ഇന്നാണ് ഇന്ത്യ-ശ്രീലങ്ക ട്വൻ്റി ട്വൻ്റി പരമ്പരയിലെ അവസാനത്തെയും മൂന്നാമത്തെയും മത്സരം. ആദ്യ രണ്ടു മത്സരങ്ങളിൽ ഇരു ടീമുകളും ഓരോ മത്സരം വീതം വിജയിച്ചതിനാൽ മൂന്നാമത്തെ മത്സരം രണ്ട് ടീമുകൾക്കും നിർണായകമാണ്. ആദ്യ മത്സരത്തിൽ ഇന്ത്യ ശ്രീലങ്കയെ രണ്ട് റൺസിനും രണ്ടാമത്തെ മത്സരത്തിൽ ശ്രീലങ്ക ഇന്ത്യയെ 16 റൺസിനുമാണ് പരാജയപ്പെടുത്തിയത്. വൈകിട്ട് ഏഴുമണിക്ക് സ്റ്റാർ സ്പോർട്സിൽ ആണ് മത്സരം തൽസമയം കാണാൻ സാധിക്കുക. മത്സരത്തിൽ വിജയിക്കുന്ന ടീം പരമ്പര നേടുന്നതിനാൽ രണ്ട് ടീമിനും വിജയം അനിവാര്യമാണ്.ഏഷ്യാകപ്പിൽ ഇന്ത്യയെ നാണം കെടുത്താൻ ശ്രീലങ്കക്ക് സാധിച്ചിരുന്നു.
അതുകൊണ്ടു തന്നെ മൂന്നാമത്തെ മത്സരം ശ്രീലങ്ക വിജയിച്ചാൽ ഒന്നുകൂടെ ഇന്ത്യക്ക് ശ്രീലങ്കക്ക് മുൻപിൽ തലകുനിക്കേണ്ടി വരും. അത് സ്വന്തം തട്ടകത്തിൽ ആണെന്നുള്ള കാര്യം നാണക്കേടിന്റെ തോത് ഉയർത്തും. അതുകൊണ്ടുതന്നെ എന്ത് വില കൊടുത്തും വിജയം നേടേണ്ടത് ഇന്ത്യയ്ക്ക് അനിവാര്യമായ കാര്യമാണ്. എന്നാൽ അത്ര എളുപ്പത്തിൽ ഇന്ത്യക്ക് വിജയം നേടാൻ സാധിക്കില്ല. ഇന്ത്യക്ക് ഏറ്റവും വലിയ തലവേദന സൃഷ്ടിക്കുന്നത് ബൗളിംഗ് നിര തന്നെയാണ്. ഓരോ മത്സരം കഴിയുംതോറും ഇന്ത്യയുടെ ബൗളിംഗ് നിര പരാജയപ്പെട്ടു കൊണ്ടിരിക്കുകയാണ്. യുവതാരങ്ങളായ അർഷദീപ് സിംഗ്, ഉമ്രാൻ മാലിക്, ശിവം മാവി എന്നിവർ അടങ്ങിയ ബൗളിംഗ് തല്ല് വാങ്ങിക്കൂട്ടുന്ന കാഴ്ചയാണ് കാണുന്നത്.
