ക്രിക്കറ്റ് ലോകം ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന പോരാട്ടമാണ് വരുന്ന ജൂൺ പതിനെട്ടിന് ആരംഭിക്കുന്ന ഇന്ത്യ: ന്യൂസിലാൻഡ് ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനൽ. ക്രിക്കറ്റിലെ കരുത്തരായ രണ്ട് ടീമുകളെ പരസ്പരം ഏറ്റുമുട്ടുമ്പോൾ ആരാകും വിജയിക്കുക എന്നത് പ്രവാചനാതീതമാണ്. ഫൈനൽ മത്സരത്തിനുള്ള ഇന്ത്യൻ ടീമിന്റെ പ്ലെയിങ് ഇലവനെ കുറിച്ചുള്ള ചർച്ചകൾ ക്രിക്കറ്റ് ആരാധകരിലും സജീവമാണ്. ഇന്ത്യൻ ടീം ഉറപ്പായും ഫൈനലിൽ ജയിക്കുമെന്ന് പറഞ്ഞ പല മുൻ താരങ്ങളും പ്ലെയിങ് ഇലവന്റെ കാര്യത്തിൽ വ്യത്യസ്ത തരം അഭിപ്രായം പങ്കുവെക്കുകയാണ്.
മുൻ ഇന്ത്യൻ പേസറും പ്രമുഖ ക്രിക്കറ്റ് കമന്റേറ്ററുമായ അജിത് അഗാർക്കർ ഈ കാര്യത്തിൽ പറഞ്ഞ അഭിപ്രായമാണ് ക്രിക്കറ്റ് ലോകത്തെ വ്യാപക ചർച്ച.നാല് പേസ് ബൗളർമാരെയും ഒരു സ്പിൻ ബൗളർമാരെയും ഇന്ത്യൻ ടീം ഫൈനലിൽ കളിപ്പിക്കണമെന്നാണ് അഗാർക്കർ വിശദമാക്കുന്നത്.ഫൈനൽ നടക്കുന്നത് ഡ്യൂക്ക് പന്തിലാണെന്നും അഗാർക്കർ മുന്നറിയിപ്പ് നൽകുന്നുണ്ട്.
“ഫൈനലിൽ നമ്മൾ കളിക്കുക ഡ്യൂക്ക് പന്തിലാണ്. അതിനാൽ തന്നെ മൂന്ന് പേസ് ബൗളർമാരേക്കാൾ നാല് പേസ് ബൗളർമാരും ഒരു സ്പിന്നറും കളിക്കാൻ ഇറങ്ങുന്നതാകും നല്ലത്.അതാണ് ബുദ്ധി. ഇഷാന്ത് ശർമ, മുഹമ്മദ് ഷമി, ജസ്‌പ്രീത് ബുറ എന്നിവർ ഉറപ്പായും ടീമിൽ ഇടം നേടും. നാലാം പേസറെ പരീക്ഷിക്കണോ എന്നതാകും എല്ലാവരുടെയും ചർച്ച. ഡ്യൂക്ക് പന്തിലാണ് ഇംഗ്ലണ്ടിൽ ഒട്ടേറെ മത്സരങ്ങൾ കളിക്കുന്നത്. നാലാമത് പ്ലെയിങ് ഇലവനിൽ ഒരു പേസ് ബൗളർ ഇടം കണ്ടെത്തിയാൽ അത് ഉറപ്പായും മുഹമ്മദ് സിറാജ് ആയിരിക്കും “അജിത് അഗാർക്കർ വിശദീകരിച്ചു.