ബംഗ്ലാദേശിനെതിരെയുള്ള ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലും ഇന്ത്യക്ക് പരാജയം. 271 റണ്‍സ് വിജയം ലക്ഷ്യമാക്കി ഇറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറില്‍ 266 റണ്‍സ് മാത്രമാണ് നേടാനായത്. ഹോസ്പിറ്റലില്‍ നിന്നും ബാറ്റ് ചെയ്യാനെത്തിയ രോഹിത് അവസാനം വരെ പോരാടിയെങ്കിലും വിജയം അകന്നു നിന്നു. 5 റണ്‍സിന്‍റെ വിജയവുമായി ഏകദിന പരമ്പര ബംഗ്ലാദേശ് സ്വന്തമാക്കി.
വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് വളരെ മോശം തുടക്കമാണ് ലഭിച്ചത്. രോഹിത് ശര്‍മ്മക്ക് പരിക്കേറ്റതിനാല്‍ കോഹ്ലിയും ധവാനും ചേര്‍ന്നാണ് ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്തത്. വിരാട് കോഹ്ലി (5) ധവാന്‍ (8) വാഷിങ്ങ്ടണ്‍ സുന്ദര്‍ (11) രാഹുല്‍ (14) എന്നിവര്‍ പുറത്തായതോടെ 65 ന് 4 എന്ന നിലയിലായി.
മറ്റൊരു തോല്‍വി മണത്ത ഇന്ത്യ ശ്രേയസ്സ് അയ്യര്‍ – അക്സര്‍ പട്ടേല്‍ സംഖ്യം കരകയറ്റി. കരുതലോടെ കളിച്ച ശ്രേയസ്സ് അയ്യര്‍, 69 പന്തില്‍ നിന്നും ഫിഫ്റ്റി നേടി. കളി ബംഗ്ലാദേശിന്‍റെ കൈയ്യില്‍ നിന്നും പോകുന്നു എന്ന് തോന്നുമ്പോഴാണ് ശ്രേയസ്സിന്‍റെ വിക്കറ്റ് വീണത്. 107 റണ്‍സിന്‍റെ കൂട്ടുകെട്ട് മെഹ്ദി ഹസ്സനാണ് പൊളിച്ചത്.
102 പന്തില്‍ 6 ഫോറും 3 സിക്സുമായി 82 റണ്‍സാണ് ശ്രേയസ്സ് അയ്യര്‍ സ്കോര്‍ ചെയ്തത്. പിന്നാലെ 56 റണ്‍സ് നേടിയ അക്സര്‍ പട്ടേലിനെ എബാദത്ത് ഹൊസൈന്‍ പുറത്താക്കി.
അവസാന പത്തോവറില്‍ 79 റണ്‍സായിരുന്നു ഇന്ത്യക്ക് വേണ്ടിയിരുന്നത്. ക്രീസില്‍ താക്കൂറും ഹാംസ്ട്രിങ്ങുള്ള ചഹറും. താക്കൂര്‍ (7) മടങ്ങിയപ്പോള്‍ നേരത്തെ വിരലിനു പരിക്കേറ്റ രോഹിത് മടങ്ങിയെത്തി. എന്നാല്‍ ദീപക്ക് ചഹറിനെ (11) എബാദത്ത് മടക്കി.
എന്നാല്‍ എബാദത്തിനെ 2 സിക്സും ഫോറുമടിച്ച് രോഹിത് ശര്‍മ്മ പ്രതീക്ഷ നല്‍കി. എന്നാല്‍ മുസ്തഫിസര്‍ എറിഞ്ഞ 48ാം ഓവറില്‍ ഇന്ത്യക്ക് റണ്‍ ഒന്നും നേടാനായില്ലാ. ഇതോടെ അവസാന രണ്ടോവറില്‍ 40 റണ്‍സാണ് വേണ്ടിയിരുന്നത്.
മഹ്മദുള്ളയുടെ ഓവറില്‍ 20 റണ്‍സ് നേടിയതോടെ അവസാന ഓവറില്‍ 20 റണ്‍സ് വേണമായിരുന്നു. മുസ്തഫിസുര്‍ എറിഞ്ഞ അവസാന ഓവറില്‍ ലക്ഷ്യം കൈവരിക്കാനായില്ലാ.അവസാന 2 പന്തില്‍ 2 സിക്സ് വേണമെന്നിരിക്കെ രോഹിത് ഒരു സിക്സ് അടിച്ചെങ്കിലും അവസാന പന്തില്‍ അതിര്‍ത്തി കടത്താനായില്ലാ.
28 പന്തില്‍ 3 ഫോറും 5 സിക്സുമായി 51 റണ്‍സാണ് രോഹിത് നേടിയത്.
നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ബംഗ്ലദേശ് 271 റൺസാണ് നേടിയത്. കഴിഞ്ഞ മത്സരത്തിലെ ഹീറോ മെഹ്‌ദി ഹസ്സൻ (83 പന്തിൽ 100 ) മഹമ്മദുല്ല (96പന്തിൽ 77) യുമായി ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനമാണ് തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്. മെഹ്‌ദി ഹസ്സന്റെ കന്നിസെഞ്ചറിയാണിത്.
69 ന് 6 എന്ന നിലയില്‍ നിന്നുമാണ് ബംഗ്ലാദേശ് ഈ സ്കോറിലേക്ക് എത്തിയത്. ഇരുവരും ചേര്‍ന്ന് ഏഴാം വിക്കറ്റില്‍ 148 റണ്‍സാണ് കൂട്ടിചേര്‍ത്തത്. പിന്നാലെത്തിയ നസൂം അഹമ്മദ് (11 പന്തില്‍ നിന്ന് 18) മികച്ച പിന്തുണ നല്‍കിയതോടെ മെഹ്ദി ഹസ്സന്‍ 260 കടത്തി.
വാഷിങ്ങ്ടണ്‍ സുന്ദര്‍ 3 വിക്കറ്റ് നേടിയപ്പോള്‍ ഉമ്രാന്‍ മാലിക്കും സിറാജും ചേര്‍ന്ന് രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.