ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ നേരിട്ട പരാജയം ഇന്ത്യയെ വളരെയേറെ ബാധിച്ചിട്ടുണ്ട്. 2013ന് ശേഷം ഒരു ഐസിസി കിരീടം പോലും സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടില്ല എന്നത് തന്നെ നിർഭാഗ്യകരമാണ്. ഇതാദ്യമായല്ല ഇന്ത്യ നോക്ക് ഔട്ട് മത്സരത്തിൽ കളി മറക്കുന്നത്. ഇതിനുമുമ്പ് പലപ്പോഴും ഇത്തരം സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ട്. അതിനാൽ തന്നെ ഇന്ത്യയുടെ പരാജയങ്ങളെ ചോദ്യംചെയ്ത് ഒരുപാട് മുൻ താരങ്ങൾ രംഗത്ത് എത്തിയിരിക്കുകയാണ്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ ഇന്ത്യയുടെ പരാജയത്തിൽ പ്രധാനമായും എല്ലാവരും ചൂണ്ടിക്കാണിക്കുന്നത് ബാറ്റിംഗ് നിരയുടെ മോശം പ്രകടനം തന്നെയാണ്. ഇക്കാര്യത്തിൽ സംസാരിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇംഗ്ലണ്ട് താരം നാസർ ഹുസൈൻ.
മത്സരത്തിൽ ഇന്ത്യയുടെ ടോപ്പ് ഓർഡർ ബാറ്റർമാർ കളിച്ച രീതിയെയാണ് നാസർ ഹുസൈൻ വിമർശിച്ചിരിക്കുന്നത്. ബാറ്റർമാർ അതിവേഗത്തിൽ തന്നെ ബോളിനെ നേരിടാൻ തയ്യാറായത് പരാജയത്തിൽ പ്രധാന പങ്കു വഹിച്ചു എന്ന് ഹുസൈൻ പറയുന്നു. അതുകൊണ്ടുതന്നെ ലോകത്തിലെ ഏറ്റവും മികച്ച ടെസ്റ്റ് കളിക്കാരിൽ നിന്ന് ഇന്ത്യൻ ബാറ്റർമാർ ചിലത് കണ്ടു പഠിക്കാനുണ്ട് എന്ന് ഹുസൈൻ പറയുന്നു. ബാബർ ആസമിൽ നിന്നും വില്യംസണിൽ നിന്നും സ്വിങ് ബോളുകൾക്കെതിരെ എങ്ങനെ കളിക്കണമെന്ന് ഇന്ത്യയുടെ മുൻനിര ബാറ്റർമാർ കണ്ടുപഠിക്കേണ്ടതുണ്ട് എന്നാണ് നാസർ ഹുസൈൻ സ്കൈ സ്പോർട്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.
“ഇന്ത്യൻ ബാറ്റർമാരുടെ ഫൈനലിലെ പ്രകടനത്തിൽ എനിക്ക് വളരെ നിരാശയുണ്ട്. ഒരുപക്ഷേ ഞാൻ ഇങ്ങനെ ഒരു പ്രസ്താവന നടത്തുന്നതിലൂടെ ഇന്ത്യൻ ആരാധകരൊക്കെയും എന്റെ ശത്രുക്കളായി മാറിയേക്കാം. പക്ഷേ ഞാൻ പറയുകയാണ്. പന്ത് മൈതാനത്ത് മൂവ് ചെയ്യുമ്പോൾ, അല്ലെങ്കിൽ പന്ത് സിംഗ് ചെയ്യുമ്പോൾ പേസർമാരെ ഏതുതരത്തിൽ കളിക്കണമെന്നത് ഇന്ത്യൻ മുൻനിര ബാറ്റർമാർ ബാബർ ആസാമിനെയും കെയിൻ വില്യംസനെയും കണ്ടുപഠിക്കേണ്ടതുണ്ട്. ഈ രണ്ടു ബാറ്റർമാരും വളരെ വൈകിയാണ് ഇത്തരം സാഹചര്യങ്ങളിൽ ബോളിനെ നേരിടുന്നത്. ഇന്ത്യൻ ബാറ്റർമാരും അത്തരത്തിൽ ശീലിച്ചാൽ മാത്രമേ ഗുണം ചെയ്യൂ.”- നാസർ ഹുസൈൻ പറഞ്ഞു.
ഫൈനലിൽ കണ്ടത് ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന മുൻനിര ബാറ്റർമാർ തകർന്നുവീഴുന്നതായിരുന്നു. മുൻനിരയിലെ ഒരു ബാറ്റർക്കുപോലും കൃത്യമായ രീതിയിൽ ടീമിന് സംഭാവന ചെയ്യാൻ സാധിച്ചില്ല. എന്നാൽ രഹാനെ അടക്കമുള്ള മധ്യനിര ബാറ്റർമാർക്ക് ഇന്ത്യയ്ക്കായി മികച്ച പ്രകടനം കാഴ്ചവയ്ക്കാനും സാധിച്ചു. അതുകൊണ്ടുതന്നെ ഇന്ത്യയുടെ മത്സരത്തിലെ പരാജയത്തിന് വലിയ കാരണമായി മാറിയത് മുൻനിരയുടെ നിരാശപ്പെടുത്തുന്ന പ്രകടനം തന്നെയായിരുന്നു. ഇനിയുള്ള മത്സരങ്ങളിലെങ്കിലും ഇത്തരം ദയനീയ പരാജയങ്ങൾ ഒഴിവാക്കണമെങ്കിൽ കരുതിയിരുന്നേ മതിയാവൂ.