സ്റ്റോക്സും ജഡേജയുമല്ല, ചെന്നൈയുടെ ഭാവി നായകൻ ആ യുവതാരമായിരിക്കും. അമ്പാട്ടി റായുഡുവിന്റെ വെളിപ്പെടുത്തൽ.

ചെന്നൈ സൂപ്പർ കിംഗ്സ് എന്ന ഐപിഎൽ ടീമിനെ ഇത്രയധികം ഉയരങ്ങളിലെത്തിച്ചതിൽ നായകൻ മഹേന്ദ്രസിംഗ് ധോണിയുടെ പങ്ക് ചെറുതല്ല. ടീമിന്റെ ബ്രാൻഡ് ഐക്കൺ എന്ന നിലയിലും നായകൻ എന്ന നിലയിലും ലോകത്താകമാനം ചെന്നൈ ടീമിന് ആരാധകരെ സൃഷ്ടിക്കാൻ ധോണി ഒരു വലിയ കാരണം തന്നെയാണ്.

എന്നാൽ തന്റെ കരിയറിന്റെ അവസാനഭാഗത്തിലാണ് ധോണി നിൽക്കുന്നത്. അതിനാൽ തന്നെ മഹേന്ദ്ര സിംഗ് ധോണിക്ക് പകരക്കാരനായി പുതിയൊരു നായകനെ കണ്ടെത്തേണ്ടത് ചെന്നൈ സൂപ്പർ കിംഗ്സിന്റെ ആവശ്യമാണ്. 2008 മുതൽ ടീമിനെ നയിക്കുന്ന ധോണിയ്ക്ക് പകരക്കാരനെ കണ്ടെത്തുക എന്നത് ചെന്നൈയെ സംബന്ധിച്ച് വലിയ വെല്ലുവിളി ഉയർത്തുന്നുണ്ട്.

എന്നിരുന്നാലും ഭാവിയിൽ ചെന്നൈ സൂപ്പർ കിംഗ്സ് ടീമിന്റെ നായകനാവാൻ സാധ്യതയുള്ള കളിക്കാരനെ പ്രവചിച്ചിരിക്കുകയാണ് മുൻ ചെന്നൈ താരം അമ്പട്ടി റായുഡു ഇപ്പോൾ.

2022ലെ മിനി ലേലത്തിൽ ചെന്നൈ വമ്പൻ തൂകയ്ക്ക് ഇംഗ്ലണ്ട് നായകൻ ബെൻ സ്റ്റോക്സിനെ സ്വന്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ബെൻ സ്റ്റോക്സിനെ ചെന്നൈ അടുത്ത നായകനാക്കും എന്ന രീതിയിൽ അഭ്യൂഹങ്ങൾ പരക്കുകയും ചെയ്തു. എന്നാൽ ഒരു കാരണവശാലും സ്റ്റോക്സ് ചെന്നൈയുടെ ഭാവി നായകനാവില്ല എന്നാണ് റായുഡുവിന്റെ പക്ഷം. റായുഡു ചെന്നൈ സൂപ്പർ കിംഗ്സിന്റെ നായകനായി പ്രവചിക്കുന്നത് യുവതാരം ഋതുരാജ് ഗൈക്കുവാഡിനെയാണ്.

“ഭാവിയെ പറ്റി പറയുമ്പോൾ ഋതുരാജിന് ഒരുപാട് മികച്ച അവസരങ്ങൾ ലഭിക്കുമെന്നാണ് ഞാൻ കരുതുന്നത്. ഒരു നായകനാവാനുള്ള ഗുണം ഋതുരാജിൽ ഉണ്ട്. അതുകൊണ്ടുതന്നെ ധോണി ഭായി പടിയിറങ്ങിയാലും 7-8 വർഷങ്ങൾ ടീമിനെ നയിക്കാൻ ഋതുരാജിന് സാധിക്കും. മാത്രമല്ല ധോണി ഭായിക്കും ഫെമിങ്ങിനും ഒപ്പം ചേർന്ന് പ്രവർത്തിക്കുമ്പോൾ അവന് കൂടുതൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ സാധിക്കുമെന്ന് ഞാൻ കരുതുന്നു. ഒരുപാട് കഴിവുകളുള്ള ക്രിക്കറ്റർ തന്നെയാണ് ഋതുരാജ്.”- അമ്പട്ടി റായുഡു പറയുന്നു.

ruturaj 2023 ipl

“ഋതുരാജിനെ ഏറ്റവും നന്നായി ഇന്ത്യൻ ടീം ഉപയോഗിക്കാൻ തയ്യാറാവണം. ഇപ്പോൾ അവർക്ക് അതിനു സാധിക്കുന്നുണ്ട് എന്നെനിക്ക് തോന്നുന്നില്ല. അവൻ എന്തുകൊണ്ടും ഇന്ത്യക്കായി എല്ലാ ഫോർമാറ്റിലും കളിക്കേണ്ട ക്രിക്കറ്റർ തന്നെയാണ്.”- അമ്പാട്ടി റായുഡു കൂട്ടിച്ചേർത്തു. മുൻപ് 2023ലെ ഐപിഎല്ലിന് ശേഷം മഹേന്ദ്രസിംഗ് ധോണി വിരമിക്കും എന്നായിരുന്നു അഭ്യൂഹങ്ങൾ പരന്നത്. എന്നാൽ 2024 സീസണിലും തനിക്ക് കളിക്കാൻ ആഗ്രഹമുണ്ട് എന്ന് ധോണി അറിയിച്ചിരുന്നു.

കഴിഞ്ഞ സീസണുകളിലൊക്കെയും ചെന്നൈ സൂപ്പർ കിംഗ്സിനായി മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ചവച്ച ക്രിക്കറ്ററാണ് ഋതുരാജ്. 2023 ഐപിഎല്ലിലും സിഎസ്കെയ്ക്കായി ഗംഭീര പ്രകടനമാണ് ഈ യുവതാരം കാഴ്ചവെച്ചത്. സീസണിൽ 16 മത്സരങ്ങളിൽ നിന്ന് 590 റൺസ് ഋതുരാജ് അടിച്ചു കൂട്ടുകയുണ്ടായി.

ചെന്നൈയുടെ കിരീടം നേട്ടത്തിൽ ഋതുരാജിന്റെ പങ്ക് വളരെ വലുതായിരുന്നു. വരും വർഷങ്ങളിലും ഈ യുവതാരം മികവ് പുലർത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. മാത്രമല്ല ഇന്ത്യയുടെ ഏഷ്യൻ ഗെയിംസിനായുള്ള ടീമിൽ നായകനായി ഇടംപിടിക്കാനും ഋതുരാജിന് സാധിച്ചിട്ടുണ്ട്. സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 8 വരെയാണ് ഏഷ്യൻ ഗെയിംസ് നടക്കുന്നത്.