽ തന്നെ കൂടാരം കയറുകയുണ്ടായി.
11 പന്തുകളിൽ 15 റൺസാണ് അഭിഷേക് ശർമ സ്വന്തമാക്കിയത്. ഇന്ത്യയെ സംബന്ധിച്ച് വളരെ നിർണായകമാണ് രണ്ടാം ട്വന്റി20 മത്സരം. മത്സരത്തിൽ വിജയം സ്വന്തമാക്കിയാൽ പരമ്പര നേടിയെടുക്കാൻ ഇന്ത്യയ്ക്ക് സാധിക്കും.