ഉമ്രാൻ വിക്കറ്റ് നേടുന്നുണ്ടെങ്കിലും റൺസ് വിട്ടുകൊടുക്കുന്നതിൽ യാതൊരുവിധ മടിയും കാണിക്കുന്നില്ല. തുടർച്ചയായ മൂന്ന് നോബോളുകൾ രണ്ടാമത്തെ ട്വന്റി ട്വന്റിയിൽ എറിഞ്ഞ് നാണക്കേടിന്റെ പട്ടികയിൽ അർഷദീപ് ഇടം നേടിയിട്ടുണ്ട്. പവർ പ്ലേ യിലും ഡെത്ത് ഓവറിലും ഇനിയും ഒരുപാട് ഇന്ത്യൻ ബൗളിംഗ് മെച്ചപ്പെടാൻ ഉണ്ട്. മറ്റൊരു പ്രധാന പ്രശ്നമാണ് ടോപ് ത്രീ ബാറ്റ്സ്മാൻമാർ പരാജയപ്പെടുന്നത്. ഈ പരമ്പരയിൽ ഇന്ത്യക്കു വേണ്ടി ട്വൻ്റി ട്വൻ്റിയിൽ അരങ്ങേറ്റം കുറിച്ച ശുബ്മാൻ ഗിൽ ആദ്യത്തെ രണ്ട് മത്സരങ്ങളിലും പരാജയമായി. അതുകൊണ്ട് ഇന്ന് നടക്കുന്ന മത്സരത്തിൽ താരത്തിന് പകരം രുതുരാജ് ഗെയ്ക്വാദിന് അവസരം നൽകിയേക്കും. വലിയ പ്രതീക്ഷയാണ് ഇഷാൻ കിഷനിൽ ഇന്ത്യ വെക്കുന്നത്. ബംഗ്ലാദേശിനെതിരായ പരമ്പരയിൽ മികച്ച പ്രകടനം പുറത്തെടുത്ത താരം ശ്രീലങ്കയ്ക്കെതിരായ പരമ്പരയിൽ കാര്യമായിട്ടൊന്നും ചെയ്തിട്ടില്ല.
അരങ്ങേറ്റക്കാരനായ രാഹുൽ ത്രിപാടിക്ക് മൂന്നാം നമ്പറിൽ വീണ്ടും അവസരം നൽകാനാണ് സാധ്യത. മധ്യനിര ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കുന്നുണ്ടെങ്കിലും മികച്ച തുടക്കം ലഭിക്കാത്തത് വലിയ പ്രശ്നമാണ്. അതേസമയം ഇന്ത്യയിൽ കളിച്ച അനുഭവസമ്പത്തുള്ള കെട്ടുറപ്പുള്ള താരങ്ങളാണ് ശ്രീലങ്കക്ക് ഉള്ളത്. അതുകൊണ്ടുതന്നെ ഇന്ത്യക്കെതിരെ വലിയ രീതിയിലുള്ള ഭീഷണി ഉയർത്താൻ അവർക്ക് സാധിക്കും. അതിന് ആത്മവിശ്വാസം ഉയർത്താൻ രണ്ടാമത്തെ മത്സരം സഹായിച്ചിട്ടുണ്ടാകും. നിരവധി ഓൾറൗണ്ടർമാർ ഉള്ളതാണ് ശ്രീലങ്കക്ക് ഗുണമായിട്ടുള്ള ഏറ്റവും വലിയ കാര്യം. ഇന്ത്യയെക്കാൾ മുൻതൂക്കം ശ്രീലങ്കക്ക് നൽകുന്ന മറ്റൊരു കാര്യമാണ് നിരവധി ബൗളർമാരെ മാറിമാറി പരീക്ഷിക്കാനുള്ള അവസരം.
സാധ്യതാ 11
ഇന്ത്യ- ഇഷാന്‍ കിഷന്‍, റുതുരാജ് ഗെയ്ക് വാദ്, രാഹുല്‍ ത്രിപാഠി, സൂര്യകുമാര്‍ യാദവ്, ഹര്‍ദിക് പാണ്ഡ്യ (c), ദീപക് ഹൂഡ, അക്ഷര്‍ പട്ടേല്‍, ശിവം മാവി, ഉമ്രാന്‍ മാലിക്, യുസ്‌വേന്ദ്ര ചഹാല്‍, അര്‍ഷദീപ് സിങ്.
ശ്രീലങ്ക-പതും നിസങ്ക, കുശാല്‍ മെന്‍ഡിസ്, ബനുക രാജപക്‌സ, ചരിത് അസലങ്ക, ധനഞ്ജയ് ഡി സില്‍വ, ദസുന്‍ ഷണക, വനിന്‍ഡു ഹസരങ്ക, ചമിക കരുണരത്‌ന, മഹേഷ് തീക്ഷണ, കസുന്‍ രജിത, ദില്‍ഷന്‍ മധുശന്‍ക