ആഴക്കടലിൽ നിന്ന് ചേതേശ്വർ പൂജാര കൈപിടിച്ചു കയറ്റിയിട്ടും, കൂടുതൽ പ്രതിസന്ധിയിലായി ഇന്ത്യ. ഓസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിൽ വമ്പൻ ദുരന്തത്തിലേക്ക് പോയ ഇന്ത്യയ്ക്ക് ആശ്വാസം പകരുന്ന ഇന്നിങ്സ് ആണ് പൂജാര മത്സരത്തിൽ കാഴ്ചവച്ചത്. ഇന്നിംഗ്സിൽ 142 പന്തുകൾ നേരിട്ട പൂജാര 59 റൺസ് നേടുകയുണ്ടായി. എന്നിരുന്നാലും ഓസ്ട്രേലിയക്ക് മുൻപിലേക്ക് വലിയൊരു വിജയലക്ഷം വയ്ക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടില്ല. അതിനാൽ തന്നെ നിലവിൽ രണ്ടാം ദിവസത്തെ മത്സരം അവസാനിക്കുമ്പോൾ വലിയ പ്രതിസന്ധിയിലാണ് ഇന്ത്യ. 88 റണ്‍സിന്‍റെ ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഇന്ത്യക്ക് 163 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. വെറും 75 റണ്‍സ് മാത്രമാണ് രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യക്ക് സ്വന്തമാക്കാന്‍ കഴിഞ്ഞ ലീഡ്
മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ കേവലം 109 റൺസ് മാത്രമായിരുന്നു ഇന്ത്യ നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഓസീസിന് ആദ്യദിനം മികച്ച തുടക്കവും ലഭിച്ചു. ആ ആധിപത്യം ഓസ്ട്രേലിയ തുടരുന്നതായിരുന്നു രണ്ടാം ദിവസത്തിന്റെ ആദ്യ മണിക്കൂറിൽ കണ്ടത്. എന്നാൽ ശേഷം ഇന്ത്യക്കായി ഉമേഷ് യാദവും രവിചന്ദ്രൻ അശ്വിനും കിടിലൻ ബോളിംഗ് പ്രകടനം തന്നെ കാഴ്ചവച്ചു. ഇരുവരും ഞൊടിയിടയിൽ ഓസ്ട്രേലിയയെ പിടിച്ചു കെട്ടുകയുണ്ടായി. അങ്ങനെ ഓസ്ട്രേലിയയുടെ ഇന്നിംഗ്സ് 197 റൺസിൽ അവസാനിച്ചു. എന്നിരുന്നാലും ഇന്ത്യയ്ക്കുമേൽ 88 റൺസിന്റെ ആദ്യ ഇന്നിങ്സ് ലീഡ് നേടിയെടുക്കാൻ ഓസ്ട്രേലിയക്ക് സാധിച്ചു.
രണ്ടാം ഇന്നിങ്സിൽ ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ വീണ്ടും തകരുന്നതാണ് കണ്ടത്. ചേതേശ്വർ പൂജാര ഒഴികെയുള്ള ബാറ്റർമാർ ഓസ്ട്രേലിയൻ നിരയുടെ മുൻപിൽ വീണ്ടും പതറുകയുണ്ടായി. 26 റൺസ് എടുത്ത ശ്രേയസ് അയ്യർ മാത്രമായിരുന്നു പൂജാരക്ക് ആവശ്യമായ പിന്തുണ നൽകിയത്. പൂജാരയുടെ കഠിനപ്രയത്നത്തിന്റെ ഭാഗമായി ഇന്ത്യയുടെ രണ്ടാം ഇന്നിങ്സ് സ്കോർ 163 റൺസിൽ എത്തുകയായിരുന്നു. എന്നിരുന്നാലും ഓസീസിനു മുൻപിലേക്ക് കേവലം 76 റൺസിന്റെ വിജയലക്ഷ്യം വയ്ക്കാനേ ഇന്ത്യക്ക് സാധിച്ചിട്ടുള്ളൂ.
വീണ്ടും ഓസ്ട്രേലിയക്കായി നതാൻ ലയണിന്റെ മികവാർന്ന പ്രകടനം മത്സരത്തിൽ കാണുകയുണ്ടായി. മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിൽ 8 വിക്കറ്റുകൾ നേടിയാണ് ലയൺ ഇന്ത്യയെ തകർത്ത് തരിപ്പണമാക്കിയത്. എന്തായാലും മൂന്നാം ദിവസം ഇന്ത്യയ്ക്ക് കാര്യങ്ങൾ അത്ര എളുപ്പമാകില്ല എന്നാണ് സാഹചര്യങ്ങളിൽ നിന്നും മനസ്സിലാകുന്നത്.