ഇംഗ്ലണ്ട് പരമ്പരക്ക് മുൻപായി അവൻ വരണം :മുന്നറിയിപ്പുമായി മുൻ ഇംഗ്ലണ്ട് താരം

ഇന്ത്യൻ ക്രിക്കറ്റ്‌ പ്രേമികൾ എല്ലാം വളരെ നിരാശയിലാണ്. ഏറെ പ്രതീക്ഷകളോടെ കാത്തിരുന്ന ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിൽ ന്യൂസിലാൻഡ് ടീമിനോട് എട്ട് വിക്കറ്റ് തോൽവി വഴങ്ങി പ്രഥമ ടെസ്റ്റ് ലോകകപ്പ് കൈവിട്ട ഇന്ത്യൻ ടീമിനെതിരെ രൂക്ഷ വിമർശനങ്ങളാണ് ഇപ്പോൾ ഉയരുന്നത്.ഇന്ത്യൻ ബാറ്റിങ് നിരയുടെ മോശം പ്രകടനമാണ് മിക്ക ആരാധകരെയും ചൊടിപ്പിച്ചത്. വളരെ ഏറെ പ്രമുഖരായ താരങ്ങൾ പലരും ഫൈനലിൽ വൻ സ്കോർ നേടുവാൻ കഴിയാതെ അതിവേഗം പുറത്തായപ്പോൾ കിവീസ് ബൗളർമാരുടെ തന്ത്രങ്ങൾ രണ്ട് ഇന്നിങ്സിലും വിജയം നേടി. എന്നാൽ ഇംഗ്ലണ്ടിലെ സാഹചര്യങ്ങൾ ടീമിനായി ഫൈനലിൽ ഒട്ടും മുതലെടുക്കുവാൻ കഴിയാതെ പോയ ഇന്ത്യൻ ഫാസ്റ്റ് ബൗളർമാർക്ക് എതിരെയും വിമർശനം ശക്തമാണ്.

ഇന്ത്യൻ ബൗളിംഗ് പടയിലേക്ക് ഒരു സ്വിങ്ങ് ബൗളറെ കൂടി ഉൾപ്പെടുത്തണം എന്ന് അഭിപ്രായം ഉന്നയിക്കുകയാണ് മുൻ ഇംഗ്ലണ്ട് താരവും ഒപ്പം പ്രമുഖ ക്രിക്കറ്റ്‌ കമന്റേറ്ററുമായ നാസിർ ഹുസൈൻ.ഒരു സ്വിങ്ങ് ബൗളറെ ഇന്ത്യൻ സ്‌ക്വാഡിൽ മിസ്സ്‌ ചെയ്യുന്നുണ്ട് എന്ന് പറഞ്ഞ അദ്ദേഹം ഏറെ പരിചയസമ്പത്ത് കൈവശമുള്ള ഭുവനേശ്വർ കുമാറിനെ സ്‌ക്വാഡിലേക്ക് എത്തിച്ചാൽ അത് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഏറെ അത്ഭുതങ്ങൾ സൃഷ്ടിക്കാമെന്നും നാസിർ ഹുസൈൻ വിശദീകരിക്കുന്നു.നിലവിൽ ഇഷാന്ത് ശർമ, മുഹമ്മദ്‌ ഷമി, ജസ്‌പ്രീത് ബുംറ , ഉമേഷ്‌ യാദവ്, മുഹമ്മദ്‌ സിറാജ്,ശാർദൂൽ താക്കൂർ എന്നിവരാണ് ഇന്ത്യൻ ടീമിലെ പേസ് ബൗളർമാർ.

“ഇംഗ്ലണ്ടിലെ സാഹചര്യങ്ങൾ ഭുവിക്ക് നല്ലത് പോലെ അറിയാം. കൂടാതെ ഭുവി മുൻപും ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പര കളിച്ചിട്ടുണ്ട്.ഇംഗ്ലണ്ടിനെതിരെ ഭുവിക്ക് അത്ഭുതം സൃഷ്ടിക്കാൻ കഴിയും എന്ന് ഞാൻ വിശ്വസിക്കുന്നു അവന്റെ ഫിറ്റ്നസ് കാര്യത്തിൽ നമുക്ക് ചില ആശങ്കകൾ ഉണ്ടെങ്കിലും പരമ്പരയിൽ മൂന്ന് ടെസ്റ്റ് കളിക്കുവാൻ എങ്കിലും ഭുവനേശ്വർ കുമാറിന് കഴിഞ്ഞാൽ അത് നേട്ടമായി മാറും “നാസിർ ഹുസൈൻ അഭിപ്രായം വിശദമാക്കി. നിലവിൽ ജൂലൈ മാസം ആരംഭിക്കുന്ന ലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ലിമിറ്റഡ് ഓവർ ടീമിന്റെ വൈസ് ക്യാപ്റ്റനാണ് ഭുവി.

Previous articleഇന്ത്യ ജയിക്കുമെന്ന് പറഞ്ഞ് പണി കിട്ടി ഓസ്ട്രേലിയൻ നായകൻ :ക്ഷമ ചോദിച്ച് താരം
Next articleഅവന്‍ പ്രതിഭ.പത്ത് വർഷം വരെ ഇന്ത്യൻ ടീമിനായി അവൻ തിളങ്ങും :വാചാലനായി മുൻ താരം