ഇന്ത്യ ഏറ്റവുമധികം അവഗണിക്കുന്നത് അവനെയാണ്. അതിന്റെ ഫലമാണ് ഈ പരാജയങ്ങൾ.

wtc final india

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലെ ഇന്ത്യയുടെ പരാജയത്തിനുശേഷം രൂക്ഷ വിമർശനങ്ങളുമായി എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ. ഫൈനലിലെ ഇന്ത്യയുടെ ടീം സെലക്ഷനെ സംബന്ധിച്ചാണ് ഗവാസ്കർ തന്റെ വിമർശനം അറിയിച്ചത്. ഫൈനലിൽ ഇന്ത്യ ഐസിസിയുടെ ഒന്നാം നമ്പർ സ്ഥാനത്തുള്ള രവിചന്ദ്രൻ അശ്വിനെ ടീമിൽ ഉൾപ്പെടുത്താതിരുന്നതാണ് ഗവാസ്കറിനെ ചൊടിപ്പിച്ചിരിക്കുന്നത്. ഇതിനുമുമ്പും ഇതുപോലെ പല അവസരങ്ങളിലും ഇന്ത്യ അശ്വിനെ പല കാരണങ്ങൾ പറഞ്ഞ് അവഗണിച്ചിട്ടുണ്ട് എന്നാണ് സുനിൽ ഗവാസ്കർ പറയുന്നത്

“ഐസിസിയുടെ ഒന്നാം സ്ഥാനത്തുള്ള രവിചന്ദ്രൻ അശ്വിനെയാണ് ഇന്ത്യ പുറത്തിരുത്തിയത്. ഓസ്ട്രേലിയൻ ടോപ് ഓർഡറിൽ അഞ്ച് ഇടംകയ്യൻ ബാറ്റർമാരുള്ളപ്പോൾ ഇത് ഒരുതരത്തിലും അംഗീകരിക്കാനാവില്ല. അതിൽ ഒരു ഇടംകയ്യനായ ട്രാവീസ് ഹെഡ് മത്സരത്തിൽ സെഞ്ച്വറി നേടി. മറ്റൊരു ഇടംകയ്യനായ അലക്സ് കെയറി ആദ്യ ഇന്നിങ്സിൽ 48 റൺസ് നേടി. രണ്ടാം ഇന്നിങ്സിൽ കെയറി 66 റൺസ് നേടുകയുണ്ടായി. മാത്രമല്ല മറ്റൊരു ഇടംകയ്യൻ ബാറ്ററായ മിച്ചൽ സ്റ്റാർക്കിനൊപ്പം ചേർന്നു 93 റൺസിന്റെ കൂട്ടുകെട്ടും കയറി സ്വന്തമാക്കുകയുണ്ടായി.”- ഗവാസ്കർ പറയുന്നു.

Read Also -  ഫീൽഡിങ് കോച്ചായി ജോണ്ടി റോഡ്‌സിനെ വേണമെന്ന ഗംഭീറിന്റെ ആവശ്യം നിരസിച്ച് ബിസിസിഐ.

“ഒരുപക്ഷേ അശ്വിൻ ടീമിൽ ഉണ്ടായിരുന്നെങ്കിൽ ഇത്തരം ഇന്നീങ്‌സുകൾ ഉണ്ടാകുമായിരുന്നില്ല. മാത്രമല്ല ബാറ്റിങ്ങിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ അശ്വിന് സാധിക്കുമായിരുന്നു. നിലവിലെ ഇന്ത്യൻ ടീം മാനേജ്മെന്റ് ഏറ്റവും മോശമായി പരിഗണിക്കുന്ന വ്യക്തിയാണ് അശ്വിൻ. അല്ലാത്തപക്ഷം പച്ചപ്പുള്ള പിച്ചിൽ മുൻപ് റൺസടിച്ചിട്ടില്ല, സ്പിൻ പിച്ചിൽ അടിച്ചിട്ടില്ല എന്നൊക്കെയുള്ള ന്യായങ്ങൾ പറഞ്ഞ് ഇന്ത്യ അശ്വിനെ പ്ലെയിങ് ഇലവനിൽ നിന്ന് മാറ്റി നിർത്തുമായിരുന്നില്ല.”- ഗവാസ്കർ കൂട്ടിച്ചേർക്കുന്നു.

“അശ്വിനെ ഇന്ത്യ ഇത്തരത്തിൽ മാറ്റിനിർത്തുന്നത് ഇതാദ്യമായല്ല. പലപ്പോഴും ഇന്ത്യ വലംകൈയ്യൻ ബാറ്റർമാർ ക്രീസിലുള്ളപ്പോൾ ഇടംകയ്യൻ സ്പിന്നർമാർക്ക് പന്ത് കൊടുക്കാറുണ്ട്. കാറ്റിന്റെ ഗതി അനുകൂലമല്ലെന്ന് പറഞ്ഞ് അശ്വിനെ എറിയിക്കാതിരുന്നിട്ടുണ്ട് ബോളറുടെ ഫുട്ട് മാർക്ക് പോലും അശ്വിനെ അവഗണിക്കാൻ ഒരു കാരണമാക്കിയിട്ടുണ്ട്. ഇത്തരത്തിൽ അശ്വിനെ എല്ലാത്തരത്തിലും ഒഴിവാക്കുന്ന പ്രവർത്തിയാണ് ഇന്ത്യ ചെയ്തുകൊണ്ടിരിക്കുന്നത്.”- ഗവാസ്കർ പറഞ്ഞുവയ്ക്കുന്നു.

Scroll to Top