രോഹിതിനും കോഹ്ലിയ്ക്കും പകരം ടെസ്റ്റിൽ യുവതാരങ്ങളെ കളിപ്പിക്കണം. ആവശ്യവുമായി മുൻ ഇന്ത്യൻ താരം.

വെസ്റ്റിൻഡീസിനെതിരെ സമാപിച്ച ടെസ്റ്റ് പരമ്പരയിൽ ഇന്ത്യക്കായി ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച ബാറ്റർമാരാണ് രോഹിത് ശർമയും വിരാട് കോഹ്ലിയും. ഇരു മത്സരങ്ങളിലും കൃത്യമായി റൺസ് കണ്ടെത്താൻ സീനിയർ താരങ്ങളായ ഈ ബാറ്റർമാർക്ക് സാധിച്ചിരുന്നു. ഇന്ത്യ വിജയിക്കുന്ന മത്സരങ്ങളിൽ ഇരുവരുടെയും പ്രാധാന്യവും ചർച്ച ചെയ്യപ്പെടുകയുണ്ടായി.

എന്നാൽ ഇന്ത്യ പൂർണ്ണമായും ഈ രണ്ടു താരങ്ങളെ എപ്പോഴും ആശ്രയിക്കുന്നത് ഗുണം ചെയ്യില്ല എന്ന അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ. തുടർച്ചയായി സീനിയർ താരങ്ങളെ ആശ്രയിക്കുന്നതിനു പകരമായി ഇന്ത്യ യുവ താരങ്ങളെ കൂടി രംഗത്ത് എത്തിക്കേണ്ടതുണ്ട് എന്നാണ് സുനിൽ ഗവാസ്കർ പറയുന്നത്.

“വിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിൽ രോഹിത്തും കോഹ്ലിയും റൺസ് കണ്ടെത്തുമെന്നും അത് ഇന്ത്യയുടെ വിജയങ്ങളിൽ പ്രധാന പങ്കുവഹിക്കുമെന്നും എല്ലാവർക്കും ബോധ്യമുണ്ട്. അക്കാര്യങ്ങളിൽ യാതൊരു പുതുമയും കാണാൻ സാധിക്കില്ല. എന്നാൽ ഇന്ത്യ ചെയ്യേണ്ടത് കൂടുതൽ പുതിയ താരങ്ങൾക്ക് ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ അവസരം നൽകുക എന്നതാണ്. പുതുതാരങ്ങളെ വാർത്തെടുക്കുക എന്നതാണ് ടീമിനെ സംബന്ധിച്ച് പ്രധാനമായ കാര്യം.”- ഗവാസ്കർ പറയുന്നു.

“ചില യുവതാരങ്ങളെ ടെസ്റ്റ് ക്രിക്കറ്റിലേക്ക് അടുപ്പിച്ച് അവർ ഏതുതരത്തിൽ മത്സരത്തിന്റെ ആ ഫോർമാറ്റിനെ നോക്കിക്കാണും എന്ന് ചിന്തിക്കുന്നത് വളരെ നന്നായിരിക്കും. അത്തരത്തിൽ സ്ഥിരതയുള്ള ഇന്ത്യൻ കളിക്കാർക്ക് വെല്ലുവിളി ഉയർത്താൻ സെലക്ടർമാർ ആഗ്രഹിക്കുന്നില്ലേ?”

” നിലവിൽ അജിത്ത് അഗാർക്കറാണ് സെലക്ഷൻ കമ്മിറ്റിയുടെ ചെയർമാനായി എത്തിയിരിക്കുന്നത്. അതിനാൽ തന്നെ ഇന്ത്യയുടെ ഭാവിയെ വാർത്തെടുക്കാനുള്ള സമീപനം അദ്ദേഹം കൈക്കൊള്ളണം. അല്ലാത്തപക്ഷം ഇനിയും പഴയ സമീപനവുമായി ഇന്ത്യ മുൻപോട്ട് പോകുമോ എന്നത് കണ്ടറിയണം.”- ഗവാസ്കർ കൂട്ടിച്ചേർക്കുന്നു.

വെസ്റ്റിൻഡീസിനെതിരായി ടെസ്റ്റ് പരമ്പരയിൽ പ്രധാനമായും രണ്ടോ മൂന്നോ യുവതാരങ്ങളെ മാത്രമാണ് ഇന്ത്യ മൈതാനത്തിറക്കിയത്. ഇവരൊക്കെയും പരമ്പരയിൽ മികച്ച പ്രകടനങ്ങൾ പുറത്തെടുക്കുകയുണ്ടായി. എന്നിരുന്നാലും കൂടുതലായി സീനിയർ താരങ്ങളെ ആശ്രയിച്ചാണ് ഇന്ത്യ പരമ്പരയിൽ വിജയം കണ്ടത്. രോഹിത്, കോഹ്ലി, അശ്വിൻ തുടങ്ങിയവരാണ് കൂടുതലായി പരമ്പരയിൽ തിളങ്ങി നിന്നത്.

Previous article2023-24 ഹോം പരമ്പരകളും വേദികളും തീരുമാനിച്ച് ബിസിസിഐ. തിരുവന്തപുരത്ത് ടി20 പോരാട്ടം.
Next articleസ്റ്റോക്സും ജഡേജയുമല്ല, ചെന്നൈയുടെ ഭാവി നായകൻ ആ യുവതാരമായിരിക്കും. അമ്പാട്ടി റായുഡുവിന്റെ വെളിപ്പെടുത്തൽ.