ഓസ്ട്രേലിയക്കെതിരെയുള്ള ടി20 പരമ്പര സ്വന്തമാക്കി ഇന്ത്യ. പരമ്പരയിലെ മൂന്നാം മത്സരത്തില്‍ 187 വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 19.5 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ വിജയം നേടി.
തുടക്കത്തിലേ കെല്‍ രാഹുലിനെയും (1) രോഹിത് ശര്‍മ്മയേയും (17) നഷ്ടമായെങ്കിലും വിരാട് കോഹ്ലിയും – സൂര്യകുമാര്‍ യാദവും ചേര്‍ന്ന് ഇന്ത്യയെ മികച്ച നിലയില്‍ എത്തിച്ചു. തുടക്കത്തില്‍ വിരാട് കോഹ്ലി ആക്രമിച്ച് കളിച്ചപ്പോള്‍ പിന്നീട് സൂര്യകുമാര്‍ യാദവ് ഏറ്റെടുത്തു.
ഇരുവരും ചേര്‍ന്ന് 62 പന്തില്‍ 104 റണ്‍സാണ് കൂട്ടിചേര്‍ത്തത്. 36 പന്തില്‍ 5 ഫോറും 5 സിക്സുമായി 69 റണ്‍സാണ് സൂര്യകുമാര്‍ യാദവ് നേടിയത്.
പിന്നീടെത്തിയ ഹര്‍ദ്ദിക്ക് പാണ്ട്യ ബൗണ്ടറി നേടാന്‍ തുടക്കത്തിലേ ബുദ്ധിമുട്ടിയെങ്കിലും മറുവശത്ത് കോഹ്ലിയിലൂടെ ഇന്ത്യ ലക്ഷ്യത്തിനടുത്ത് എത്തി. വിരാട് കോഹ്ലി 47 പന്തില്‍ 3 ഫോറും 4 സിക്സുമായി 63 റണ്‍സ് നേടി. ഹര്‍ദ്ദിക്ക് 16 പന്തില്‍ 25 റണ്‍സ് നേടി.
അവസാന ഓവറില്‍ 11 റണ്ണായിരുന്നു ഇന്ത്യക്ക് വേണ്ടിയിരുന്നത്. ആദ്യ പന്തില്‍ കോഹ്ലി സിക്സടിച്ചെങ്കിലും തൊട്ടു പിന്നാലെ പുറത്തായി. അടുത്ത പന്തില്‍ ദിനേശ് കാര്‍ത്തിക് സിംഗിള്‍ നല്‍കി. നാലാം പന്തില്‍ ഹര്‍ദ്ദിക്ക് പാണ്ട്യക്ക് റണ്‍സ് നേടാനായില്ലാ. അടുത്ത പന്തില്‍ ഫോറടിച്ച് ഹര്‍ദ്ദിക്ക് വിജയപ്പിച്ചു
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സാണ് നേടിയത്. തുടക്കത്തിലേ നായകന്‍ ആരോണ്‍ ഫിഞ്ച് 6 പന്തില്‍ 7 റണ്‍സെടുത്ത് അക്‌സര്‍ പട്ടേലിന്‍റെ പന്തില്‍ പുറത്തായെങ്കിലും മറ്റൊരു ഓപ്പണറായ ക്രിസ് ഗ്രീന്‍ ഇന്ത്യക്കെതിരെ വേഗമാര്‍ന്ന ടി20 ഫിഫ്റ്റി നേടി. 21 പന്തില്‍ 52 റണ്‍സ് നേടി ഏഴ് ഫോറും മൂന്ന് സിക്‌സും പറത്തിയാണ് ഗ്രീന്‍ മടങ്ങിയത്.
1 ന് 62 എന്ന നിലയില്‍ നിന്നും ഇന്ത്യ 117 ന് 6 എന്ന നിലയിലേക്ക് ഓസീസിനെ വീഴ്ത്തി. എന്നാല്‍ ഓസീസിനെ ടിം ഡേവിഡും ഡാനിയേല്‍ സാംസും മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. ഇരുവരും 26 പന്തില്‍ അര്‍ദ്ധസെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കി.
ടിം ഡേവിഡ് 27 പന്തില്‍ 2 ഫോറും 4 സിക്സുമായി 54 റണ്‍സ് നേടി. സാംസ് 20 പന്തില്‍ 28* നേടി മികച്ച പിന്തുണ നല്‍കി.
ഇന്ത്യൻ ബൗളർമാരിൽ അക്ഷർ പട്ടേലും യൂസ്വേന്ദ്ര ചാഹലും മാത്രമാണ് മികച്ചുനിന്നത്. അക്ഷര്‍ പട്ടേല്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. ജസ്പ്രീത് ബുംറ നാലോവറിൽ വഴങ്ങിയത് 50 റൺസാണ്. വിക്കറ്റ് നേടിയതുമില്ല. ഭുവനേശ്വറാകട്ടെ മൂന്നോവറിൽ 39 റൺസ് വഴങ്ങി ഒരു വിക്കറ്റെടുത്തു. ചാഹൽ നാലോവറിൽ വെറും 22 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്തു. ശേഷിച്ച വിക്കറ്റ് ഹർഷൽ പട്ടേൽ സ്വന്തമാക്കി.