കാൻസറിന് ശേഷം ടീമിൽ തിരിച്ചെത്താൻ പിന്തുണ നൽകിയത് ആ താരം. തുറന്ന് പറഞ്ഞ് യുവരാജ്.

ഇന്ത്യൻ ടീമിന്റെ സുവർണ കാലഘട്ടത്തിലെ ഏറ്റവും മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ച ക്രിക്കറ്ററാണ് യുവരാജ് സിംഗ്. 2007ലെ ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് വിജയത്തിലും 2011ലെ 50 ഓവർ ലോകകപ്പ് വിജയത്തിലും യുവരാജ് നൽകിയ സംഭാവനകൾ വളരെ വലുതായിരുന്നു. ടീമിനായി ബാറ്റ് കൊണ്ടും ബോൾ കൊണ്ടും മൈതാനത്ത് പൊരുതുന്ന യുവരാജിനെയാണ് ഈ ടൂർണമെന്റുകളിൽ കാണാൻ സാധിച്ചത്. എന്നാൽ പിന്നീട് ക്യാൻസർ ബാധിച്ച യുവരാജ് കളിക്കളത്തിൽ നിന്നും മാറി നിൽക്കുകയുമുണ്ടായി. പിന്നീട് 2017ലായിരുന്നു യുവരാജ് തിരിച്ചു ടീമിലെത്തിയത്. അന്ന് താൻ തിരികെ ടീമിലെത്തിയപ്പോൾ തന്നെ വളരെയധികം സഹായിച്ചത് നായകൻ വിരാട് കോഹ്ലിയായിരുന്നു എന്ന് യുവരാജ് വെളിപ്പെടുത്തി.

തിരിച്ചുവരവിന് ശേഷം 2019 ലെ ഏകദിന ലോകകപ്പിൽ കളിക്കാൻ തനിക്ക് ആഗ്രഹമുണ്ടായിരുന്നു എന്നാണ് യുവരാജ് പറഞ്ഞത്. എന്നാൽ 2017 ലെ ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം യുവരാജിന് ഇന്ത്യൻ ടീമിലെ തന്റെ സ്ഥാനം നഷ്ടപ്പെടുകയുണ്ടായി. പിന്നീട് 2019 ഏകദിന ലോകകപ്പ് കളിക്കാൻ യുവരാജ് ശ്രമിച്ചെങ്കിലും അത് നടന്നില്ല. ആ സമയത്ത് മഹേന്ദ്ര സിംഗ് ധോണിയാണ് തന്നെ സെലക്ടർമാർ പരിഗണിക്കില്ല എന്ന് യുവരാജിനോട് പറഞ്ഞത്. ഈ ഓർമ്മകൾ അയവിറക്കുകയാണ് യുവരാജ് സിംഗ്.

“ഇന്ത്യൻ ടീമിലേക്ക് തിരിച്ചുവരവ് നടത്തിയപ്പോൾ വിരാട് കോഹ്ലിയായിരുന്നു എന്നെ ഏറ്റവുമധികം പിന്തുണച്ചത്. ഒരു പക്ഷേ ഈ പിന്തുണ ഇല്ലായിരുന്നെങ്കിൽ എനിക്ക് അത്തരം ഒരു തിരിച്ചുവരവ് നടത്താൻ സാധിക്കില്ലായിരുന്നു. പക്ഷേ പിന്നീട് 2019 ലോകകപ്പിനെ സംബന്ധിച്ചുള്ള കൃത്യമായ ആശയം എനിക്ക് കൈമാറിയത് ധോണിയായിരുന്നു. ഇന്ത്യൻ സെലക്ടർമാർ എന്നെ പരിഗണിക്കുന്നില്ല എന്ന് ധോണി എന്നോട് പറഞ്ഞു. കൃത്യമായ ടീമിനെ സംബന്ധിച്ചുള്ള ചിത്രം ധോണി എനിക്ക് കാട്ടിത്തന്നു. ടീമിന് എന്താണ് ആവശ്യം എന്ന് വ്യക്തത വരുത്തിയതും ധോണിയായിരുന്നു. എനിക്കുവേണ്ടി അവനാൽ കഴിയുന്ന കാര്യങ്ങളൊക്കെയും ധോണി ചെയ്തിരുന്നു.”- യുവരാജ് പറയുന്നു.

2011ലെ ലോകകപ്പിൽ ഇന്ത്യയുടെ താരമായി യുവരാജ് മാറിയത് വളരെ പെട്ടെന്നായിരുന്നു. എല്ലാ മത്സരങ്ങളിലും കൃത്യതയാർന്ന ബാറ്റിംഗ് പ്രകടനമായിരുന്നു യുവരാജ് ആ സമയത്ത് കാഴ്ചവച്ചത്. ഇതോടെ പ്ലെയർ ഓഫ് ദി ടൂർണ്ണമെന്റ് ആയി മാറാനും യുവരാജിന് സാധിച്ചു. പക്ഷേ ലോകകപ്പിന് ശേഷം വന്നെത്തിയ അർബുദം യുവരാജിന്റെ ക്രിക്കറ്റ് കരിയറിനെ വലിയ രീതിയിൽ ബാധിക്കുകയായിരുന്നു. ശേഷം രോഗ മുക്തനായി തിരിച്ചെത്തിയെങ്കിലും കൃത്യമായ ഫിറ്റ്നസ് വീണ്ടെടുക്കാനും പഴയ പ്രതാപകാലത്തിലേക്ക് തിരികെ വരാനും യുവിയ്ക്ക് സാധിച്ചില്ല.