ചൈനയില്‍ ക്രിക്കറ്റ് കളിക്കാന്‍ ഇന്ത്യ. എത്തുക ബി ടീമുമായി

ഏഷ്യൻ ഗെയിംസിൽ വമ്പൻ നീക്കങ്ങളുമായി ബിസിസിഐ. ഈ വർഷം ചൈനയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പങ്കെടുപ്പിക്കാൻ തയ്യാറാവുകയാണ് ബിസിസിഐ ഇപ്പോൾ. ഗെയിംസിലേക്ക് ഇന്ത്യയുടെ പുരുഷ – വനിത ടീമുകളെയാണ് ബിസിസിഐ പങ്കെടുപ്പിക്കാൻ ഒരുങ്ങുന്നത്. മുൻപ് ഏഷ്യൻ ഗെയിംസിൽ തങ്ങളുടെ ടീമുകൾ കളിക്കില്ല എന്ന നിലപാടായിരുന്നു ബിസിസിഐ സ്വീകരിച്ചിരുന്നത്. എന്നാൽ ആ നിലപാടിൽ മാറ്റം വരുത്തിയിരിക്കുകയാണ് ബോർഡ് ഇപ്പോൾ. പക്ഷെ 2023 ഏകദിന ലോകകപ്പിന്റെയും ഏഷ്യൻ ഗെയിംസിന്റെയും തീയതികൾ ഒരുമിച്ചായതിനാൽ തന്നെ ഇന്ത്യയുടെ പ്രാഥമിക ടീമിനെ ചൈനയിലേക്ക് അയക്കാൻ ബിസിസിഐ തയ്യാറാവില്ല. ഈ സാഹചര്യത്തിൽ ഇന്ത്യയുടെ ബി ടീമാവും ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുക.

ഈ സാഹചര്യത്തിൽ ഇന്ത്യയുടെ ലോകകപ്പ് ടീമിൽ ഇടംപിടിക്കാത്ത താരങ്ങളാവും ഏഷ്യൻ ഗെയിംസിനായി പുറപ്പെടുന്നത്. ഇത്തരത്തിൽ ഇന്ത്യയുടെ യുവതാരങ്ങൾക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കുമെന്നാണ് ബിസിസിഐ കരുതുന്നത്. പുരുഷന്മാരുടെ ബി ടീമാണ് മത്സരത്തിനായി പുറപ്പെടുന്നതെങ്കിലും, വനിതകളുടെ പ്രധാന ടീം തന്നെയാണ് ഏഷ്യൻ ഗെയിംസിൽ കളിക്കാൻ തയ്യാറാവുന്നത്. ഇന്ത്യൻ വനിതാ ടീമിന് ആ സമയത്ത് മറ്റു മത്സരങ്ങൾ ഇല്ലാത്തതിനാലാണ് ശക്തമായ ടീമിനെ തന്നെ ബിസിസിഐ അയക്കുന്നത്.

ഈ അവസരത്തിൽ വലിയ പ്രതീക്ഷകൾ തന്നെയാണ് ഇന്ത്യൻ പുരുഷ ക്രിക്കറ്റർമാർക്ക് മുൻപിൽ വന്നെത്തിയിരിക്കുന്നത്. ഏകദിന ലോകകപ്പ് ടീമിൽ ഇടംപിടിക്കാൻ സാധിക്കാത്ത നിരാശ താരങ്ങൾക്ക് ഏഷ്യൻ ഗെയിംസിൽ വരാന്‍ സാധിക്കും.

സെപ്റ്റംബർ 23 മുതൽ ഒക്ടോബർ 8 വരെയാണ് ഏഷ്യൻ ഗെയിംസ് നടക്കുന്നത്. ഒക്ടോബർ 5 മുതൽ 22 വരെയാണ് ഐസിസിയുടെ 2023 ലോകകപ്പ് നിശ്ചയിച്ചിരിക്കുന്നത്. 2011 ന് ശേഷം ഇത് ആദ്യമായിയാണ് ഇന്ത്യയിൽ ഏകദിന ലോകകപ്പ് നടക്കുന്നത്. അതുകൊണ്ടുതന്നെ വളരെ വലിയ പ്രതീക്ഷയിലാണ് ഇന്ത്യൻ ടീം. കഴിഞ്ഞവർഷമായിരുന്നു ഏഷ്യൻ ഗെയിംസ് നടത്താൻ നിശ്ചയിച്ചിരുന്നത്. എന്നാൽ കോവിഡ് കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്തതിന്റെ സാഹചര്യത്തിൽ മാറ്റിവയ്ക്കുകയായിരുന്നു. എന്തായാലും കുറച്ചധികം ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്ക് വലിയ അവസരം തന്നെയാണ് ഈ ഷെഡ്യൂളിലൂടെ വന്നെത്തിയിരിക്കുന്നത്.

Previous articleസഞ്ജുവിന് വീണ്ടും ലോട്ടറി, ഏഷ്യ കപ്പ്‌ ടീമിലും കളിക്കും.. പരിക്ക് ഭേദമാവാതെ 2 താരങ്ങൾ.
Next articleകാൻസറിന് ശേഷം ടീമിൽ തിരിച്ചെത്താൻ പിന്തുണ നൽകിയത് ആ താരം. തുറന്ന് പറഞ്ഞ് യുവരാജ്.