ഇന്ത്യ ജയിക്കുമെന്ന് പറഞ്ഞ് പണി കിട്ടി ഓസ്ട്രേലിയൻ നായകൻ :ക്ഷമ ചോദിച്ച് താരം

ഏവരും ആകാംക്ഷയോടെ കാത്തിരുന്ന ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിലെ ന്യൂസിലാൻഡ് ടീമിന്റെ എട്ട് വിക്കറ്റ് വിജയം ആഘോഷിക്കുകയാണ് ക്രിക്കറ്റ്‌ ലോകം. കരുത്തരായ ഇന്ത്യയെ തോൽപ്പിച്ച് പ്രഥമ ടെസ്റ്റ് ചാമ്പ്യൻഷിപ് കിരീടം സ്വന്തമാക്കിയ ന്യൂസിലാൻഡ് ടീമിന് ക്രിക്കറ്റ്‌ ആരാധകരിൽ നിന്നും മുൻ താരങ്ങളിൽ നിന്നും വൻ അഭിനന്ദനങ്ങൾ ലഭിക്കുകയാണ് ഇപ്പോൾ. സതാംപ്ടണിൽ മഴ വില്ലനായി എത്തിയെങ്കിലും കിവീസ് നിരയുടെ ബാറ്റിങ് കരുത്തിനും ഒപ്പം മാസ്മരിക ബൗളിംഗിനും മുൻപിൽ ഇന്ത്യൻ ടീമിന് പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല. രണ്ട് ഇന്നിങ്സിലും ചെറിയ സ്കോറിൽ പുറത്തായ ഇന്ത്യൻ ടീമിൽ ആരും അർദ്ധ സെഞ്ച്വറി പോലും രണ്ട് തവണ ബാറ്റ് ചെയ്തിട്ടും ഫൈനലിൽ നേടിയില്ലയെന്നതാണ് വളരെ ശ്രദ്ദേയം.

എന്നാൽ ഫൈനലിലെ ഇന്ത്യൻ തോൽവിക്ക് പിന്നാലെ പണി കിട്ടിയത് ഓസ്ട്രേലിയൻ ടെസ്റ്റ് ടീം നായകൻ ടിം പെയിനാണ് .ഫൈനലിന് മുൻപ് ഇന്ത്യൻ ടീമിന്റെ വിജയം പെയിൻ പ്രവചിച്ചതാണ് ഇപ്പോൾ താരത്തിനെതിരായ വിമർശനം ഇപ്പോൾ ഉയരുവാൻ കാരണം.കിവീസിന് എതിരായ ഫൈനലിൽ ഇന്ത്യൻ ടീമിന്റെ വിജയം അനായാസമായിരിക്കുമെന്ന ടിം പെയിന്റെ വാക്കുകൾ ഇപ്പോൾ ഓസീസ് താരത്തിന് തന്നെ തിരിച്ചടിയായി.പ്രഥമ ടെസ്റ്റ് ചാമ്പ്യൻഷിപ് കിരീടം ന്യൂസിലാൻഡ് നേടിയതിന് പിന്നാലെ കിവീസ് ടീമിന്റെ ആരാധകരോട് മാപ്പ് ചോദിക്കുകയാണ് പെയിൻ.

“എല്ലാവർക്കും ജീവിതത്തിൽ തെറ്റുകൾ സംഭവിക്കാം. എനിക്കും അത്തരത്തിൽ ഒരു തെറ്റ് പറ്റി. ഞാൻ ഫൈനലിന് മുൻപ് ന്യൂസിലാൻഡ് ടീമിന്റെ തോൽവിയാണ് പ്രവചിച്ചത്. എന്നാൽ ഇക്കാര്യത്തിൽ ഞാൻ കിവീസ് ആരാധകരോട് എല്ലാം ക്ഷമ ചോദിക്കുന്നു.ഫൈനലിൽ എല്ലാ ടീമുകളെയും ഞെട്ടിക്കുന്ന അസാമാന്യ പ്രകടനമാണ് ന്യൂസിലാൻഡ് ടീം കാഴ്ചവെച്ചത്. അവർ ഈ വിജയം ഏറെ അർഹിക്കുന്നു.വളരെ ചെറിയൊരു രാജ്യമായ ന്യൂസിലാൻഡ് ടീമിന്റെ ഓരോ നേട്ടവും മഹത്തരമാണ്. അവർ ഈ ടെസ്റ്റ് ലോകകപ്പ് വിജയം അർഹിക്കുന്നു “ടിം പെയിൻ വാചാലനായി. വരാനിരിക്കുന്ന ആഷസ്‌ പരമ്പരക്ക് ശേഷം ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കുമെന്ന് പെയിൻ മുൻപ് പറഞ്ഞത് ക്രിക്കറ്റ്‌ ആരാധകരിൽ വാർത്തയായിരുന്നു.