ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിലും വിജയം തേടി രോഹിത് ശർമയും സംഘവും ബാംഗ്ലൂരിൽ ഇറങ്ങുകയാണ്. വിജയത്തിൽ കുറഞ്ഞതൊന്നും ഇന്ത്യ പ്രതീക്ഷിക്കുന്നില്ല. ശ്രീലങ്കക്കെതിരെ വിജയിക്കുന്നതിനോടൊപ്പം ചിരവൈരികളായ പാകിസ്ഥാൻ്റെ വിജയത്തിനായി ഇന്ത്യ പ്രാർത്ഥിക്കും.
പാക്കിസ്ഥാനും ഓസ്ട്രേലിയയും തമ്മിലുള്ള രണ്ടാം ടെസ്റ്റിൽ പാക്കിസ്ഥാൻ വിജയിച്ചു കഴിഞ്ഞാൽ ഇന്ത്യയ്ക്ക് ടെസ്റ്റ് റാങ്കിംഗിൽ ഒന്നാമത് എത്താനാകും. നിലവിൽ ഓസ്ട്രേലിയ ആണ് ടെസ്റ്റ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത്. പാറ്റ് കമ്മിൻസ് നയിക്കുന്ന ഓസ്ട്രേലിയയും ബാബർ അസം നയിക്കുന്ന പാക്കിസ്ഥാനും ആദ്യ ടെസ്റ്റ് സമനിലയിൽ പിരിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ ഇരുകൂട്ടർക്കും കറാച്ചിയിലെ രണ്ടാമത്തെ ടെസ്റ്റ് നിർണായകമാണ്.
ഇന്ത്യയിൽ വച്ച് നടക്കുന്ന മൂന്നാമത്തെ പിങ്ക് ബോൾ ടെസ്റ്റ് ആണ് ശ്രീലങ്കയ്ക്കെതിരെ ഇന്ന് നടക്കുന്നത്. നേരത്തെ ബംഗ്ലാദേശ് ഇംഗ്ലണ്ട് ടീമുകൾക്കെതിരെ ആയിരുന്നു ഇന്ത്യ ഡെ നൈറ്റ് ടെസ്റ്റ് കളിച്ചത്. അന്ന് നായകനായിരുന്ന കോഹ്‌ലിയുടെ സെഞ്ചുറിയുടെ മികവിൽ ഇന്ത്യ ഇന്നിംഗ്സ് വിജയം കൈവരിച്ചിരുന്നു. ഇംഗ്ലണ്ടിനെതിരെയുളള മത്സരത്തിൽ 10 വിക്കറ്റ് വമ്പൻ വിജയവും ഇന്ത്യ നേടിയിരുന്നു.
സ്ഥിരം ക്യാപ്റ്റൻ ആയിട്ട് രോഹിത് ശർമയുടെ ആദ്യത്തെ ടെസ്റ്റ് പരമ്പര ആണിത്. ആദ്യത്തെ ടെസ്റ്റിൽ 272 റൺസിൻ്റെ കൂറ്റൻ വിജയം നേടിയിരുന്നു. ഇനി ഈ ടെസ്റ്റിലും ആധിപത്യം തുടരാൻ തന്നെയായിരിക്കും ഇന്ത്യയുടെ ആഗ്രഹം.